ഗുജറാത്തില്‍ ജാതി; മേഘാലയയില്‍ മതവര്‍ഗ്ഗീയത

Monday 19 February 2018 2:50 am IST
75 ശതമാനത്തിലേറെ ക്രൈസ്തവരുള്ള സംസ്ഥാനത്ത് ഗാരോ വിഭാഗത്തിലെയും സ്ഥിതി വ്യത്യസ്തമല്ല. പ്രകൃതിയില്‍ ദൈവത്തെ ദര്‍ശിച്ചിരുന്ന ഗാരോയിലെ ഗോത്രവിശ്വാസം സംഘടിത മതത്തിന്റെ പ്രലോഭനത്തിന് മുന്നില്‍ വഴിമാറിയതിന് ഒന്നരനൂറ്റാണ്ട് പഴക്കമുണ്ട്. നോര്‍ത്ത് ഗാരോ ഹില്‍ ജില്ലയിലെ രാജസിംല ഗ്രാമത്തിലെ ബാപ്റ്റിസ്റ്റ് പള്ളി ഈ ചരിത്രത്തിലേക്കാണ് നമ്മളെ കൂട്ടിക്കൊണ്ട് പോകുന്നത്.

''ഗാരോ ഹില്‍സിലാണ് ശരിക്കും പോരാട്ടം. ഉറപ്പായും പോകണം''. രാഷ്ട്രീയ പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടിക്കാഴ്ച നടത്തുന്ന പൈന്‍ വുഡ് ഹോട്ടലില്‍വെച്ച് കണ്ടപ്പോള്‍ ഷില്ലോംഗ് ടൈംസിലെ മലയാളിയായ മാധ്യമപ്രവര്‍ത്തകന്‍ ജോസ് പറഞ്ഞു. മുഖ്യമന്ത്രി മുകുള്‍ സാംഗ്മയുടെ മണ്ഡലവും പ്രധാന പ്രാദേശിക പാര്‍ട്ടിയായ എന്‍പിപിയുടെ ഹോം ഗ്രൗണ്ടുമാണ് ഗാരോ ഹില്‍സ്. 24 സീറ്റുകളുള്ള ഇവിടെ ബിജെപിക്കും വലിയ പ്രതീക്ഷയുണ്ട്.  അദ്ദേഹം വിശദീകരിച്ചു. ഗോത്രവിഭാഗങ്ങളുടെ പേരിലറിയപ്പെടുന്ന ഖാസി ഹില്‍സ്, ജയന്തിയ ഹില്‍സ്, ഗാരോ ഹില്‍സ് എന്നിവയടങ്ങിയതാണ് മേഘാലയ. ആകെയുള്ള അറുപതില്‍ 29 സീറ്റ് ഖാസി ഹില്‍സിലാണെങ്കിലും ശക്തമായ മത്സരം നടക്കുന്ന ഗാരോയില്‍ മുന്നിലെത്തുന്നവര്‍ ഭരണം പിടിക്കുമെന്നാണ് സംസാരം. 

 75 ശതമാനത്തിലേറെ ക്രൈസ്തവരുള്ള സംസ്ഥാനത്ത് ഗാരോ വിഭാഗത്തിലെയും സ്ഥിതി വ്യത്യസ്തമല്ല. പ്രകൃതിയില്‍ ദൈവത്തെ ദര്‍ശിച്ചിരുന്ന ഗാരോയിലെ ഗോത്രവിശ്വാസം സംഘടിത മതത്തിന്റെ പ്രലോഭനത്തിന് മുന്നില്‍ വഴിമാറിയതിന് ഒന്നരനൂറ്റാണ്ട് പഴക്കമുണ്ട്. നോര്‍ത്ത് ഗാരോ ഹില്‍ ജില്ലയിലെ രാജസിംല ഗ്രാമത്തിലെ ബാപ്റ്റിസ്റ്റ് പള്ളി ഈ ചരിത്രത്തിലേക്കാണ് നമ്മളെ കൂട്ടിക്കൊണ്ട് പോകുന്നത്. പള്ളിക്ക് ചുറ്റുവട്ടത്തായുള്ള പ്രദേശങ്ങളിലാണ് 1867ല്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച് ആദ്യമെത്തിയത്. ബ്രിട്ടീഷ് സൈന്യത്തില്‍ സുബേദാറായിരുന്ന ഒമെഡ് മോമിന്‍, മരുമകന്‍ റംകെ മോമിന്‍ എന്നിവരെ വിദേശ പാതിരിമാര്‍ ആദ്യം മതംമാറ്റി. ഇവരിലൂടെ 37 പേരെക്കൂടി മതംമാറ്റിയതോടെ ഗാരോ വിഭാഗത്തിലെ ക്രൈസ്തവീകരണം ഊര്‍ജ്ജിതമായി. തുടക്കത്തില്‍ മതംമാറിയ ഇവരുടെ പേരുകള്‍ പള്ളിക്ക് സമീപത്തായുള്ള സ്മാരകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അധികമകലെയല്ലാതെ അന്ന് ജ്ഞാനസ്‌നാനം ചെയ്തിരുന്ന റോംഗ്കില്‍ പുഴ ഇപ്പോഴും ഒഴുകുന്നു. ഇന്നിപ്പോള്‍ മൂന്ന് ലക്ഷത്തിലേറെ ഗാരോകള്‍ ബാപ്റ്റിസ്റ്റ് വിശ്വാസികളാണ്. റോമന്‍ കത്തോലിക് ചര്‍ച്ച്, പ്രിസ്ബിറ്റീരിയന്‍ ചര്‍ച്ച് എന്നിവ കഴിഞ്ഞാല്‍ സംസ്ഥാനത്ത് മൂന്നാമത്തെ വലിയ ക്രൈസ്തവ വിഭാഗമാണ് ബാപ്റ്റിസ്റ്റ് ചര്‍ച്ചെന്ന് പാസ്റ്റര്‍ മരാക് പറഞ്ഞു. 

ബാപ്റ്റിസ്റ്റ് ചര്‍ച്ച് ഗാരോയിലെത്തിയതിന്റെ 150ാം വാര്‍ഷികമായിരുന്നു ഇത്തവണ. ആഘോഷത്തിനായി ദക്ഷിണാഫ്രിക്കയിലെ മതമേധാവി റവ. പോള്‍ സിസായെ ക്ഷണിച്ചെങ്കിലും ഇന്ത്യയിലേക്കുള്ള വിസ ലഭിച്ചില്ല. ഭരണവിരുദ്ധ വികാരത്തില്‍ ആടിയുലഞ്ഞിരുന്ന കോണ്‍ഗ്രസ്സിന് ഇത് വീണുകിട്ടിയ അവസരമായി. ഹിന്ദുത്വ പാര്‍ട്ടിയായ ബിജെപിയും കേന്ദ്ര സര്‍ക്കാരും മനപ്പൂര്‍വ്വം വിസ നിഷേധിച്ചതായി കോണ്‍ഗ്രസ് വര്‍ഗ്ഗീയ പ്രചാരണം നടത്തി. പാര്‍ട്ടിയോ  സര്‍ക്കാരോ ഇടപെട്ടിട്ടില്ലെന്നും നിയമപരമായുള്ള നടപടികള്‍ മാത്രമാണുണ്ടായതെന്നും ബിജെപി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്യേന്ദ്ര ത്രിപാഠി 'ജന്മഭൂമി'യോട് പറഞ്ഞു. ടൂറിസ്റ്റ് വിസക്കാണ് സിസ അപേക്ഷിച്ചത്. ദിവസവും നൂറ് കണക്കിനാളുകള്‍ക്ക് ഇത്തരത്തില്‍ വിസ നിഷേധിക്കപ്പെടുന്നുണ്ട്. കോണ്‍ഗ്രസ് അനാവശ്യ പ്രചാരണം നത്തുകയാണ്. അദ്ദേഹം വ്യക്തമാക്കി. തുടക്കത്തില്‍ ആളിക്കത്തിയ വിവാദം എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കെട്ടടങ്ങി. 

വിഷം തുപ്പുന്ന നേതാക്കള്‍

ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനമെന്നതിനാല്‍ സ്വാഭാവികമായും ക്രിസ്ത്യന്‍ നേതാക്കളെ കോണ്‍ഗ്രസ്സും ബിജെപിയും മേഘാലയയില്‍ ഇറക്കിയിട്ടുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, കെ.സി. ജോസഫ്, ആന്റോ ആന്റണി, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവര്‍ പ്രചാരണത്തിനെത്തി. കോണ്‍ഗ്രസ് ദേശീയ വക്താവ് ടോം വടക്കന്‍ ദിവസങ്ങളായി സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെയാണ് ബിജെപി തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിച്ചത്. പ്രൊഫ.റിച്ചാര്‍ഡ് ഹെയ് എംപിയും പ്രചാരണങ്ങളില്‍ പാര്‍ട്ടിയുടെ മുഖമായി. 

ഗുജറാത്തില്‍ ജാതി ധ്രുവീകരണത്തെയാണ് ആശ്രയിച്ചതെങ്കില്‍ മേഘാലയയില്‍ ക്രിസ്ത്യന്‍ വര്‍ഗ്ഗീയതയാണ് കോണ്‍ഗ്രസ്സിന്റെ ആയുധം. ഭരണവിരുദ്ധ വികാരം ശക്തമായതും ബിജെപിയുടെ മുന്നേറ്റവുമാണ് വര്‍ഗ്ഗീയ വിഷം തുപ്പാന്‍ കോണ്‍ഗ്രസ്സിനെ പ്രേരിപ്പിക്കുന്നത്. ബിജെപിയോ എന്‍പിപിയോ സംസ്ഥാനം ഭരിച്ചാല്‍ ക്രൈസ്തവര്‍ തുടച്ചു നീക്കപ്പെടുമെന്നാണ് സൗത്ത് തുറയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗ്രിതല്‍സണ്‍ അരംഗ് പ്രസംഗിച്ചത്. ബിജെപിയെ പിന്തുണക്കുന്ന പ്രാദേശിക പാര്‍ട്ടികള്‍ യൂദാസുമാരാണെന്നും അവര്‍ അധികാരത്തിനായി ആത്മാവും ശരീരവും ചെകുത്താന് പണയം വെച്ചുവെന്നും ബൈബിള്‍ വചനങ്ങള്‍ കടമെടുത്ത് ടോം വടക്കന്‍ ആരോപിച്ചു. വിഷലിപ്തമായ പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുന്നത്. 

 കോണ്‍ഗ്രസ്സിന്റെ നിരാശയാണ് ഇത്തരം പ്രചാരണങ്ങളിലൂടെ വ്യക്തമാകുന്നതെന്ന് ബിജെപി ദേശീയ വക്താവ് നളിന്‍ കോലി തിരിച്ചടിച്ചു. രാജ്യത്ത് ബിജെപിയോ എന്‍ഡിഎയോ ഭരിക്കുന്ന 19 സംസ്ഥാനങ്ങളുണ്ട്. ഇവിടങ്ങളില്‍ ക്രൈസ്തവര്‍ക്ക് എന്താണ് സംഭവിച്ചിട്ടുള്ളത്. അഴിമതിയും ഭരണ പരാജയവും മറച്ചുവെക്കാനാണ് കോണ്‍ഗ്രസ്സിന്റെ ശ്രമം. അദ്ദേഹം പറഞ്ഞു. നാഗാലാന്‍ഡില്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച് ബിജെപിയെ തുറന്നെതിര്‍ക്കുന്നുണ്ടെങ്കിലും മേഘാലയയില്‍ പരസ്യമായ നിലപാടെടുത്തിട്ടില്ല. കണക്ക് സമര്‍പ്പിക്കാത്ത എന്‍ജിഒകളുടെ വിദേശ ഫണ്ടിനുള്ള അനുമതികള്‍ വ്യാപകമായി റദ്ദാക്കപ്പെട്ടത് സഭാ നേതൃത്വത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്തും വിഷയത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. ക്രൈസ്തവ സമൂഹത്തില്‍ സ്വന്തം നിലയ്ക്ക് പ്രവര്‍ത്തകരെ സംഘടിപ്പിക്കാനാണ് ബിജെപി ഊന്നല്‍ നല്‍കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.