പെണ്‍കരുത്തില്‍ രുചിക്കലവറ

Tuesday 20 February 2018 2:00 am IST

 

നെയ്യാറ്റിന്‍കര: പെണ്‍കരുത്തില്‍ രുചിക്കലവറ തുറന്നു. ദേശീയ പാതയില്‍ ബാലരാമപുരം വഴിമുക്കിന് സമീപമാണ് നെയ്യാറ്റിന്‍കര നഗരസഭയിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കുടുംബശ്രീ കഫേ പ്രവര്‍ത്തനമാരംഭിച്ചത്.

രുചിയൂറുന്ന മലബാര്‍ വിഭവങ്ങളായ സ്വര്‍ഗക്കോഴിയും 10 പാലടയും ഗ്രേവിയും 480 രൂപയ്ക്ക് ലഭിക്കും. കല്ലുമ്മക്കായ ഒരു പ്ലേറ്റിന് 100 രൂപയേയുള്ളൂ. പോത്ത് പെരട്ട് പ്ലേറ്റിന് 100 രൂപയാണ്. എട്ടു കറികളുള്‍പ്പെടെ കപ്പയും മീന്‍കറിയും കൂട്ടിയുള്ള ഊണിന് 35 രൂപയാണ് വില. ചായയ്ക്കും വടകള്‍ക്കും അഞ്ച് രൂപയാണ് വില. ചിക്കന്‍ കട്‌ലറ്റും കിണ്ണത്തപ്പവും സമൂസയും തുടങ്ങി വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ രാവിലെ 10 മുതല്‍ ഇവിടെ ലഭ്യമാണ്.

ഭക്ഷണശാല തുടങ്ങുന്നതിന് ഐഫ്രമിന്റെ നേതൃത്വത്തില്‍ മൂന്നാഴ്ച പ്രത്യേക പരിശീലനം നല്‍കി. കോഴിക്കോടന്‍-മലബാര്‍ വിഭവങ്ങള്‍ തയ്യാറാക്കാനാണ് വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ചത്. ഏറ്റവും മികച്ച കുടുംബശ്രീയായ അനുഗ്രഹ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് കഫേ തുടങ്ങിയത്. മറ്റ് കുടുംബശ്രീ അംഗങ്ങളും സംരംഭത്തില്‍ പങ്കാളികളായി. കുടുംബശ്രീ അംഗങ്ങളായ ഹസീന റഫീക്ക്, ജി. സൗമ്യ, സൗമ്യ സുനില്‍, സുഗതകുമാരി, രേഷ്മ, ആര്‍. രാഖി, സബൂറ, സുഗത, മല്ലിക, നസീയത്ത് ബീവി എന്നിവരോടൊപ്പം പുരുഷന്മാരായ റഫീക്കും റാഷിദും സഹായത്തിനുണ്ട്. വിനോദ സഞ്ചാരികള്‍ക്കും മറ്റും 9746938313 എന്ന മൊബെലില്‍ വിളിച്ച് ഓര്‍ഡര്‍ ചെയ്താലും ഭക്ഷണം ലഭ്യമാക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. 

ഉദ്ഘാടനം കെ. ആന്‍സലന്‍ എംഎല്‍എ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു.ആര്‍. ഹീബ, വൈസ് ചെയര്‍മാന്‍ കെ.കെ. ഷിബു, സ്ഥിരം സമിതി അംഗങ്ങളായ കെ.പി. ശ്രീകണ്ഠന്‍നായര്‍, എം. അലി ഫാത്തിമ, പുന്നയ്ക്കാട് സജു, സുകുമാരി, എന്‍.കെ. അനിതകുമാരി, ഷാമില, എ. സലീം, വ്യാപാരി വ്യവസായിസമിതി ഏര്യാ സെക്രട്ടറി എം. ഷാനവാസ്, എഡിഎസ് ചെയര്‍പേഴ്‌സണ്‍ മാജിത എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.