യാക്കോബായ സുറിയാനി സഭയുടെ വിശ്വാസ പ്രഖ്യാപന സമ്മേളനം

Monday 19 February 2018 2:30 am IST

കൊച്ചി: ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ സുപ്രീംകോടതി വിധിയെ മാനിക്കില്ലെന്ന് സൂചന നല്‍കി യാക്കോബായ സുറിയാനി സഭയുടെ വിശ്വാസ പ്രഖ്യാപന സമ്മേളനം.  യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ സഹോദര സഭകളായി വിഴിപിരിയുകയാണ് ഉചിതമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. വിശ്വാസ പ്രഖ്യാപനസമ്മേളനവും പാത്രിയാര്‍ക്കാ ദിനാചരണവും കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ പ്രതിനിധിയും ലക്‌സംബര്‍ഗ് ആര്‍ച്ച് ബിഷപ്പുമായ ജോര്‍ജ് ഖൂറി ഉദ്ഘാടനം ചെയ്തു. 

പാത്രിയാര്‍ക്കാ ബാവയുടെ അപ്പോസ്തലിക വീഡിയോ സന്ദേശം സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. യാക്കോബായ സഭയ്ക്ക് ചില ദേവാലയങ്ങള്‍ നഷ്ടമായി. ആരാധനാവകാശം നിഷേധിക്കപ്പെട്ടതിനൊപ്പം വിശ്വാസികള്‍ മര്‍ദ്ദിക്കപ്പെട്ടുവെന്നത് ഖേദകരമാണ്. ഇന്ത്യയില്‍ സുറിയാനിസഭയുടെ ഇരുവിഭാഗങ്ങളിലുമുള്ളവര്‍ പരസ്പരം സഹവര്‍ത്തിത്വവും സമാധാനവും ആഗ്രഹിക്കുന്നു. യാക്കോബായ സഭ അനുരഞ്ജന ചര്‍ച്ചകള്‍ക്കായി മെത്രാന്‍ സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ സമാധാനശ്രമങ്ങളോട് മറുപക്ഷം പ്രതികരിച്ചില്ല. മെത്രാന്‍ സമിതിയെയും നിയോഗിച്ചില്ല. ദേവാലയങ്ങള്‍ കൈവശപ്പെടുത്താനും വികാരിമാരെ നിയമിക്കാനും നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ, അമര്‍ഷം പ്രകടിപ്പിക്കുമ്പോള്‍ അതില്‍നിന്ന് വിശ്വാസികളെ തടയാന്‍ ആര്‍ക്കും അവകാശമില്ലെന്നും പാത്രിയാര്‍ക്കയുടെ സന്ദേശത്തില്‍ പറഞ്ഞു. 

കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷനായി. വിശ്വാസപരവും ആചാരപരവുമായ കാര്യങ്ങളില്‍ കോടതികള്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് ഖേദകരമാണെന്ന് സമ്മേളനം അംഗീകരിച്ച പ്രതിഷേധ പ്രമേയത്തില്‍ പറഞ്ഞു. ഭരണഘടന അംഗീകരിക്കുന്ന മൗലികാവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമായാണ് കോടതികള്‍ നടത്തുന്നതെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.