എകെജി സെന്റര്‍ കൊലയാളികളുടെ ഒളിത്താവളം: കുമ്മനം

Sunday 18 February 2018 4:00 pm IST

ന്യൂദല്‍ഹി: കൊലയാളികളുടെ ഒളിത്താവളമായി തിരുവനന്തപുരത്തെ എകെജി സെന്റര്‍ മാറിയെന്നും സിപിഎമ്മിന്റെ സെല്‍ഫ് ഡിഫന്‍സ് സ്‌ക്വാഡാണ് കൊലകള്‍ നടത്തുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ശുഹൈബ് വധക്കേസില്‍ കീഴടങ്ങിയവര്‍ തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. രണ്ട് വര്‍ഷം മുന്‍പ് സിപിഎം സെല്‍ഫ് ഡിഫന്‍സ് സ്‌ക്വാഡ് രൂപീകരിച്ചശേഷം ആദ്യം നടന്ന കൊലപാതകമായിരുന്നു വിനീഷിന്റേത്. ആകാശ് തില്ലങ്കേരിയും രജിന്‍ രാജുമാണ് മട്ടന്നൂര്‍ ഏരിയയുടെ ചുമതല വഹിക്കുന്നത്. ബോംബേറും വീട് തകര്‍ക്കലും സംബന്ധിച്ച നിരവധി കേസുകളില്‍ ഇവര്‍ പ്രതികളാണ്. ഏറെനാളായി ശുഹൈബിനെ ലക്ഷ്യമിട്ട് കരുക്കള്‍ നീക്കി വരികയായിരുന്നു. പി. ജയരാജന്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം സമുന്നത സ്ഥാനമാണ് ഇവര്‍ക്ക് പാര്‍ട്ടിയിലുള്ളത്. 

 തിരുവനന്തപുരം എകെജി സെന്ററില്‍ പ്രതികളെ ഒളിവില്‍ താമസിപ്പിച്ചിരുന്നതായാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമൊക്കെ സ്ഥിരം സന്ദര്‍ശകരായ ഇവിടെ കൊലക്കേസ് പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.

കൊലക്ക് ശേഷം മറ്റൊരു കൊലക്കേസ് പ്രതികളെ പാര്‍ട്ടി നേതാക്കള്‍ ആനയിച്ച് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുന്നത് സംശയാസ്പദമാണ്. പ്രതികള്‍ക്ക് മുഖ്യമന്ത്രിയുമായും ജില്ലാ സെക്രട്ടറിയുമായും അടുത്ത ബന്ധമുണ്ടന്ന് തെളിഞ്ഞിട്ടുണ്ട്. ഉന്നത നേതാക്കളുടെ പങ്ക് വെളിപ്പെടുത്താന്‍ പൊലീസിന് സാധിക്കില്ലെന്നതിനാല്‍ കേസ് സിബിഐ അന്വേഷിക്കണമെന്നും കൊലപാതകം പാര്‍ട്ടി പരിപാടിയാക്കി മാറ്റിയ സിപിഎമ്മിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.