യോഗ്യതയിൽ തട്ടി എംജി വിസിയുടെ കസേര വീണ്ടും ഇളകി

Monday 19 February 2018 3:19 pm IST

 

കോട്ടയം: സംസ്ഥാനത്തെ മികച്ച സര്‍വ്വകലാശാലയ്ക്കുള്ള ചാന്‍സലേഴ്‌സ് ട്രോഫി ഏറ്റുവാങ്ങി തിളങ്ങി നില്‍ക്കുമ്പോഴാണ് യോഗ്യതയില്‍ തട്ടി എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഡോ. ബാബു സെബാസ്റ്റ്യന് പുറത്തേക്കുള്ള വഴി തുറന്നിരിക്കുന്നത്. ആഗസ്റ്റില്‍ കാലാവധി പൂര്‍ത്തിയാകാനിരിക്കെയാണ് വിസിയായിരിക്കാന്‍ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി നിയമനം ഹൈക്കോടതി റദ്ദാക്കിയത്. 

മുന്‍ വിസി ഡോ. എ.വി. ജോര്‍ജിനും കാലാവധി പൂര്‍ത്തിയാക്കാതെയാണ്  സ്ഥാനം വിട്ടൊഴിയേണ്ടി വന്നത്. നിയമനത്തിന് പരിഗണിക്കപ്പെടുന്നതിനായി നല്‍കിയ ജീവിത രേഖയില്‍ ഇല്ലാത്ത യോഗ്യത അവകാശപ്പെട്ടതാണ് ജോര്‍ജിന് വിനയായത്. ഇതെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി ഗവര്‍ണ്ണര്‍ വൈസ് ചാന്‍സലറെ സ്ഥാനത്ത് നിന്ന് പുറത്താക്കി. 2014 മെയ് 12ന് ആണ് ഗവര്‍ണ്ണര്‍ ജോര്‍ജിനെ വിസി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. 

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഡോ. എ.വി ജോര്‍ജും അതിന് ശേഷം ഡോ. ബാബു സെബാസ്റ്റ്യനും വിസിമാരായി നിയമിതരായത്. ഇരുവരും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ നോമിനികളായിരുന്നു. യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ എംജി സര്‍വ്വകലാശാല വിസിയുടെ കസേര എപ്പോഴും മാണി വിഭാഗത്തിന് കാലകാലങ്ങളായി പതിച്ച് നല്‍കുകയായിരുന്നു. ഈ നിയമനങ്ങള്‍ക്ക് യുജിസിയുടെ ചട്ടങ്ങളോ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോ പാലിച്ചിരുന്നില്ല. ദല്‍ഹി മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഷീലാ ദീക്ഷിത് ഗവര്‍ണ്ണര്‍ സ്ഥാനം ഒഴിയുന്നതിന് തൊട്ട് മുമ്പാണ് ഡോ. ബാബു സെബാസ്റ്റ്യനെ വിസിയായി നിയമിച്ചുകൊണ്ടുള്ള ഫയലില്‍ ഒപ്പിട്ടത്. 

  വൈസ് ചാന്‍സലര്‍ നിയമനത്തിന് യുജിസി ചട്ടങ്ങള്‍ കര്‍ശനമാക്കിയതാണ് രാഷ്ടീയ നിയമനങ്ങള്‍ക്ക് തിരിച്ചടിയായത്. യുജിസിയുടെ ചട്ടമനുസരിച്ച് വിസി നിയമനത്തിന് പരിഗണിക്കാന്‍ പ്രൊഫസറായി പത്ത് വര്‍ഷത്തെ അദ്ധ്യാപന പരിചയം ഉണ്ടായിരിക്കണം. കേരളത്തിലെ സ്ഥിതി വച്ചാണെങ്കില്‍ എയ്ഡഡ്, ഗവണ്‍മെന്റ് കോളേജുകളില്‍ അസോസിയേറ്റ് പ്രൊഫസര്‍ വരെ മാത്രമാണ് സ്ഥാനക്കയറ്റം ലഭിക്കുന്നത്. യൂണിവേഴ്‌സിറ്റി ടീച്ചിങ് ഡിപ്പാര്‍ട്ടുമെന്റുകളില്‍ മാത്രമാണ് പ്രൊഫസര്‍ഷിപ്പ് അനുവദിക്കുന്നുള്ളൂ. പാലാ സെന്റ് തോമസ് കോളേജിലെ അദ്ധ്യാപകനായിരുന്ന ഡോ. ബാബു സെബാസ്റ്റ്യന്‍ അസോസിയേറ്റ് പ്രൊഫസര്‍ മാത്രമായിരുന്നു. 

ഡോ. ബാബു സെബാസ്റ്റ്യന്‍ വിസിയായിരുന്നപ്പോള്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ ചെറുതല്ല. സര്‍വ്വകലാശാലയെ പൂര്‍ണ്ണമായി ഓണ്‍ലൈനാക്കാനും പരീക്ഷാഫലങ്ങള്‍ റെക്കോഡ് വേഗത്തില്‍ പ്രസിദ്ധീകരിക്കാനും കഴിഞ്ഞു. ഈ നേട്ടങ്ങളാണ് ചാന്‍സലേഴ്‌സ് ട്രോഫിക്ക് അര്‍ഹമാക്കിയത്. ഹൈക്കോടതിയുടെ വിധി പകര്‍പ്പ് ലഭിച്ചതിന് ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.