ഉദയത്തുംവാതില്‍ ഗവ: എല്‍പി സ്‌കൂള്‍ അവഗണനയില്‍

Monday 19 February 2018 2:00 am IST

പനങ്ങാട്: കുമ്പളം ഗ്രാമപഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമായ പനങ്ങാട് ഉദയത്തുംവാതില്‍ എല്‍പി സ്‌കൂള്‍ പഞ്ചായത്ത് അധികൃതരുടെയും സ്‌കൂള്‍ ജീവനക്കാരുടെയും അനാസ്ഥ മൂലം നശിക്കുന്നു. കുമ്പളം, പനങ്ങാട്, ചേപ്പനം, ചാത്തമ്മ പ്രദേശങ്ങളില്‍ നിന്ന് 150ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ഇവിടെ അധികൃതരുടെ കെടുകാര്യസ്ഥത മൂലം വിദ്യാര്‍ത്ഥികളുടെ എണ്ണം 50ല്‍ താഴെയായി കുറഞ്ഞു. ഒരേക്കറില്‍ കൂടുതല്‍ വരുന്ന സ്‌കൂള്‍ പരിസരം കാടുപിടിച്ച് ഇഴജന്തുക്കളുടെ വാസ സ്ഥലമായിരിക്കുകയാണ്.

ഈ വിദ്യാലയം ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ഒരു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും പഞ്ചായത്ത് ഭരണസമിതിയുടെയും സ്‌കൂള്‍ അധികൃതരുടെയും അനാസ്ഥമൂലം തുക ലാപ്‌സായി പോകാനാണ് സാധ്യത. സ്‌കൂള്‍ നവീകരണത്തിനുള്ള വ്യക്തമായ പ്രൊജക്ട് റിപ്പോര്‍ട്ട് പോലും അധികൃതര്‍ ഇതുവരെ തയ്യാറാക്കിയിട്ടില്ല. രക്ഷാകര്‍ത്താക്കള്‍ സ്‌കൂളിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ബിജെപി കുമ്പളം പഞ്ചായത്ത് കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ ക്രമക്കേടുകളും പിഴവുകളും അവഗണനകളും കണ്ടെത്തുകയും ചെയ്തു. 

ഒരേക്കറില്‍ കൂടുതല്‍ വരുന്ന വൃത്തിഹീനമായി കാടുപിടിച്ചു കിടന്നിരുന്ന സ്‌കൂള്‍ പരിസരം ഇന്നലെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ വൃത്തിയാക്കി. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍ പ്രൗഢപ്രമുഖ് പി.എല്‍. വിജയന്‍, മരട് നഗര്‍ കാര്യവാഹ് ജെയ്‌സ്‌മോന്‍, കുമ്പളം മണ്ഡലം സേവാ പ്രമുഖ് പി.എം. പ്രമോദ്, ബിജെപി കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് സി.പി. പ്രമോദ്, ജനറല്‍ സെക്രട്ടറി ദാസന്‍ പള്ളിപ്പാട്ട്, ബജ്‌റംഗദള്‍ ജില്ലാ സംയോജകന്‍ ബേബി പവിത്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.