വണ്‍ ബെല്‍റ്റ് ആന്‍ഡ് വണ്‍ റോഡിനു പകരം ചതുര്‍രാഷ്ട്ര കൂട്ടായ്മയില്‍ മറ്റൊരു പദ്ധതി

Tuesday 20 February 2018 2:45 am IST

സിഡ്‌നി: ചൈനയുടെ വണ്‍ ബെല്‍റ്റ് ആന്റ് വണ്‍ റോഡ് പദ്ധതിക്കു പകരം മറ്റൊന്നിന് രൂപം കൊടുക്കാനൊരുങ്ങി ചതുര്‍ രാഷ്ട്ര കൂട്ടായ്മ. ആസ്‌ട്രേലിയ, ജപ്പാന്‍, അമേരിക്ക, ഇന്ത്യ എന്നീ രാജ്യങ്ങള്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് സൂചന. ഓസ്‌ട്രേലിയന്‍ ഫിനാന്‍ഷ്യല്‍ റിവ്യു ആണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍  ഈ ആഴ്ച അമേരിക്ക സന്ദര്‍ശിക്കുമെങ്കിലും പ്രാരംഭഘട്ടത്തിലുള്ള ചതുര്‍ രാഷ്ട്ര സഹകരണ പാതയുടെ പദ്ധതി പ്രഖ്യാപനത്തിന് സാധ്യതയില്ല. 

എന്നാല്‍ പദ്ധതിയെക്കുറിച്ച്  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയും തമ്മില്‍ ചര്‍ച്ചനടത്തും.  ചൈനയില്‍ അടിസ്ഥാന സൗകര്യ വികസനം പാടില്ലെന്ന് ആരും പറഞ്ഞിട്ടില്ല. ചൈന സാമ്പത്തികശേഷിയെ മറികടന്നുള്ള തുറമുഖം പണികഴിക്കും. എന്നാല്‍ തങ്ങള്‍ സാമ്പത്തികശേഷിക്കനുസരിച്ച്  റോഡ്, റെയില്‍ ഗതാഗതങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെയുള്ള വികസനവും നിലനില്‍പ്പുമാണ് പ്രതീക്ഷിക്കുന്നത്. ചൈനയ്ക്ക് എതിരായല്ല മറിച്ച് മറ്റൊരു ഒരു പദ്ധതിയാണ് ലക്ഷ്യമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.  സഹകരണ ചതുര്‍-പാതയുമായി ബന്ധപ്പെട്ട് ഇന്ത്യ, ആസ്‌ട്രേലിയ, അമേരിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ നിരന്തര ചര്‍ച്ച നടത്തി വരികയാണെന്നും ജാപ്പനീസ് ചീഫ് ക്യാബിനെറ്റ്  സെക്രട്ടറി യോഷിഹിഡേ സുഗ പറഞ്ഞു. 

60തില്‍പരം രാജ്യങ്ങളില്‍ സാമ്പത്തിക നിക്ഷേപങ്ങളിലൂടെയും ആഗോള ഗതാഗത, വാണിജ്യ ശൃംഗലകള്‍ തുറക്കുന്നതിലൂടെയും അന്താരാഷ്ട്ര തലത്തില്‍ വന്‍ ശക്തിയാവുക എന്ന ലക്ഷ്യത്തോടെയാണ് ചൈനീസ് പ്രസിഡന്റ് സീജിന്‍ പിങ്ങ് വണ്‍ ബെല്‍റ്റ് ആന്റ് വണ്‍ റോഡ് പദ്ധതിക്ക് രൂപം കൊടുത്തത്. കഴിഞ്ഞ മെയില്‍ വിവിധ രാജ്യത്തലവന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ബീജിങ്ങില്‍ സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനത്തില്‍ പദ്ധതിക്കായി 12400കോടി ഡോളര്‍ മുടക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.