മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് ഭീഷണിയുണ്ടോ?

Monday 19 February 2018 12:57 pm IST
ബിജെപിയുടെ 21 അംഗങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസില്‍നിന്ന് ഒമ്പതും തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് ഒന്നും എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. അങ്ങനെ 60 ല്‍ 31 എംഎല്‍എമാരുടെ പിന്തുണയുള്ളപ്പോഴാണ് നാല് എന്‍പിഎഫ് അംഗങ്ങള്‍ മുന്നണിയില്‍ വന്നത്. നാഷണല്‍ പീപ്പിള്‍ പാര്‍ട്ടിയുടെ നാല് എംഎല്‍എമാരും ലോക് ജനശക്തിയുടെ ഒരു എംഎല്‍യും ഒരു സ്വതന്ത്രനും ചേര്‍ന്ന് ബിജെപി മുന്നണിയില്‍ 41 അംഗങ്ങളുള്ളപ്പോഴാണ് എന്‍പിഎഫിന്റെ ഭീഷണി. അതുകൊണ്ടുതന്നെ വലിയ രാഷ്ട്രീയ ഭീഷണിയില്ല.

ഇംഫാല്‍: ബിജെപി നയിക്കുന്ന ഭരണ മുന്നണിയില്‍നിന്ന് പിന്‍മാറുന്ന കാര്യം ആലോചിക്കുന്നതായി നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്). 60 അംഗ നിയമസഭയില്‍ ബിജെപി മുന്നണിയുണ്ടാക്കിയാണ് സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ളത്. ഇതില്‍ ഉള്‍പ്പെട്ട എന്‍പിഎഫിന് നാല് എംഎല്‍എമാരാണ്. നാഗാലാന്‍ഡ് തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പു നടക്കുന്ന ഫെബ്രുവരി 27 കഴിഞ്ഞാല്‍ തീരുമാനമുണ്ടാകുമെന്ന് എന്‍പിഎഫ് സംസ്ഥാന അദ്ധ്യക്ഷന്‍ മാറുങ് മാകുങ്ഗ പറഞ്ഞു. എന്നാല്‍, സര്‍ക്കാരിനോ ഭരണത്തിനോ മുന്നണിയ്ക്കോ ഒരു ഭീഷണിയുമില്ലെന്ന് ബിജെപി കേന്ദ്രങ്ങള്‍ പറയുന്നു.

ബിജെപിയുടെ 21 അംഗങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസില്‍നിന്ന് ഒമ്പതും തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് ഒന്നും എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. അങ്ങനെ 60 ല്‍ 31 എംഎല്‍എമാരുടെ പിന്തുണയുള്ളപ്പോഴാണ് നാല് എന്‍പിഎഫ് അംഗങ്ങള്‍ മുന്നണിയില്‍ വന്നത്. നാഷണല്‍ പീപ്പിള്‍ പാര്‍ട്ടിയുടെ നാല് എംഎല്‍എമാരും ലോക് ജനശക്തിയുടെ ഒരു എംഎല്‍യും ഒരു സ്വതന്ത്രനും ചേര്‍ന്ന് ബിജെപി മുന്നണിയില്‍ 41 അംഗങ്ങളുള്ളപ്പോഴാണ് എന്‍പിഎഫിന്റെ ഭീഷണി. അതുകൊണ്ടുതന്നെ വലിയ രാഷ്ട്രീയ ഭീഷണിയില്ല.

അതേസമയം, എന്‍പിഎഫിന്റെ മുന്നറിയിപ്പ് കാര്യമായെടുക്കേണ്ടതില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ചന്‍ഡേല്‍ ജില്ലയ്ക്ക് സ്വയംഭരണം നല്‍കാമെന്ന് മുഖ്യമന്ത്രി എന്‍. ബീരേന്‍ സിങ്ങില്‍നിന്ന് ഉറപ്പു ലഭിച്ചതിനാലാണ് ബിജെപി മുന്നണിയില്‍ ചേര്‍ന്നതെന്നാണ് എന്‍പിഎഫ് പറയുന്നത്. ആ ഉറപ്പ് പാലിക്കുന്നില്ലെന്നാണ് പ്രസ്താവന. ആ ആവശ്യം അംഗീകരിക്കാമെന്ന് ഉറപ്പുകൊടുത്തിട്ടില്ലെന്നാണ് ബിജെപി നിലപാട്.

എന്നാല്‍, ദല്‍ഹിയില്‍ എഎപി എംഎല്‍എമാരെ അയോഗ്യരാക്കിയ ഇരട്ടപ്പദവിയായ പാര്‍ലമെന്ററി സെക്രട്ടറിമാരുടെ നിയമന പ്രശ്നം മാര്‍ച്ച് 13 ന് സംസ്ഥാന ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. കോണ്‍ഗ്രസില്‍നിന്ന് ബിജെപിയില്‍ പോയ എട്ടു പേരുള്‍പ്പെടെ 12 എംഎല്‍എമാരെ അയോഗ്യത കല്‍പ്പിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അത് കോടതി ശരിവെച്ചാല്‍ 29 എംഎല്‍എമാരി ചുരുങ്ങുന്ന സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി കാര്യം കാണാമെന്നാണ് എന്‍പിഎഫിന്റെ ലക്ഷ്യം. 

എന്നാല്‍, എംഎല്‍എമാരെ അയോഗ്യരാക്കിയാലും പ്രതിപക്ഷമായ കോണ്‍ഗ്രസിന് 19 അംഗങ്ങളേ ഉള്ളു. അയോഗ്യത വന്ന് നിയമസഭയില്‍ അംഗങ്ങളുടെ എണ്ണം 60 ല്‍ നിന്ന് 48 ആയാല്‍ ഭരണ ഭൂരിപക്ഷത്തിന് 24 അംഗങ്ങള്‍ മതി. എന്‍പിപി, എല്‍ജെപി, സ്വതന്ത്രന്‍ എന്നിവരും മുന്നണി വിട്ടാലേ സര്‍ക്കാരിന് പ്രശ്നമുണ്ടാകൂ. എല്‍ജെപി കേന്ദ്രത്തില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ്. 

അതേ സമയം ഏത് പ്രതിസന്ധിയുണ്ടായാലും നേരിടാമെന്ന ധൈര്യത്തിലാണ് ബിജെപി. 12 എംഎല്‍എമാരുടെ സീറ്റില്‍ തെരഞ്ഞെടുപ്പു വന്നാലും വിജയിക്കും. 19 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ പലരും ബിജെപിയിലേക്ക് വരാന്‍ സന്നദ്ധരാണ്, എന്നിങ്ങനെ സംസ്ഥാന ബിജെപിവൃത്തങ്ങള്‍ ആത്മ വിശ്വാസം പ്രകടിപ്പിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.