നമ്മുടെ പാരമ്പര്യ രീതിശാസ്ത്രം

Monday 19 February 2018 2:30 am IST
വൈവിദ്ധ്യം പ്രകൃതിയില്‍ സഹജമാണ്. ഡാര്‍വിന്റെ പരിണാമവാദം, എപ്പിജനറ്റിക്‌സ് തുടങ്ങിയ ആധുനികവസ്തുനിഷ്ഠശാസ്ത്രങ്ങള്‍ ഇതിനെ സമര്‍ത്ഥിക്കുന്നു

ഒരു ഏകകോശജീവിയില്‍ നിന്നും സങ്കീര്‍ണ്ണമായ മനുഷ്യനിലേക്കു സംഭവിച്ച സഹജമായ ജൈവപരിണാമം പോലെയാണ് നമ്മുടെ പാരമ്പര്യത്തിന്റെ പരിണാമവും. അതിനൊരു സൃഷ്ടികര്‍ത്താവുണ്ടായിരുന്നില്ല; മേല്‍നോട്ടക്കാരനുമുണ്ടായിരുന്നില്ല. ഈ പാരമ്പര്യത്തിലിഴ ചേര്‍ന്ന തത്ത്വചിന്തകളേയും ആചാരാനുഷ്ഠാനങ്ങളെയും പഠിക്കാനും വേണ്ടതരത്തില്‍ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും നമ്മുടെ പൂര്‍വികര്‍  ഇത്തരം ഒരു ശാസ്ത്രീയ സമീപനത്തിനു പണ്ടേ രൂപം കൊടുത്തിരുന്നു. ഇന്നാട്ടിലുടനീളം ഗരുകുലങ്ങള്‍ ഉണ്ടായിരുന്നു. സര്‍വകലാശാലകള്‍ ഉണ്ടായിരുന്നു. നളന്ദാ, തക്ഷശിലാ എന്നിവ പ്രസിദ്ധങ്ങളാണ്. ഇവ കൂടാതെ ബീഹാറിലെ ഓദന്തപുരി, വിക്രമശില, ബംഗ്ലാദേശിലെ സോമപുരം, ബംഗാളിലെ ജഗദ്ദല, ആന്ധ്രയിലെ നാഗാര്‍ജുനകൊണ്ഡ, കാശ്മീരിലെ ശാരദാപീഠം, ഗുജറാത്തിലെ വലഭി, ഉത്തര്‍പ്രദേശിലെ വാരാണസി, തമിഴ്‌നാട്ടിലെ കാഞ്ചീപുരം, കര്‍ണ്ണാടകത്തിലെ മാന്യഖേട, ഒറീസ്സയിലെ പുഷ്പഗിരി, രത്‌നഗിരി, കേരളത്തിലെ മൂഴിക്കുളം മുതലായ ശാലകള്‍, ശ്രീലങ്കയിലെ സുനേത്ര ദേവീ പിരിവേന മുതലായ വിദ്യാപീഠങ്ങള്‍ വേറെയും ഇവിടെ ഉണ്ടായിരുന്നു. ഇവിടെയെല്ലാം നമ്മുടെ പാരമ്പര്യത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്തുകൊണ്ടുള്ള പാഠ്യപദ്ധതികളാണ് ആവിഷ്‌കരിച്ചിരുന്നത്. 

വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ ശാസ്ത്രങ്ങളും അവയും ആചാരാനുഷ്ഠാനങ്ങളും തമ്മിലുള്ള ബന്ധവുമെല്ലാം ആ പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നു. അതുകൊണ്ട് മുന്‍തലമുറകള്‍ക്ക് പാരമ്പര്യത്തിന്റെ സങ്കീര്‍ണ്ണത ഒരു പ്രശ്‌നമായിരുന്നില്ല, വൈവിദ്ധ്യങ്ങളെ വൈരുദ്ധ്യങ്ങളായി അവര്‍ക്കു തോന്നിയിരുന്നില്ല. നമ്മുടെ വിവിധതരം ദര്‍ശനങ്ങള്‍, വിശ്വാസപദ്ധതികള്‍, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയുടെ കുത്തും കോമയും മറ്റും എവിടെയെല്ലാം എന്ന് അവര്‍ക്ക് കൃത്യമായ അറിവുണ്ടായിരുന്നു. പ്രൊഫ: ബിനോയ് കുമാര്‍ സര്‍ക്കാര്‍ എം.എ തന്റെ പെഡഗോഗി ഓഫ് ദി ഹിന്ദൂസ് (1912) എന്ന പുസ്തകത്തില്‍ ഇതേപ്പറ്റി പറയുന്നതു ശ്രദ്ധേയമാണ്- ക്രമീകൃതവും സങ്കീര്‍ണ്ണവുമായ ഇന്ത്യന്‍ സംസ്‌കാരം വിവിധ കാലഘട്ടങ്ങളുടെ ആവശ്യാനുസൃതം സ്വതന്ത്രമായി രൂപപ്പെട്ട ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഫലമാണ്. മാത്രമല്ല, അദ്ദേഹം സമര്‍ത്ഥിക്കുന്നു : വിവിധ കാലങ്ങളിലേയും മേഖലകളിലേയും ജനതയുടെ ആവശ്യാനുസൃതമാണ് എണ്ണമറ്റ പുരാണങ്ങള്‍, സംഹിതകള്‍, തന്ത്രങ്ങള്‍ എന്നിവ ഉദയം കൊണ്ടത് എന്ന് അല്ലാതെങ്ങനെയാണ് കണക്കാക്കാനാവുക? അതിനുള്ള കാരണം മനശ്ശാസ്ത്ര- സാമൂഹ്യശാസ്ത്ര സിദ്ധാന്തങ്ങളുടെ മേലുള്ള അവരുടെ പ്രാവീണ്യമാണ്; അത്തരം സാമൂഹ്യ നേതാക്കള്‍ ഒരിക്കലും അന്ധവിശ്വാസങ്ങള്‍, യാന്ത്രികമായ ആചാരങ്ങളും ചടങ്ങുകളും, വിവിധ വ്രതാനുഷ്ഠാനങ്ങളുടെ വിഭിന്നമായ ആചരണങ്ങളും പ്രയോഗങ്ങളും, രാജ്യത്തു  നിന്നും ലഭിക്കുന്ന പുരാവൃത്തപരമായ ധാരണകള്‍ എന്നിവയൊന്നും അവഗണിച്ചിരുന്നില്ല, എന്നാല്‍ അതിനേക്കാളുപരി ഭൂമിശാസ്ത്രപരവും ചരിത്രപരവുമായി വ്യത്യസ്തമായ ജനങ്ങളുടെ സാഹചര്യങ്ങള്‍ക്കനുസൃതമായ വ്യത്യസ്തരായ മനുഷ്യന്റെ അന്തിമവിധിയുടെ ശാസ്ത്രം, വ്യത്യസ്തമായ ഒരു പുരാവൃത്തം, വ്യത്യസ്തമായൊരു മതസമ്പ്രദായം എന്നിവയുടെ വളര്‍ച്ചയും വികാസവും പ്രോത്സാഹിപ്പിച്ചിരുന്നു.

നിര്‍ഭാഗ്യമെന്നു പറയട്ടെ ആയിരത്തിലധികം വര്‍ഷത്തെ അടിമത്തം നമ്മെ പലതരത്തില്‍ തളര്‍ത്തുകയും പിളര്‍ത്തുകയും ചെയ്തു. ബ്രിട്ടീഷുകാരാകട്ടെ ആസൂത്രിതമായി നമ്മുടെ ശാസ്ത്ര-സാങ്കേതിക- ചെറുകിട, വന്‍കിടവ്യവസായ-കാര്‍ഷിക പാരമ്പര്യങ്ങളെ വേരോടെ പിഴുതുമാറ്റി. ഇവിടെ അവശേഷിച്ചിരുന്ന സാമൂഹ്യസമരസതയുടെ കീഴ്‌വഴക്കങ്ങളെ ഇല്ലാതാക്കി. അതോടൊപ്പം മേല്‍പ്പറഞ്ഞ വിദ്യാഭ്യാസപാരമ്പര്യത്തെയും നശിപ്പിച്ചു. ആ സുന്ദരവൃക്ഷത്തിന്റെ കടക്കല്‍ കത്തിവെച്ചു എന്നാണ് മഹാത്മാ ഗാന്ധി ഇതേപ്പറ്റി പറഞ്ഞത്. ഇതിന്റെ വസ്തുനിഷ്ഠമായ വിവരണം ധരംപാല്‍ എഴുതിയ ദി ബ്യൂട്ടിഫുള്‍ ട്രീ എന്ന പുസ്തകത്തില്‍ കാണാം. 

 ആ പൂര്‍വികസമീപനം എന്താണ് ? ആ രീതിശാസ്ത്രം എന്താണ്? ഏകം സത്. വിപ്രാ ബഹുധാ വദന്തി (സത്യം ഒന്ന്. വിദ്വാന്മാര്‍ പല തരത്തില്‍ അവതരിപ്പിക്കുന്നു), രുചീനാം വൈചിത്ര്യാല്‍ ഋജുകുടിലനാനാപഥജുഷാം നൃണാം ഏകോ ഗമ്യസ്ത്വമസി പയസാമര്‍ണ്ണവ ഇവ (അഭിരുചി അഥവാ താല്‍പ്പര്യത്തിലെ വ്യത്യാസം മൂലം നേര്‍വഴിയിലൂടെയോ വളഞ്ഞവഴിയിലൂടെയോ മനുഷ്യര്‍- പുഴകള്‍ വളഞ്ഞും പുളഞ്ഞും കടലിലെത്തുന്നതുപോലെ-എത്തുന്നതു നിന്നില്‍ത്തന്നെ), ഭിന്നരുചിര്‍ഹി ലോകാ: (മാലോകരുടെ അഭിരുചി ഓരോരോ തരത്തിലാണ്)  എന്നീ മഹദ് വചനങ്ങള്‍ സൂചിപ്പിക്കുന്നത് ഈ സമീപനത്തെയാണ്്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വൈവിദ്ധ്യാന്തര്‍ഗത ഏകാത്മതാദര്‍ശനവും യോഗ്യതാസിദ്ധാന്തവും ആണ് നമ്മുടെ പൂര്‍വികരുടെ രീതിശാസ്ത്രത്തിന്റെ അടിസ്ഥാന ഉപകരണങ്ങള്‍. അവ്യവസ്ഥ യില്‍ വ്യവസ്ഥ അന്തര്‍ലീനമാണെന്ന യാഥാര്‍ത്ഥ്യത്തെയാണ് സങ്കീര്‍ണ്ണതാശാസ്ത്രം പ്രശ്‌നനിര്‍ദ്ധാരണത്തിന് ഉപയോഗപ്പെടുത്തുന്നത് എന്നു മുകളില്‍ സൂചിപ്പിച്ചു. നമ്മുടെ പൗരാണിക സമീപനവും ഇതും തമ്മിലുള്ള സാമ്യം വ്യക്തമല്ലേ. ഇവ തന്നെയാണ് ഈ ലേഖനത്തിലും ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

വൈവിദ്ധ്യം പ്രകൃതിയില്‍ സഹജമാണ്. ഡാര്‍വിന്റെ പരിണാമവാദം, എപ്പിജനറ്റിക്‌സ് തുടങ്ങിയ ആധുനികവസ്തുനിഷ്ഠശാസ്ത്രങ്ങള്‍ ഇതിനെ സമര്‍ത്ഥിക്കുന്നുണ്ട്. പക്ഷേ അതിനുള്ള കാരണം കണ്ടെത്താനും വിശദീകരിക്കാനും അവയ്ക്കിനിയും കഴിഞ്ഞിട്ടില്ല. ഹിന്ദു ദാര്‍ശനികര്‍ തങ്ങളുടെ ഏകാത്മദര്‍ശനത്തില്‍ അതിന്റെ വേരുകള്‍ കണ്ടെത്തി. സാമൂഹ്യസമരസതയുടെ യഥാര്‍ത്ഥനിദാനവും ഇതിലവര്‍ ദര്‍ശിച്ചു. ഏകാത്മത കൂടുന്തോറും വൈരുദ്ധ്യം വൈവിദ്ധ്യമായി മാറും എന്നുമവര്‍ യുക്തിയുടെയും അനുഭവത്തിന്റെയും വെളിച്ചത്തില്‍ (ഇതാണല്ലോ ശാസ്ത്രരീതി) സമര്‍ത്ഥിച്ചു, തെളിയിച്ചു. ഈ വിഷയത്തെപ്പറ്റി നമുക്ക് ഹിന്ദു ആദ്ധ്യാത്മികതയെക്കുറിച്ചുള്ള വിശദീകരണത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യാം. 

ഇത്രയും ഇവിടെ പറഞ്ഞത് സെമിറ്റിക് മതങ്ങളുടെയും മാര്‍ക്‌സിയന്‍ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെയും ഏകരൂപതയിലൂന്നിയ ഏകത എന്ന നിലപാടിന്റെ നിരര്‍ത്ഥകത ചൂണ്ടിക്കാണിക്കാനാണ്. അബ്രഹാമിക് മതങ്ങളിലോരോന്നിലും കാലം കഴിയുന്തോറും പരസ്പരം കൊടും ശത്രുതയാര്‍ന്ന അനേകം ഉള്‍പ്പിരിവുകള്‍ പ്രത്യക്ഷപ്പെടുന്നതു നാം കാണുന്നു. റഷ്യന്‍ കമ്മ്യൂണിസമല്ലല്ലോ ചൈനീസ്‌കമ്മ്യൂണിസം. ഗ്രാംഷി പറയുന്നതല്ല ചോംസ്‌കിയുടെ ഭാഷ്യം! അതുപോലെ അമേരിക്കന്‍, ജര്‍മ്മന്‍, ഫ്രഞ്ചു വിപ്ലവങ്ങളും അക്കാലത്തെ സാഹിത്യങ്ങളും കലകളും മാനവികതയെ ഉദ്‌ഘോഷിക്കുന്നതാണെന്നും മഹത്തരങ്ങളാണെന്നും അനുകരണീയങ്ങളാണെന്നും മറ്റും ഇവിടെ ചിലര്‍ ഇപ്പോഴും പറഞ്ഞു നടക്കുന്നുണ്ട്. സത്യത്തില്‍ അവയും തികച്ചും അശാസ്ത്രീയമായ, പ്രപഞ്ചപ്രകൃതിക്കു വിരുദ്ധമായ, ഏകരൂപതയിലൂന്നിയ ഏകതയെയാണ് പ്രമാണമാക്കുന്നത് എന്നു കാണാം. 

(തുടരും..)   

    നാളെ: ആരാണ് വനവാസി? ആരാണ് ഹിന്ദു?    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.