ചര്‍ച്ച പരാജയം: ബസ്സ് സമരം തുടരും

Monday 19 February 2018 2:50 am IST

കോഴിക്കോട്: സ്വകാര്യബസ്സുടമകളുമായി നടത്തിയ ചര്‍ച്ച പരാജയം. ചര്‍ച്ച പരാജയപ്പെട്ടതോടെ സംസ്ഥാനത്ത് നടത്തിവരുന്ന സ്വകാര്യബസ്സുകളുടെ അനിശ്ചിതകാല സമരം തുടരുമെന്ന് സംഘടനാഭാരവാഹികള്‍ അറിയിച്ചു. 

സ്വകാര്യബസ്സ് ഉടമ സംഘടനാ ഭാരവാഹികളുമായി ഇന്നലെ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍  ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ആണ് ചര്‍ച്ച നടത്തിയത്. സുപ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനാല്‍ സമരം തുടരുമെന്നാണ് ബസ്സ് ഉടമകള്‍ അറിയിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന സ്വകാര്യബസ്സ് ഉടമകളുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല, അതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് മന്ത്രി എ. കെ. ശശീന്ദ്രന്‍ പറഞ്ഞു. 

മിനിമം ചാര്‍ജ് വര്‍ധനവ്, ഫെയര്‍സ്‌റ്റേജ് നിരക്ക് വര്‍ധനവ് എന്നിവ അംഗീകരിച്ച ബസ്സുടമകള്‍ വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന നിലപാട് സ്വീകരിച്ചതായി മന്ത്രി ശശീന്ദ്രന്‍ ചര്‍ച്ചയ്ക്ക് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍  പറഞ്ഞു. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ അതേപടി  നടപ്പാക്കുകയായിരുന്നില്ല. 24 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കരുതെന്ന കമ്മീഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്ക് പ്രായപരിധിയെന്നത് യുക്തിസഹമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

നിരക്കിന്റെ 25 ശതമനം തുക വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കണമെന്ന ബസ്സ് ഉടമകളുടെ ആവശ്യവും മന്ത്രി അംഗീകരിച്ചില്ല. രണ്ടാമത്തെ ഫെയര്‍ സ്റ്റേജ് മുതല്‍ ഇത് വര്‍ധിപ്പിച്ച തുകയുടെ 25 ശതമാനം വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കാമെന്ന് മന്ത്രി വ്യക്തമാക്കി. അനുഭാവപൂര്‍വ്വമാണ് ബസ്സുടമകളോടുള്ള സര്‍ക്കാര്‍ നയം. അതുകൊണ്ടാണ് മുഖ്യമന്ത്രി രണ്ടാഴ്ചയ്ക്കുള്ളില്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. സ്വകാര്യ ബസ്സ് സമരം കാരണം ജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികളെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

60 ശതമാനം യാത്രക്കാരായ വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് വര്‍ധിപ്പിക്കാതെ ഈ മേഖലയ്ക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്ന് ബസ്സ് കോ ഓഡിനേഷന്‍ കമ്മിറ്റി ജനറല്‍സെക്രട്ടറി ടി. ഗോപിനാഥ് പറഞ്ഞു. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജില്‍ വര്‍ധനവുണ്ടാകണം. ബസ്സുകളിലെ സിറ്റിംഗ് കപ്പാസിറ്റി നിര്‍ബന്ധമാക്കിയാല്‍ വിദ്യാര്‍ത്ഥികളെ കയറ്റില്ലെന്നും ബസുടമകള്‍ പറഞ്ഞു. 

ചര്‍ച്ചയില്‍ ബസ്സ് ഉടമ സംഘടനാ ഭാരാവാഹികളായ ഗോകുല്‍ദാസ്(കെബിടിഎ), കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ലോറന്‍സ് ബാബു, വി.ജെ. സെബാസ്റ്റ്യന്‍, ജോണ്‍സണ്‍ പയ്യപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.