വനം ദേവസ്വം ഭൂമി: സംയുക്ത സര്‍വ്വേ തുടങ്ങി

Tuesday 20 February 2018 2:45 am IST

പത്തനംതിട്ട: ശബരിമലയിലേയും പമ്പയിലേയും ദേവസ്വംബോര്‍ഡിന്റേയും വനംവകുപ്പിന്റേയും ഭൂമി അളന്നു വേര്‍തിരിക്കാനുള്ള സംയുക്തസര്‍വ്വേ നടപടികള്‍ ആരംഭിച്ചു. ഇന്നലെ പമ്പ ഹില്‍ടോപ്പിലാണ് സര്‍വ്വേ ആരംഭിച്ചത്.  പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക്  റോപ്പ്‌വേയ്ക്കുള്ള അടിത്തറ നിര്‍മ്മിക്കാനുള്ള സ്ഥലമാണ് ആദ്യം സര്‍വ്വേ നടത്തിയത്. 

സന്നിധാനം, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളിലുള്ള സ്ഥലങ്ങളും അളന്നു തിട്ടപ്പെടുത്തി ദേവസ്വം ഭൂമി വേര്‍തിരിക്കും. ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ കാലങ്ങളായി വനംവകുപ്പുമായി ഭൂമിയുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് ഉടലെടുക്കുന്ന തര്‍ക്കങ്ങള്‍ക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതോടെ ശാശ്വതപരിഹാരമാകും. ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്‍ എ. എസ്. പി. കുറുപ്പിന്റെ മേല്‍നോട്ടത്തിലാണ് സര്‍വ്വേ നടപടികള്‍ നടക്കുന്നത്. 

സര്‍വ്വേ നടപടികള്‍ തുടങ്ങുന്നതിനുമുമ്പ് ദേവസ്വം, വനം, റവന്യൂ, സര്‍വ്വേ വകുപ്പ് ഉദ്യോഗസ്ഥര്‍ പമ്പാ ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നിരുന്നു. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍, അഭിഭാഷക കമ്മീഷന്‍ എ.എസ്. പി. കുറുപ്പ്, കമ്മീഷണര്‍ എന്‍.വാസു, ചീഫ് എന്‍ജീനിയര്‍ വി.ശങ്കരന്‍ പോറ്റി, എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍ ആര്‍.അജിത് കുമാര്‍, ശബരിമല എക്‌സി.ഓഫീസര്‍ വി.എന്‍.ചന്ദ്രശേഖരന്‍, ഡെപ്യൂട്ടി കളക്ടര്‍ പി.ടി.ഏബ്രഹാം, പെരിയാര്‍ടൈഗര്‍ റിസര്‍വ്വ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ.ഹാബി, ഡി.എഫ്.ഒ. ഉണ്ണികൃഷ്ണന്‍, സര്‍വ്വേ റീജ്യണല്‍ ജോ.ഡയറക്ടര്‍ ബാബു തെക്കന്‍,എന്നിവര്‍ സന്നിഹിതരായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.