സ്വകാര്യ ബസ് സമരം: ബസുടമകള്‍ക്ക് നോട്ടീസ് നല്‍കും

Monday 19 February 2018 3:37 pm IST
പെര്‍മിറ്റ് നിബന്ധന പാലിക്കാത്തതിന് കാരണം വിശദമാക്കണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ക്ക് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ. പത്മകുമാര്‍ അറിയിച്ചു.

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം നേരിടാന്‍ സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക്. പെര്‍മിറ്റ് നിബന്ധന പാലിക്കാത്തതിന് കാരണം വിശദമാക്കണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ക്ക് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ. പത്മകുമാര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് എല്ലാ ആര്‍ടിഒമാര്‍ക്കും കമ്മീഷണര്‍ നിര്‍ദേശം നല്‍കി. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കുന്ന നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങും. 

സമരത്തിന്റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ച് സര്‍വീസ് നടത്താതിരിക്കുന്നത് അംഗീകരിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. സമരം തുടരാനാണ് തീരുമാനമെങ്കില്‍ കര്‍ശന നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകേണ്ടി വരുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞിരുന്നു. ബസുകള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് സര്‍ക്കാരിനെ നയിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. 

വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കില്ലെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേര്‍ത്തു. സമരത്തിലുള്ള ബസുടമകളുടെ സംഘടനകളുമായി ഞായറാഴ്ച സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതോടെ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.