കണ്ണീരണിയിച്ച് കറുത്തപൊന്ന്

Tuesday 20 February 2018 2:45 am IST

കുമളി: ഒരു വര്‍ഷത്തിനിടെ കുരുമുളകിന്റെ വില നേര്‍ പകുതിയായി ഇടിഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരുകിലോ കുരുമുളകിന് 680 രൂപയായിരുന്നു വില. ഇപ്പോഴത്തെ വിപണി വില 385 രൂപ. ഒരുമാസത്തിനിടെ 100 രൂപയാണ് കുറഞ്ഞത.് പ്രതിദിനം വില കുറയുന്നതിനാല്‍ വിപണി വിലയേക്കാള്‍ പത്ത് രൂപ വരെ താഴ്ന്ന നിരക്കിലാണ് ഹൈറേഞ്ചിലെ മൊത്ത വ്യാപാരികള്‍ കര്‍ഷകരില്‍ നിന്ന് കുരുമുളക് സംഭരിക്കുന്നത്. 

കുരുമുളകിന്റെ വിളവെടുപ്പ് സമയത്ത് എല്ലാ വര്‍ഷവും വിലകുറയുന്നത് പതിവാണെങ്കിലും ഇത്രയും കനത്ത വിലയിടിവ് നൂറ്റാണ്ടുകള്‍ക്കിടെ ആദ്യമായാണെന്ന് കര്‍ഷകര്‍ പറയുന്നു. നിരന്തരം വില കുറയുന്നതിന്റെ കാരണം ഉത്പാദനത്തില്‍ വര്‍ദ്ധനവുണ്ടായതാണെന്നാണ് വ്യാപാരികളുടെ പക്ഷം. പക്ഷേ സംസ്ഥാനത്തെ ആകെ ഉത്പാദനത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്ന് കണക്കുകളും പറയുന്നു. 

കൃത്രിമമായി വിലയിടിച്ച് ഗുണമേന്മയുള്ള ഉത്പന്നം കൃഷിക്കാരില്‍ നിന്ന് തട്ടിയെടുക്കാനുള്ള ആസൂത്രിത നീക്കമാണ് തുടര്‍ച്ചയായ വിലയിടിവിന് കാരണമെന്ന് ചെറുകിട കര്‍ഷകര്‍ ആരോപിക്കുന്നു. ഉത്പാദന ചെലവ്, വിളവെടുപ്പ് കൂലി എന്നിവ അനിയന്ത്രിതമായി വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. 

കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കുരുമുളക് കൃഷി വ്യാപകമായിട്ടുണ്ട്. കേരളവുമായി താരതമ്യം ചെയ്താല്‍ മറ്റു സംസ്ഥാനങ്ങളില്‍ ഉത്പാദന ചെലവ് കുറവാണ്. വര്‍ഷത്തില്‍ ഒരു തവണ മാത്രം വിളവ് ലഭിക്കുന്ന സുഗന്ധവ്യഞ്ജന വിള എന്ന നിലയ്ക്ക് കുരുമുളക് കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ചെറുകിട കര്‍ഷകര്‍ക്ക് കനത്ത ആഘാതമാണ് വിലയിടിവ് ഉണ്ടാക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.