സിപിഎം കൊലപാതകങ്ങള്‍ മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെ: കൃഷ്ണദാസ്

Monday 19 February 2018 2:40 am IST

കൊല്ലം: കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകം മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനാനുവാദത്തോടെയാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പോലീസില്‍ കീഴടങ്ങിയ പ്രതികളായ ആകാശ് തില്ലങ്കേരിയും നിതിന്‍രാജും ബിജെപി പ്രവര്‍ത്തകനായ ബിനീഷ് കൊലക്കേസിലെ പ്രതികളാണ്. ആകാശിന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനുമായും മുഖ്യമന്ത്രിയുമായും അടുത്ത ബന്ധമാണ്. ഇത് സംബന്ധിച്ച ദൃശ്യങ്ങളും ഫോട്ടോകളും പുറത്തു വന്നിട്ടുണ്ട്. ജില്ലാ സെക്രട്ടറി നേരിട്ട് നിയന്ത്രിക്കുന്ന ഗുണ്ടാസംഘത്തിന്റെ തലവനാണ് ആകാശ്. അതിനാല്‍ പി. ജയരാജന്റേയും മുഖ്യമന്ത്രിയുടെയും അറിവോടെയാണ് കൊലപാതകം നടന്നത്. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും പിടികൂടണം. 

കണ്ണൂര്‍ ജില്ലയില്‍ ഒരു മാസത്തിനുള്ളില്‍ രണ്ടു യുവാക്കള്‍ ക്രൂരമായി കൊല്ലപ്പെട്ടു. സ്വന്തം ജില്ലയില്‍ രണ്ടു കൊലപാതകങ്ങള്‍ നടന്നിട്ടും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത് തെളിയിക്കുന്നത് മുഖ്യമന്ത്രി വേട്ടക്കാരോടൊപ്പമാണെന്നാണ്. 

ചുവപ്പന്‍ഭീകരതയുടെ പേരില്‍ സിപിഎമ്മിനെതിരെ ബിജെപി രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തിയപ്പോള്‍ കേരളത്തെ അപമാനിക്കുകയാണെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. കോ ണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോഴാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വെളിപാട് വന്നത്. 

എന്നാല്‍ ഇത് ആത്മാര്‍ത്ഥയില്ലാത്ത പ്രതിഷേധമാണ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാന്‍ സിപിഎമ്മിനെ കോണ്‍ഗ്രസ് നേതാക്കള്‍ ക്ഷണിച്ചു കൊണ്ടിരിക്കുകയാണ്. അധികാരത്തില്‍ കയറാന്‍ ഏതു കൊലയാളി സംഘത്തെയും കൂട്ടുപിടിക്കുന്ന സംസ്‌കാരമാണ് കോണ്‍ഗ്രസിന്റേത്.

രാഹുല്‍ ഗാന്ധി നടത്തുന്ന പ്രതിവാര ചായസത്കാരത്തില്‍ നിന്ന് സിപിഎം ദേശീയ നേതാക്കളെ ഒഴിവാക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുമോയെന്നും കൃഷ്ണദാസ് ചോദിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.