കുരീപ്പുഴ ആദ്യം ഹൈന്ദവ സംസ്‌കാരം പഠിക്കട്ടെ

Monday 19 February 2018 2:30 am IST

എല്ലാ സംസ്‌കാരങ്ങളേയും ആദരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്ത പാരമ്പര്യമാണ് ഭാരതത്തിലെ എഴുത്തുകാരുടേത്. ഏതു കാര്യത്തിലും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുള്ള നാടാണ് നമ്മുടേത് എന്നുകരുതി എന്തും പറയാന്‍ അവകാശമുണ്ടെന്ന് അര്‍ത്ഥമാക്കേണ്ടതില്ല. 

അഭിപ്രായങ്ങള്‍ തുറന്നടിക്കുമ്പോള്‍ അത് അവനവനെ മാത്രം മുന്നില്‍ കണ്ടാവാന്‍ പാടില്ല.  അതു കേള്‍ക്കുന്നവരുടെ മനസ്സിനെക്കൂടി കണക്കിലെടുക്കുന്നതാണ് മാന്യത. 

കുരീപ്പുഴ ശ്രീകുമാറിന്റെ അഭിപ്രായ പ്രകടനങ്ങളും പ്രസംഗങ്ങളും കേള്‍ക്കുമ്പോഴാണ് ഇങ്ങനെ ചിന്തിക്കേണ്ടി വരുന്നത്.  ഹിന്ദുമതത്തെ പ്രസംഗങ്ങളിലൂടെ കവി അവഹേളിക്കുന്നതായി ആരെങ്കിലും പറഞ്ഞാല്‍ തെറ്റാവില്ല.  ഹിന്ദുമതത്തെ ഏറ്റവും വിഷലിപ്തമായ മതം എന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. താമരപ്പൂവില്‍ കുടികൊള്ളുന്ന സരസ്വതി ദേവിേയയും, നാഗശായിയായ മഹാവിഷ്ണുവിനേയും മറ്റ് ഈശ്വര സങ്കല്‍പങ്ങളേയും കാണുന്നതും പറയുന്നതും പുച്ഛത്തോടെയാണ്.

'മഹാകവി' ഒന്നു മനസ്സിലാക്കണം. അങ്ങയെപ്പോലെ അഭിപ്രായമുള്ളവര്‍ വേറെയും കാണുമെങ്കിലും അതിന്റെ ആയിരക്കണക്കിന് ഇരട്ടി ആളുകള്‍ സരസ്വതി ദേവിയേയും മഹാവിഷ്ണുവിനേയുമൊക്കെ ആരാധിച്ച് പൂജിക്കുന്നവരാണ്.  കാഴ്ചപ്പാടുകളുടെ വ്യത്യാസമാണ് ഭിന്നാഭിപ്രായങ്ങള്‍ക്ക് കാരണം.  ദേവതകളുടെ വൈദിക സങ്കല്‍പ്പത്തെക്കുറിച്ച് മനസ്സിലാക്കിയാല്‍ ആരാധനയിലും അഭിപ്രായങ്ങളിലും പ്രകടമായ വ്യത്യാസം ഉണ്ടാകും.  അബദ്ധധാരണകള്‍ തിരുത്തുവാനും കഴിയും.

ഹിന്ദു എന്ന പദം മതത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുക്കാന്‍ കഴിയുന്ന ഒന്നല്ല.  വിശാലമായ സംസ്‌കാരമാണത്. അതിനെക്കുറിച്ച് അറിയാതെയും പഠിക്കാതെയും  അഭിപ്രായങ്ങള്‍ പറയരുത്.  കൈയ്യടി കിട്ടാനും ശ്രദ്ധ പിടിച്ചുപറ്റാനുമാണെങ്കില്‍ ഏതു കാര്യത്തിലും എങ്ങനെയും പറയാം.  ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം മതങ്ങളില്‍ അന്തര്‍ലീനമായ സംസ്‌കാരം നന്മയുടേതാണ്. അത് പരിഹസിക്കപ്പെടാനുള്ളതല്ല.

രാധാകൃഷ്ണന്‍ നമ്പൂതിരി,​ 

ചക്കുളത്തുകാവ് മുഖ്യകാര്യദര്‍ശി

ആമി-വികലമായ സിനിമ

 

എഴുത്തിലും ജീവിതത്തിലും വിവാദങ്ങള്‍ സൃഷ്ടിച്ച ഒരു എഴുത്തുകാരിയെ ശരിയാം വണ്ണം ചിത്രീകരിക്കാന്‍ 'ആമി' യുടെ സംവിധായകന് കഴിഞ്ഞില്ല. 

ഒന്‍പതു വയസ്സുള്ള കമലയില്‍നിന്ന് മരണക്കിടക്കയിലെ സുരയ്യ വരെയുള്ള  മാധവിക്കുട്ടിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ ഉള്‍ക്കൊള്ളിക്കാനുള്ള വ്യഥാ ശ്രമം സിനിമയില്‍ കാണാം. നാലപ്പാടനും ബാലാമണിയമ്മയും ചങ്ങമ്പുഴയും ബാലചന്ദ്രന്‍ ചുള്ളിക്കാടുമൊക്കെ സിനിമയില്‍ നേരിട്ടെത്തുമ്പോള്‍ അബ്ദുള്‍ സമദ് സമദാനി മാത്രം ഗസല്‍ ഗായകനായ അക്ബറായി പ്രത്യക്ഷപ്പെടുന്നു! ഇസ്ലാമിലെ നാലു വിവാഹങ്ങള്‍ ഉദ്‌ഘോഷിക്കാനും ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കാനുമുള്ള വിഫലശ്രമം  സിനിമയില്‍ കാണാം.

ആദ്യമൊക്കെ യഥാര്‍ത്ഥ്യം, ഒടുക്കം ഭാവനയെന്നതാണ് വാഴ്ത്തുപാട്ട്. മഞ്ജു വാരിയര്‍ക്ക് ഇതൊരു പാഠമാണ്. കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ. ശരീരം മുഴുവനും മേക്കപ്പ് പാഡുകള്‍ കെട്ടിവച്ചുള്ള ഇരിപ്പും നടപ്പും അരോചകമാണ്. ഇടക്കിടയ്ക്കുള്ള അട്ടഹാസം. അതു മാധവിക്കുട്ടിയുടേതു തന്നെയോ എന്ന സംശയം സ്വാഭാവികം.

ചിത്രത്തില്‍ ഉടനീളം പ്രത്യക്ഷപ്പെടുന്ന ടോവിനോ തോമസ് എന്ന ശീകൃഷ്ണന്‍ അല്‍പം  ആശ്വാസമാണ്.  പക്ഷേ കമലയുടെ കൃഷ്ണന്‍ താടിക്കാരനായിരുന്നുവെന്ന കാര്യം ചിത്രം കണ്ടപ്പോഴാണ് ബോധ്യമാകുന്നത്. പഴയകാല വിഭ്രമങ്ങള്‍ പുനരാവിഷ്‌കരിക്കുമ്പോള്‍ പുതിയ ട്രെന്റും ഉള്‍പ്പെടുത്തണമല്ലോ?

ഇടക്കിടെ മാനസിക വിഭ്രമത്തില്‍ ഇടറിവീഴുന്ന ഒരു എഴുത്തുകാരിയുടെ അവസാന നാളുകളെ ദുരിതപൂര്‍ണ്ണമാക്കിയ ദുഷ്പ്രവൃത്തിയെ മഹത്വവര്‍ക്കരിക്കാനുള്ള പാഴ്ശ്രമം മലയാളി മനസ്സിലെ അവരെപ്പറ്റിയുള്ള ഓര്‍മ്മകള്‍ക്ക് തെളിച്ചം മങ്ങിയിട്ടു മതിയായിരുന്നു.

കെ.എ. സോളമന്‍, 

എസ്.എല്‍.പുരം, ആലപ്പുഴ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.