കുട്ടനാട്ടില്‍ കോടികളുടെ കാര്‍ഷിക വായ്പാ തട്ടിപ്പ്

Monday 19 February 2018 2:30 am IST

ആലപ്പുഴ: കുട്ടനാട്ടില്‍ കര്‍ഷക സംഘങ്ങളുടെ മറവില്‍ വന്‍വായ്പാ തട്ടിപ്പ്. കര്‍ഷക സംഘങ്ങള്‍ക്കുള്ള വായ്പയുടെ പേരിലാണ് കര്‍ഷകര്‍ പോലും അറിയാതെ കള്ള ഒപ്പിട്ട് പണം തട്ടിയെടുത്തത്. കനറ ബാങ്കിന്റെ ആലപ്പുഴ ബോട്ട് ജെട്ടി ശാഖയില്‍ നിന്നുമാത്രം കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. 

ഇവിടെ 186 ഗ്രൂപ്പുകള്‍ക്കാണ് വായ്പ നല്‍കിയത്. ഇതില്‍ 56 ഗ്രൂപ്പുകള്‍ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ ജപ്തി നടപടി നേരിടുന്നു. വായപയെടുക്കാത്ത കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് ലഭിച്ചപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. ഫാ. തോമസ് പീലിയാനിക്കല്‍ ഡയറക്ടറായ കുട്ടനാട് വികസന സമിതിയുടെ ശുപാര്‍ശയിലാണ് ബാങ്കില്‍ നിന്ന് കര്‍ഷക സംഘങ്ങള്‍ക്ക് വായ്പ നല്‍കിയത്. 

സംഘങ്ങളിലെ ഒട്ടുമിക്ക കര്‍ഷകരും വായ്പയെ കുറിച്ച് അറിഞ്ഞിട്ടില്ല. സംഘങ്ങളിലെ രണ്ടോ മൂന്നോ പേര്‍ ചേര്‍ന്ന് വായ്പയ്ക്ക് അപേക്ഷിക്കുകയും മറ്റ് അംഗങ്ങളുടെ കള്ള ഒപ്പിട്ട് പണം തട്ടിയെടുക്കുകയും ചെയ്തതായാണ് പരാതി.

കര്‍ഷക സ്വാശ്രയ സംഘങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്ന സര്‍ക്കാര്‍ ആനുകൂല്യത്തിന്റെ മറവിലാണ് ഈ തട്ടിപ്പ്. കുട്ടനാട് വികസന സമിതിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്ന സംഘങ്ങള്‍ക്ക് ഫാ. തോമസ് പീലിയാനിക്കല്‍  ശുപാര്‍ശ ചെയ്തതിനാലാണ് തങ്ങള്‍ വായ്പ കൊടുത്തതെന്നാണ് കനറാ ബാങ്ക് വിശദീകരിക്കുന്നത്. 

കുട്ടനാട് വികസന സമിതിയും മറ്റു കര്‍ഷക സംഘടനകളും കാലങ്ങളായി  കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്നതിന്റെ നേട്ടം ഇത്തരം തട്ടിപ്പുകാര്‍ക്കാണെന്ന് വ്യക്തമാകുകയാണ്. അടുത്തിടെയും കാര്‍ഷിക വായ്പകള്‍ എഴുതി തള്ളണമെന്നാവശ്യപ്പെട്ട് ഫാ. പീലിയാനിക്കല്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. കര്‍ഷകരുടെ പേരില്‍ കുറഞ്ഞ പലിശയ്ക്ക് ബാങ്കുകളില്‍ നിന്ന് വായ്പ നേടിയെടുക്കുക, സമ്മര്‍ദ്ദം ചെലുത്തി വായ്പകള്‍ എഴുതി തളളിക്കുക. ഇത്തരത്തില്‍ കര്‍ഷകരെ മറയാക്കി നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 

കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് വരെ ഇത്തരത്തില്‍ തട്ടിയെടുക്കുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ പേരിലുള്ള വായ്പാത്തട്ടിപ്പ് ഗുരുതരമായ പ്രശ്‌നമാണെന്നും കര്‍ഷകരെ വഞ്ചിക്കുന്ന ഈ നടപടി ക്രിമിനല്‍ കുറ്റമാണെന്നും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്വം മാത്രമെ തനിക്കുള്ളുവെന്നും ഇടപാടുകള്‍ ബാങ്കും കര്‍ഷകരും നേരിട്ടാണെന്നും ഫാ. പീലിയാനിക്കല്‍ പറഞ്ഞു.

തട്ടിപ്പ് അന്വേഷിക്കാന്‍ പ്രത്യേക സംഘം

ആലപ്പുഴ: കുട്ടനാട്ടില്‍ കര്‍ഷകരുടെ മറവില്‍ വായ്പാ തട്ടിപ്പ് നടത്തിയ സംഭവം ആലപ്പുഴ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും. പുളിങ്കുന്ന് സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. തട്ടിപ്പിനിരയായ കാവാലം സ്വദേശി ഷാജിയുടെ പരാതിയില്‍ കൈനടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

തട്ടിപ്പ് പുറത്തറിഞ്ഞത് ഷാജിയുടെ പരാതിയില്‍

ആലപ്പുഴ: കുട്ടനാട് വികസന സമിതിയില്‍ അംഗമായിട്ടുള്ള 'കര്‍ഷക മിത്ര നെല്‍ കര്‍ഷക ജോയിന്റ് ലയബലിറ്റി ഗ്രൂപ്പ്' എന്ന സ്വാശ്രയ സംഘത്തില്‍ അംഗമല്ലാത്ത ആളുടെ പേരില്‍ വ്യാജ ഒപ്പിട്ട് വായ്പ എടുത്തതായി കൈനടി പോലീസില്‍ പരാതി ലഭിച്ചതോടെയാണ് തട്ടിപ്പ് വെളിച്ചത്താകുന്നത്.  

 കാവാലം കൊണ്ടകശ്ശേരി ഷാജിയാണ് പരാതി നല്‍കിയത്. തന്റെ പേരില്‍ എടുത്ത അഞ്ചു ലക്ഷം രൂപ വായ്പാ കുടിശ്ശികയാണെന്ന് കനറ ബാങ്കില്‍ നിന്നും നോട്ടീസ് ലഭിച്ചപ്പോഴാണ് തട്ടിപ്പ് വിവരം അറിയുന്നതെന്ന് ഷാജി പറയുന്നു. 

  ഈ സ്വാശ്രയ സംഘത്തില്‍ അംഗം അല്ലാത്ത തന്റെ വ്യാജ ഒപ്പിട്ടാണ് കാവാലം കൊച്ചുതറയില്‍ ദേവസ്യ പ്രസിഡന്റും, കാവാലം കറുവേല്‍ ചിറ തോമസ് ഔസേഫ് സെക്രട്ടറിയുമായിട്ടുള്ള സ്വാശ്രയ സംഘം വായ്പയെടുത്തത്. നെല്‍ കൃഷിയുടെ വികസനത്തിന് ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പദ്ധതി പ്രകാരമാണ് വായ്പ നല്‍കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.