കീഴടങ്ങലിന് പിന്നില്‍ ദുരൂഹത

Monday 19 February 2018 2:55 am IST

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ സിപിഎം പ്രാദേശിക നേതാക്കളോടൊപ്പം ഇന്നലെ മാലൂര്‍ സ്റ്റേഷനില്‍ സിപിഎമ്മുകാരായ രണ്ട് പ്രതികള്‍ കീഴടങ്ങിയതില്‍ ദുരൂഹത. കീഴടങ്ങലില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും സംശയം. രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യത്തിലുള്ള സംശയം രഹസ്യമായി ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. 

പരോളിലിറങ്ങിയ സിപിഎം ക്രിമിനലുകളായ തടവുകാരാണ് കൊലപാതകത്തിന് പിന്നിലെന്ന ആരോപണവും നിലനില്‍ക്കുകയാണ്. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കുക, പരോള്‍ പ്രതികള്‍ക്ക് കൃത്യത്തില്‍ പങ്കുള്ളതായ ആരോപണത്തിനു തടയിടുക, അന്വേഷണം ഉന്നത നേതൃത്വങ്ങളിലേക്കെത്താതിരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ഈ നീക്കത്തിനു പിന്നിലുണ്ട്. 

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനുമായി വളരെ അടുത്ത ബന്ധമുള്ളവരാണ് കീഴടങ്ങിയ രണ്ടുപേരും. പ്രതികള്‍ ജയരാജനൊടൊത്തുളള ഫോട്ടോകള്‍ സാമൂഹ്യ-ദൃശ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതും ദുരൂഹതയ്ക്ക് ആക്കം കൂട്ടുന്നതാണ്. 

യഥാര്‍ഥ പ്രതികളെ പൊലീസ് പിടികൂടുമെന്നു വിശ്വാസമില്ലാത്ത സാഹചര്യത്തില്‍, സിബിഐ അന്വേഷണം വേണമെന്ന് ഷുഹൈബിന്റെ അച്ഛന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.  കേസന്വേഷണം സിബിഐ ഏറ്റെടുത്താല്‍ സിപിഎം ഉന്നത നേതൃത്വം കുടുങ്ങുമെന്നുളള തിരിച്ചറിവും കീഴടങ്ങലിന് പിന്നിലുണ്ടെന്ന് അറിയുന്നു.

കൊലക്കേസ് പ്രതികളായ തടവുകാരെ കൊല നടത്താന്‍ നിയോഗിച്ചെന്ന റിപ്പോര്‍ട്ട് ശരിയെന്നു തെളിഞ്ഞാല്‍  പാര്‍ട്ടി മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനും പ്രതിസന്ധിയിലാവും. ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവത്തിന്റെ പേരില്‍ സര്‍ക്കാരിനും സിപിഎം നേതൃത്വത്തിനും കനത്ത വിലനല്‍കേണ്ടി വരുമെന്ന തിരിച്ചറിവും കീഴടങ്ങലിനു പിന്നിലുണ്ടെന്ന സംശയവും വിവിധ കോണുകില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.

 കൂടാതെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയടക്കമുള്ളവരാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഉപദേശക സമിതിയിലുള്ളതെന്നത് പരോള്‍ പ്രതികളാണ് കൃത്യം നിര്‍വ്വഹിച്ചതെന്ന ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.