അമേരിക്കയിലെ റഷ്യന്‍ ഇടപെടല്‍ നിര്‍ണായക കണ്ടെത്തലുകളുമായി അന്വേഷണ കമ്മീഷന്‍

Monday 19 February 2018 2:50 am IST

വാഷിങ്ടണ്‍: അമേരിക്കയിലെ പൊതു തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കാന്‍ റഷ്യ ഇടപെട്ടു എന്ന ആരോപണത്തില്‍ അന്വേഷണം വഴിത്തിരിവില്‍. ആരോപണം അന്വേഷിക്കാന്‍ നിയോഗിച്ച റോബര്‍ട്ട് മുള്ളര്‍ കമ്മീഷന്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ട പ്രധാനപ്പെട്ട പതിമൂന്ന് റഷ്യക്കാരുടെ പട്ടിക താറാക്കിയതായി റിപ്പോര്‍ട്ട്. ഇവര്‍ ചെയ്ത കുറ്റങ്ങളും തെളിവുകളും അടക്കമുള്ള അന്വേഷണ റിപ്പോര്‍ട്ട് അധികം വൈകാതെ സമര്‍പ്പിക്കും എന്നാണ് സൂചന. 

ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണിന്റെ സാധ്യതകളെ തകര്‍ക്കുന്ന തരത്തിലുള്ള സൈബര്‍ പ്രചരണത്തിന് റഷ്യന്‍ ഭരണകൂടത്തിന്റെ സഹായത്തോടെ പതിമൂന്നു പേര്‍ നേതൃത്വം നല്‍കി എന്നാണ് റോബര്‍ട്ട് മുള്ളര്‍ കണ്ടെത്തിയിരിക്കുന്നത്. 

സെപ്തംമ്പര്‍ 13ലെ ഭീകരാക്രമണത്തോളം ഗുരുതരം എന്ന് സിഐഎ മുന്‍ ഡയറക്ടര്‍ ജനറല്‍ മൈക്കിള്‍ ഹൈഡന്‍ വിശേഷിപ്പിച്ച റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. 

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഔദ്യോഗിക ഷെഫ് യെവ്ഗനി പ്രിയോഴിന്‍ അടക്കമുള്ള പതിമൂന്നു പേരും മൂന്നു റഷ്യന്‍ കമ്പനികളുമാണ് റോബര്‍ട്ട് മുള്ളറിന്റെ 37 പേജുള്ള ആദ്യ റിപ്പോര്‍ട്ടിലുള്ളത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കാനും ഹിലരി ക്ലിന്റണെ പരാജയപ്പെടുത്താനും ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായി എന്നു വ്യക്തമായി റോബര്‍ട്ട് മുള്ളര്‍ കണ്ടെത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പു പ്രചരണ റാലികളില്‍ ഹിലരി വിരുദ്ധ ദൃശ്യങ്ങള്‍ അവതരിപ്പിക്കാന്‍ റഷ്യന്‍ ഏജന്റുമാര്‍ പണം നല്‍കിയ സംഭവങ്ങള്‍ വരെയുണ്ടായി എന്നാണ് കണ്ടെത്തല്‍. ഈ കണ്ടെത്തലുകളുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്ന മട്ടിലാണ് ട്രംപിന്റെ വിശദീകരണം. അമേരിക്കന്‍ വിരുദ്ധ പ്രചാരണം റഷ്യ ആരംഭിച്ചത് 2014ല്‍ ആണെന്നും അന്നു താന്‍ സ്ഥാനാര്‍ഥി അല്ലെന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്തത്. 

റോബര്‍ട്ട് മുള്ളറിന്റെ കണ്ടെത്തലുകളെ റഷ്യയും തള്ളി. അതു വെറും ഭാവന മാത്രമാണെന്നും യാഥാര്‍ഥ്യവുമായി പുലബന്ധമില്ലെന്നും റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ് പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടു എന്നത് ഉറപ്പാണെന്നാണ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് എച്ച്ആര്‍ മക്മാസ്റ്റര്‍ പറയുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.