ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം എറണാകുളത്ത്

Tuesday 20 February 2018 2:45 am IST

കൊച്ചി: ഹിന്ദു ഐക്യവേദിയുടെ പതിനഞ്ചാമത് സംസ്ഥാന സമ്മേളനം ഏപ്രില്‍ 6,7,8 തീയതികളില്‍ എറണാകുളം ഭാസ്‌ക്കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍. 'കേരള നവോത്ഥാനം ഹിന്ദു ഐക്യത്തിലൂടെ' എന്നാണ് സമ്മേളനത്തിന്റെ സന്ദേശം. ഇരുനോറോളം സമുദായ-സാംസ്‌ക്കാരിക-സാമൂഹ്യസംഘടനകളില്‍ നിന്നുമായി മുന്നൂറിലധികം  നേതാക്കള്‍ പങ്കെടുക്കുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

മഹിളാ ഐക്യവേദിയുടെ വനിതാ നേതൃസംഗമം, ക്ഷേത്ര ഏകോപന സമ്മേളനം, മതേതരഭരണകൂടവും ഹിന്ദുക്ഷേത്രങ്ങളും, മാധവിക്കുട്ടി മുതല്‍ അഖില വരെ, ദളിത് പീഡനത്തിലെ രാഷ്ട്രീയം എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍, പ്രതിനിധി സമ്മേളനം, സമ്പൂര്‍ണ്ണ സംസ്ഥാന സമിതി എന്നിവയാണ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. 

സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നിലപാടുകള്‍, ലൗ ജിഹാദ്, മത ഭീകരത, ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കല്‍, മത തീവ്രവാദികളുടേയും മാവോയിസ്റ്റ് സംഘടനകളുടേയും അവിശുദ്ധ കൂട്ടുകെട്ട്, മലകളും കുന്നുകളും കയ്യേറുവാന്‍ മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന സംഘടിത പ്രവണതകള്‍, സാമൂഹിക നീതി സംരക്ഷിക്കുന്നതില്‍ സര്‍ക്കാരുകളുടെ അനാസ്ഥ, ദളിത് പീഡനങ്ങള്‍, സ്ത്രീ പീഡനങ്ങള്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ നിരവധി വിഷയങ്ങളെ സംബന്ധിച്ച് ചര്‍ച്ചകളും പ്രമേയങ്ങളും അവതരിപ്പിക്കും. 

സംസ്ഥാന സമ്മേളനത്തിന്റെ നടത്തിപ്പിനായി 301 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ചെയര്‍മാനായി അഡ്വ.എന്‍ അനില്‍കുമാറിനെയും കെ.ആര്‍. രമേഷ്‌കുമാര്‍ ജനറല്‍ കണ്‍വീനറായും, കെ.പി. സുരേഷിനെ സംസ്ഥാന സംയോജകായും തെരഞ്ഞെടുത്തു. സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി മാര്‍ച്ച് 31 ഹനുമത് ജയന്തി ദിനം പതാകദിനമായി സംസ്ഥാന വ്യാപകമായി ആചരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പി. സുരേഷ്, സംസ്ഥാന ഉപാധ്യക്ഷന്‍ ക്യാപ്റ്റന്‍ സുന്ദര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.