15 പേരുടെ ജീവത്യാഗം ആഘോഷമാക്കി കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ വിതരണം

Tuesday 20 February 2018 2:45 am IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് കൊട്ടിഘോഷിച്ച് നടക്കുമ്പോള്‍  ഏറെ പ്രതീക്ഷയോടെ പെന്‍ഷനു വേണ്ടി കാത്തിരുന്ന 15 പേര്‍ പട്ടികയിലില്ല. പെന്‍ഷനു വേണ്ടി സഹകരണ ബാങ്കില്‍ ഇവര്‍ക്ക് അക്കൗണ്ട് തുറക്കേണ്ടതില്ല. ചിലര്‍ക്ക് പെന്‍ഷന്‍ വാങ്ങാന്‍ ഇനി ആശ്രിതരുമില്ല.

അര്‍ഹതപ്പെട്ട പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് നിത്യവൃത്തിക്കു വകയില്ലാതെ വന്നപ്പോള്‍  യാചിക്കാന്‍ നില്‍ക്കാതെ അധികാരികളുടെ കണ്ണു തുറപ്പിക്കാന്‍ ജീവിതം ഹോമിക്കപ്പെട്ടവരാണ് 15 പേര്‍.  തിരുവനന്തപുരം സ്വദേശി സുകുമാരന്‍നായരായിരുന്നു ആദ്യ പെന്‍ഷന്‍ രക്തസാക്ഷി. ഏറ്റവും ഒടുവില്‍   കണ്ണൂര്‍ കതിരൂരിലെ ബാബുവും. ആത്മഹത്യയുടെ എണ്ണം ദിനം പ്രതികൂടിയപ്പോഴാണ് പെന്‍ഷന്‍ നല്‍കണമെന്ന് സര്‍ക്കാരിന് വീണ്ടു വിചാരമുണ്ടായത്. പെന്‍ഷന്‍ കിട്ടാതെ ആത്മഹത്യചെയ്തവരുടെ എണ്ണം സര്‍ക്കാര്‍ കണക്കില്‍ 15 ആണെങ്കിലും   മുപ്പതിലധികം പേരുണ്ടെന്നാണ് പെന്‍ഷന്‍ സംഘടനകളുടെ വാദം.

സഹകരണ ബാങ്കുകളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ  കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായി അഞ്ചുമാസത്തെ കുടിശ്ശിക യുള്‍പ്പെടെയുള്ള പെന്‍ഷന്‍ വിതരണമാണ് പുനരാരംഭിക്കുന്നത്.  ആകെയുള്ള 39,045 പെന്‍ഷന്‍കാര്‍ക്കായി  കുടിശ്ശിക നല്‍കാന്‍ 219 കോടി രൂപവേണം. ആദ്യ ഘട്ടത്തില്‍  198 സംഘങ്ങള്‍ പണം നല്‍കാന്‍ സ്വമേധയാ തയ്യാറായിട്ടുണ്ട്. ബാങ്കുകള്‍ക്കുള്ള  തുക പലിശയുള്‍പ്പെടെ ആറുമാസത്തിനകം  തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ പറയുന്നു. 

പെന്‍ഷന്‍ വാങ്ങാനും ഇനി കടമ്പകള്‍ ഏറെയാണ്. സഹകരണ ബാങ്കില്‍ 500 രൂപ നല്‍കി അക്കൗണ്ട് തുടങ്ങണം. ഇതിലേയ്ക്കായി കണ്‍സോര്‍ഷ്യം ഒപ്പിട്ട ബാങ്കുകള്‍ക്ക് മുന്നില്‍ കഴിഞ്ഞ രണ്ടു ദിവസമായി പെന്‍ഷന്‍കാരുടെ നീണ്ട ക്യൂവാണ്. ബാങ്കില്‍ എത്തിയാലും കടമ്പകള്‍ ഏറെ. ബാങ്കിന് കെഎസ്ആര്‍ടിസി നല്‍കിയ പട്ടികയില്‍ തങ്ങളുടെ പേര് ഉണ്ടോ എന്ന് നോക്കണം. പേര് ഇല്ലെങ്കില്‍ ഏത് ബാങ്കിലെ പട്ടികയിലാണ്  തങ്ങളുടെ പേര് ഉള്ളതെന്ന് കണ്ടെത്തി ആ ബാങ്കില്‍ ചെന്ന് അക്കൗണ്ട് തുടങ്ങണം.

പരസഹായത്തോടെയാണ് പലരും രാവിലെ മുതല്‍ ബാങ്കുകള്‍ക്ക്  മുന്നില്‍ എത്തിയത്. എടിഎം വഴി പെന്‍ഷന്‍  സ്വീകരിച്ചിരുന്നവര്‍ ഇനി എല്ലാ മാസവും ബാങ്കുകള്‍ക്ക് മുന്നില്‍ എത്തേണ്ടതായും വരും. എങ്കിലും ബുദ്ധിമുട്ടുകള്‍ എല്ലാം സഹിച്ച് അര്‍ഹതപ്പെട്ട പെന്‍ഷനു വേണ്ടി പെടാ പാടുപെടുകയാണ് വൃദ്ധജനങ്ങളുള്‍പ്പെടെയുള്ളവര്‍. 

പെന്‍ഷന്‍ വിതരണത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍   നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍   നിര്‍വ്വഹിക്കും. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും ചടങ്ങില്‍ സംബന്ധിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.