മനു അഭിഷേക് സിങ്‌വിയുടെ ബന്ധങ്ങളും പുറത്ത്

Monday 19 February 2018 2:30 am IST

ന്യൂദല്‍ഹി: ശതകോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദിയും കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വിയും തമ്മിലുള്ള ബിസിനസ് ബന്ധങ്ങളും പുറത്തായി. സിങ്‌വി, ഭാര്യ അനിത സിങ്‌വി, മകന്‍ ആവിഷ്‌ക്കാര്‍ മനു അഭിഷേക് സിങ്‌വി എന്നിവരുടെ കമ്പനിയായ അദ്വൈത് ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി കോടികളുടെ സാമ്പത്തിക ഇടപാടുകളാണ് നീരവ് മോദിക്കുള്ളത്. 

നീരവ് തന്റെ കമ്പനിയായ ഫയര്‍സ്റ്റാര്‍ ഡയമണ്ട്‌സ് വാങ്ങിയത് അദ്വൈത് ഹോള്‍ഡിംഗ്‌സില്‍ നിന്നാണ്. അനിത സിങ്‌വി കോടികളുടെ വജ്രാഭരണങ്ങള്‍ ഇവിടെ നിന്ന് വാങ്ങിയതിന്റെ രേഖകളും ബിജെപി പുറത്തുവിട്ടിട്ടുണ്ട്. 2014 ആഗസ്തിലും 2015 ജനുവരിയിലുമായി കോടികളുടെ ആഭരണങ്ങളാണ് അനിത സിങ്‌വി നീരവ് മോദിയുടെ ഷോറൂമില്‍ നിന്ന് വാങ്ങിയത്. ഇതില്‍ കണക്കില്‍ കാണിച്ചതിന്റെ ഇരട്ടിയിലധികം തുക അക്കൗണ്ടില്‍ കാണിക്കാതെയാണ് കൈമാറിയിരിക്കുന്നത്. ബിസിനസുമായി ബന്ധപ്പെട്ട വിഹിതമാണ് ഇത്തരത്തില്‍ കൈമാറിയിരിക്കുന്നത് എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 

നീരവ് മോദിയുടെ ബിസിനസ് പങ്കാളിയും ബന്ധുവുമായ മെഹുല്‍ ചോക്‌സിയുമായി ബന്ധമുള്ള ഇരുനൂറോളം ഷെല്‍ കമ്പനികളും അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ വന്നിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ 24 ഇടങ്ങളിലെ നീരവിന്റെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതുവരെ നീരവിന്റെ 45 കേന്ദ്രങ്ങളിലാണ് റെയ്ഡുകള്‍ നടന്നിരിക്കുന്നത്. ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയ 29 സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തിട്ടുണ്ട്. നീരവിന്റെ ഷോറൂമുകളില്‍ നിന്ന് കണ്ടെടുത്ത വജ്ര, സ്വര്‍ണ്ണ ആഭരണങ്ങള്‍ 5,674 കോടി രൂപയുടെ ആണെന്നും എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.