കുളങ്ങളെ മറന്നത് വിനയായി

Monday 19 February 2018 3:55 pm IST

 

കുണ്ടറ: വരള്‍ച്ചയാകുമ്പോള്‍ മാത്രം ഓര്‍മയില്‍ എത്തുന്ന കുളങ്ങള്‍ നാട്ടില്‍ ധാരാളമാണ്. അതില്‍പെടുന്ന ഒന്നാണ് പായലുകള്‍ നിറഞ്ഞു വൃത്തിഹീനമായ ചിറമ്പനാട്ടു കുളം. തൃക്കോവില്‍വട്ടം പഞ്ചായത്തില്‍ കല്ലുവെട്ടാംകുഴിയില്‍ നിന്നും ചെറിയേലായിലേക്കു പോകുന്ന റോഡിനു സമീപത്തുള്ള കുളമാണിത്.   

വരള്‍ച്ചതുടങ്ങുമ്പോള്‍ കുളങ്ങളും ജലസ്രോതസ്സുകളും സംരക്ഷിക്കപ്പെടണമെന്ന് മുറവിളി കൂട്ടുകയും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ മഴ പെയ്തു കഴിയുമ്പോള്‍ സൗകര്യപൂര്‍വം ഇതെല്ലാം മറന്നുകളയുന്നതിന് തെളിവ് കൂടിയാണ് ഈ കുളം. 

കുണ്ടറ നിയോജകമണ്ഡലത്തിലെ ഇളമ്പള്ളൂര്‍, കൊറ്റങ്കര, തൃക്കോവില്‍വട്ടം പഞ്ചായത്തുകളില്‍ നിരവധി കുളങ്ങളും തണ്ണീര്‍ത്തടങ്ങളും മറ്റു ജലസ്രോതസ്സുകളുമുണ്ട്. ഇവയില്‍ ഏറെയും മലിനമാകുന്നത് പ്ലാസ്റ്റിക്കുകള്‍, ഇറച്ചി മാലിന്യങ്ങള്‍, മറ്റു പാഴ്‌വസ്തുക്കള്‍ എന്നിവ അടിഞ്ഞുകൂടിയാണ്. ജലസ്രോതസുകളായ കുളങ്ങള്‍ വൃത്തിയാക്കിയെടുത്താല്‍ തന്നെ ഈ ഭാഗങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്ന് തൃക്കോവില്‍വട്ടം പഞ്ചായത്തിലെ ചേരീക്കോണം വാര്‍ഡുമെമ്പര്‍ സുനിത്ദാസ് പറയുന്നു. 

കൊല്ലം-കണ്ണനല്ലൂര്‍ റോഡില്‍ കണിയാംതോടു അഴുക്കും മറ്റും നിറഞ്ഞു മലിനമായി കിടക്കുകയാണ് എന്നാല്‍ ചില'ഭാഗങ്ങളില്‍ നാട്ടുകാര്‍ പരിസരത്തെ കുളങ്ങളിലെ പായലുകളും മറ്റും നീക്കി വൃത്തിയാക്കാറുണ്ട്.

വൃത്തിയാക്കാതെ കിടക്കുന്ന കുളങ്ങളും മറ്റും സര്‍ക്കാര്‍ മുന്‍കയ്യെടുത്തു വൃത്തിയാക്കിയാല്‍ വിവിധ പദ്ധതികളുടെ പേരില്‍ പാഴാക്കിക്കളയുന്ന കോടികള്‍ ജനങ്ങഴ്ക്ക് പ്രയോജനപ്പെടും. ഓരോ വീടുകള്‍ നിര്‍മ്മിക്കുമ്പോഴും മഴക്കുഴി നിര്‍മ്മിക്കാനുള്ള ബോധവല്‍ക്കരണവും വേണം. 

സംസ്ഥാനസര്‍ക്കാരും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ജലസേചനവകുപ്പും എല്ലാവരും ചേര്‍ന്ന് ഇപ്പോഴെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ രൂക്ഷമായ ജലക്ഷാമം ഉണ്ടാകാനിടയുണ്ടെന്നും പൊതുജനങ്ങളില്‍ ആശങ്കയുണ്ട്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.