മയക്കുമരുന്ന്: തുടര്‍ അന്വേഷണം എന്‍ഐഎയ്ക്ക്

Monday 19 February 2018 2:50 am IST

കൊച്ചി: ഏറ്റവും വലിയ എം.ഡി.എംഎ മയക്കുമരുന്ന് വേട്ടയുടെ തുടര്‍ അന്വേഷണം ദേശീയ ഏജന്‍സി ഏറ്റെടുക്കാന്‍ സാധ്യത. പ്രതികളുടെ അന്താരാഷ്ട്ര ബന്ധമാണ് അന്വേഷണം ദേശീയ ഏജന്‍സി ഏറ്റെടുക്കുന്നതിന് പ്രധാന കാരണം. ഇതിന്റെ ഭാഗമായി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ, മിലിട്ടററി ഇന്റലിജന്‍സ്, പോലീസ് ഇന്റലിജന്‍സ് എന്നീ വിഭാഗങ്ങള്‍ ഇന്നലെ എക്‌സൈസ് അധികൃതരില്‍ നിന്നും വിവരങ്ങള്‍ തേടി.

അന്താരാഷ്ട്ര വിപണിയില്‍ 30 കോടി രൂപ വിലവരുന്ന അഞ്ച് കിലോയിലധികം എം.ഡി.എം.എ (മെഥലീന്‍ ഡയോക്സി മെതാംഫിറ്റമിന്‍) മയക്കുമരുന്നുമായി എക്‌സൈസ് പിടിയിലായ പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പ കൈപ്പുള്ളി വീട്ടില്‍ ഫൈസല്‍ (34), അയല്‍വാസി തട്ടായില്‍ വീട്ടില്‍ അബ്ദുള്‍ സലാം (35) എന്നിവരെ അങ്കമാലി കോടതി റിമാന്‍ഡ് ചെയ്തു. 

പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള അപേക്ഷ ഇന്ന്് എറണാകുളം സെഷന്‍സ് കോടതിയില്‍ നല്‍കും. ഇന്നലെ ഉച്ചയോടെയാണ് പ്രതികളെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്. പ്രതികള്‍ സഞ്ചരിച്ച കെ.എല്‍- 50 എഫ് 9978 നമ്പര്‍ ആള്‍ട്ടോ കാറും കസ്റ്റഡിയിലുണ്ട്. മയക്കുമരുന്ന് കുവൈറ്റിലേക്ക് കടത്തുന്നതിനായി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് വരുമ്പോള്‍ ശനിയാഴ്ച്ച അത്താണി വി.ഐ.പി റോഡിന് സമീപത്തു നിന്നാണ് ഇവരെ പിടികൂടിയത്. മയക്കുമരുന്ന് വിമാനത്താവളം വരെ എത്തിക്കുന്ന ചുമതലയായിരുന്നു പിടിക്കപ്പെട്ടവര്‍ക്ക്. വിമാനത്തില്‍ കുവൈറ്റിലേക്ക് പോകുന്നത് മാറ്റൊരാളായിരുന്നു. ഇയാളെ പിടികൂടിയിട്ടില്ല. കുവൈറ്റില്‍ ഇരുന്ന് മയക്കുമരുന്ന് കടത്ത് നിയന്ത്രിക്കുന്ന കാസര്‍കോട് സ്വദേശിയെയും  പിടിയിലായവര്‍ക്ക് രഹസ്യ അറയില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് നല്‍കിയ തമിഴ്‌നാട് സ്വദേശിയായ ബാഗ് നിര്‍മ്മാണ തൊഴിലാളി എന്നിവള്‍ ഉള്‍പ്പെടെ നിരവധി പേരെ കേസില്‍ പിടികൂടാനുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.