ജയിച്ചിട്ടും ഇംഗ്ലണ്ട് പുറത്ത്

Monday 19 February 2018 2:30 am IST

ഹാമില്‍ട്ടണ്‍: ആവേശം കൊടുമുടികയറി മത്സരത്തില്‍  ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചെങ്കിലും ഇംഗ്ലണ്ട് ത്രി രാഷ്ട്ര ട്വന്റി 20 ടൂര്‍ണമെന്റില്‍ ഫൈനല്‍ കാണാതെ പുറത്തായി. 

അവസാന റൗണ്ട് റോബിന്‍ മത്സരത്തില്‍ രണ്ട് റണ്‍സിനാണ് ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചത്്. ഇതോടെ ഇരുടീമുകള്‍ക്കും തുല്യപോയിന്റായി. എന്നാല്‍ മികച്ച റണ്‍ശരാശരിയില്‍ ഇംഗ്ലണ്ടിനെ മറികടന്ന് ന്യൂസിലന്‍ഡ് ഫൈനലില്‍ കടന്നു.

ക്യാപ്റ്റന്‍ മോര്‍ഗന്‍ പുറത്താകാതെ നേടിയ 80 റണ്‍സിന്റെ പിന്‍ബലത്തില്‍ ഇംഗ്ലണ്ട് 20 ഓവറില്‍ ഏഴു വിക്കറ്റിന് 194 റണ്‍സ് എടുത്തു. വിജയം ലക്ഷ്യമിട്ടിറങ്ങിയ ന്യൂസിലന്‍ഡിന് 20 ഓവറില്‍ നാലു വിക്കറ്റിന് 192 റണ്‍സേ നേടാനായു്ള്ളൂ.

കിവീസ് ഓപ്പണര്‍ മുണ്‍റോ 18 പന്തില്‍ 50 റണ്‍സ് നേടി ട്വന്റി 20 യിലെ ഏറ്റവും വേഗമാര്‍ന്ന ആറാം അര്‍ധ സെഞ്ചുറി കുറിച്ചു. ഇതര ഓപ്പണറായ ഗുപ്ടില്‍ 62 റണ്‍സ് അടിച്ചെടുത്തു. മികച്ച തുടക്കം ലഭിച്ചിട്ടും ന്യൂസിലന്‍ഡിന് വിജയം നേടാനായില്ല. ചാപ്മാന്‍ 37 റണ്‍സുമായി കീഴടങ്ങാതെ നിന്നു.

46 പന്തില്‍ നാല് ഫോറും ആറ് സിക്‌സറുമുള്‍പ്പെടെ 80 റണ്‍സുമായി പുറത്താകാതെ നിന്ന് ഇംഗ്ലണ്ട് വിജയത്തിന് അടിത്തറയിട്ട ക്യാപ്റ്റന്‍ മോര്‍ഗനാണ് കളിയിലെ കേമന്‍.

ന്യൂസിലന്‍ഡ് പേസര്‍ ബൗള്‍ട്ട് നാല് ഓവറില്‍ 50 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

ഓക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ 21 ന് നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡ് ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടും. തുടര്‍ച്ചയായ വിജയങ്ങള്‍ സ്വന്തമാക്കിയ ഓസ്‌ട്രേലിയ നേരത്തെ തന്നെ ഫൈനലില്‍ സ്ഥാനമുറപ്പാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.