നിറ്റിയില്‍ പിജി ഡിപ്ലോമ പഠിക്കാം

Monday 19 February 2018 2:30 am IST

സമര്‍ത്ഥരായ ഫസ്റ്റ് ക്ലാസ് എന്‍ജിനീയറിങ്/ടെക്‌നോളജി ബിരുദധാരികള്‍ക്ക് 'ഗേറ്റ്' സ്‌കോര്‍ ഉള്ളപക്ഷം മുംബൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്ങില്‍ (നിറ്റി) പോസ്റ്റ് ഗ്രാഡുവേറ്റ് (പിജി) ഡിപ്ലോമ കോഴ്‌സുകളില്‍ ഉപരിപഠനത്തിന് മികച്ച അവസരം.

ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്, മാനുഫാക്ചറിങ് മാനേജ്‌മെന്റ്, പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിലാണ് പിജി ഡിപ്ലോമ. ഈ രണ്ട് വര്‍ഷത്തെ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ കോഴ്‌സുകളില്‍ ഇന്ത്യക്കാര്‍ക്കും വിദേശ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം ലഭിക്കും. വ്യവസായസംരംഭങ്ങളും അക്കാഡമിക് സ്ഥാപനങ്ങളും മറ്റും സ്‌പോണ്‍സര്‍ ചെയ്യപ്പെടുന്നവര്‍ക്കും സീറ്റുകള്‍ ലഭ്യമാണ്.

അന്തര്‍ദ്ദേശീയ അക്രഡിറ്റേഷനായി പ്രോഗ്രാമുകളില്‍ കാലോചിതമായ മാറ്റം വരുത്തിയിട്ടുണ്ട്. ടെക്നോളജി മാനേജ്‌മെന്റിലധിഷ്ഠിതമായ ഈ പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ പ്ലേസ്‌മെന്റ് ലഭിക്കും. മികച്ച കരിയറിന് വഴിയൊരുക്കുന്ന കോഴ്‌സുകളാണിത്. കോഴ്‌സുകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ.

  • പിജി ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ് (പിജിഡിഐഇ)-ഇന്‍ഡസ്ട്രിക്കാവശ്യമായ കരുത്തുറ്റ ടെക്‌നോ മാനേജര്‍മാരെ വാര്‍ത്തെടുക്കുകയാണ് ഈ കോഴ്‌സിന്റെ ലക്ഷ്യം. വിദ്യാര്‍ത്ഥികളില്‍ അനലിറ്റിക്കല്‍ റീസണിങ് എബിലിറ്റിയും മാനേജീരിയല്‍ സ്‌കില്‍സും വളര്‍ത്തി വെല്ലുവിളികളെ അതിജീവിക്കാനുള്ള ശേഷി വികസിപ്പിച്ചെടുക്കുന്നതരത്തിലാണ് പാഠ്യപദ്ധതി. മാനുഫാക്ചറിങ് മാനേജ്‌മെന്റ്, ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഐടി&സിസ്റ്റംസ്  മാര്‍ക്കറ്റിങ് മാനേജ്‌മെന്റ് ഫിനാന്‍സ് ആന്റ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് മുതലായ വിഷയങ്ങള്‍ പഠിപ്പിക്കും.

യോഗ്യത: ഏതെങ്കിലും എന്‍ജിനീയറിങ്/ടെക്‌നോളജി ബ്രാഞ്ചില്‍ മൊത്തം 60% മാര്‍ക്കില്‍ കുറയാതെ ബിരുദവും പ്രാബല്യത്തിലുള്ള ഗേറ്റ് സ്‌കോറും ഉള്ളവര്‍ക്ക് ഈ കോഴ്‌സിന് അപേക്ഷിക്കാം.

  • പിജി ഡിപ്ലോമ ഇന്‍ മാനുഫാക്ചറിങ് മാനേജ്‌മെന്റ് (പിജിഡിഎംഎം) ഈ കോഴ്‌സില്‍ മാനുഫാക്ചറിങ് ഡിസൈന്‍, മാനുഫാക്ചറിങ് ആന്റ് ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്, ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് എന്നിവ ഇലക്ടീവ് വിഷയങ്ങളാണ്. ഫിനാന്‍സ്, ഇക്കണോമിക്‌സ്, മാര്‍ക്കറ്റിങ്, ഐടി, ഓര്‍ഗനൈസേഷന്‍ ഡിസൈന്‍ തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കും.

യോഗ്യത:  മെക്കാനിക്കല്‍, പ്രൊഡക്ഷന്‍, ഓട്ടോമൊബൈല്‍, കെമിക്കല്‍, ടെക്‌സ്റ്റൈല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്, ഇന്‍സ്ട്രുമെന്റേഷന്‍ മുതലായ ബ്രാഞ്ചുകളിലൊന്നില്‍ 60% മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക് ബിരുദവും 'ഗേറ്റ്' സ്‌കോറും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

  • പിജി ഡിപ്ലോമ ഇന്‍ പ്രോജക്ട് മാനേജ്‌മെന്റ് (പിജിഡിപിഎം)- ഊര്‍ജ്ജസ്വലരായ യുവ പ്രോജക്ട് പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുകയാണ് ഈ കോഴ്‌സിന്റെ ഉദ്ദേശ്യം. പ്രോജക്ട് ഫിനാന്‍സ്, പ്രോജക്ട് പ്ലാനിങ് ആന്റ് കണ്‍ട്രോള്‍, പ്രോജക്ട് എക്‌സിക്യൂഷന്‍, പ്രോജക്ട് പ്രക്യുയര്‍മെന്റ് ആന്റ് കോണ്‍ട്രാക്ട് മാനേജ്‌മെന്റ്, സോഫ്റ്റ് വെയര്‍, ഐടി സിസ്റ്റംസ് മുതലായ വിഷയങ്ങള്‍ പഠിപ്പിക്കും.

യോഗ്യത: മെക്കാനിക്കല്‍, പ്രൊഡക്ഷന്‍, ഓട്ടോമൊബൈല്‍, കെമിക്കല്‍, സിവില്‍, ടെക്‌സ്റ്റൈല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് മുതലായ ബ്രാഞ്ചുകളില്‍ 60% മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക് ബിരുദവും 'ഗേറ്റ്' സ്‌കോറും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

എല്ലാ പ്രോഗ്രാമുകള്‍ക്കും പട്ടികജാതി/വര്‍ഗ്ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യത പരീക്ഷയില്‍ 5% മാര്‍ക്കറ്റിങ് അനുവദിച്ചിട്ടുണ്ട്. 2018 ല്‍ ഫൈനല്‍ യോഗ്യതാ പരീക്ഷ (ബിഇ/ബിടെക്) എഴുതുന്നവരെയും 'ഗേറ്റ്' എഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. 2018 സെപ്തംബര്‍ 30 നകം യോഗ്യത തെളിയിച്ചാല്‍ മതി.

പട്ടിക ജാതി / വര്‍ഗ്ഗം / ഒബിസി നോണ്‍ക്രീമിലെയര്‍/ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് സീറ്റുകളില്‍ സംവരണാനുകൂല്യം ലഭിക്കും.

സ്‌പോണ്‍സേര്‍ഡ് സീറ്റുകളില്‍ പ്രവേശനത്തിന് ബിഇ/ബിടെക് ബിരുദം 60% മാര്‍ക്കില്‍ കുറയാതെ വേണം. രണ്ട് വര്‍ഷത്തില്‍ കുറയാതെ വര്‍ക്ക് എക്‌സ്പീരിയന്‍സുള്ളവരാകണം. 'ഗേറ്റ്' സ്‌കോര്‍ ആവശ്യമില്ല. എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും നടത്തി തെരഞ്ഞെടുക്കും. സ്‌പോണ്‍സര്‍ഷിപ്പ് ഫോം പൂരിപ്പിച്ച് നല്‍കണം. ടീച്ചിങ് അസിസ്റ്റന്റ്ഷിപ്പ് ലഭിക്കില്ല. ഇന്‍ഡസ്ട്രിയല്‍/അക്കാദമിക് സംരംഭങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവരെയാണ് പരിഗണിക്കുക.

15% സീറ്റുകള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. പ്രാബല്യത്തിലുള്ള ജിആര്‍ഇ/ടിഒഇഎഫ്എല്‍/ഐഇഎല്‍ടിഎസ് സ്‌കോര്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. സ്റ്റേറ്റ്‌മെന്റ് ഓഫ് പര്‍പ്പസ്, രണ്ട് ലറ്റര്‍ ഓഫ് റെക്കമെന്‍ഡേഷന്‍ എന്നിവ നല്‍കണം. പ്രവാസി ഇന്ത്യക്കാരെയും ഈ കാറ്റഗറിയില്‍ പരിഗണിക്കും. പ്രാബല്യത്തിലുള്ള പാസ്‌പോര്‍ട്ട് ഉണ്ടാകണം.

അപേക്ഷ www.nitie.edu ല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. മാര്‍ച്ച് 28 വരെ അപേക്ഷ സ്വീകരിക്കും. ഓരോ പ്രോഗ്രാമിനും 1000 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് 500 രൂപ മതി. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് 50 യുഎസ് ഡോളറാണ് ഫീസ്. ഓണ്‍ലൈനായി ഫീസ് അടയ്ക്കാം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.

അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി 'നിറ്റി' മുംബൈയില്‍ വച്ച് ഏപ്രില്‍ 23, 24, 25 തീയതികളിലായി ഗ്രൂപ്പ് ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷന്‍.

പിജിഡിഐഇ യ്ക്ക് 126 സീറ്റുകളും പിജിഡിഎംഎം ന്  40 സീറ്റുകളും പിജിഡിപിഎം ന് 40 സീറ്റുകളുമാണുള്ളത്. ജൂണില്‍ കോഴ്‌സുകള്‍ ആരംഭിക്കും.

'ഗേറ്റ്' യോഗ്യതയുള്ള പഠിതാക്കള്‍ക്ക് 12,400 രൂപ വീതം ടീച്ചിങ് അസിസ്റ്റന്റ്ഷിപ്പായി ലഭിക്കും. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ട്. 

കോഴ്‌സ് ഫീസായി ആദ്യവര്‍ഷം 3,69,000 രൂപയും രണ്ടാംവര്‍ഷം 3,41,000 രൂപയുമാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടയ്‌ക്കേണ്ടിവരിക. വാര്‍ഷിക കുടുംബവരുമാനം രണ്ടരലക്ഷം രൂപയ്ക്ക് താഴെയുള്ളവര്‍ക്ക് 30 ശതമാനവും ഒരു ലക്ഷം രൂപയ്ക്ക് താഴെയുള്ളവര്‍ക്ക് 50 ശതമാനവും ട്യൂഷന്‍ ഫീസില്‍ ഇളവ് അനുവദിക്കും.

വാര്‍ഷിക കുടുംബ വരുമാനം 4.5 ലക്ഷം രൂപയ്ക്ക് താഴെയുള്ള പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ ട്യൂഷന്‍ ഫീസില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.

വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ക്യാമ്പസ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കും. 12.61 ലക്ഷംരൂപ മുതല്‍ 28.75 ലക്ഷം രൂപവരെ വാര്‍ഷിക ശമ്പളം വാഗ്ദാനം ചെയ്താണ്  കഴിഞ്ഞ ബാച്ചില്‍ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ www.nitie.edu ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.