തഹസില്‍ദാരെ ഉപരോധിച്ചു; മുതുവാന്‍ സമുദായത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കി

Tuesday 20 February 2018 2:45 am IST

കോഴിക്കോട്: ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ട പട്ടികവര്‍ഗ സമുദായത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനം. ഹിന്ദു മുതുവാന്‍ അവകാശ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ കോഴിക്കോട് തഹസില്‍ദാര്‍ കെ.ടി. സുബ്രഹ്മണ്യനെ ഇന്നലെ അദ്ദേഹത്തിന്റെ ഓഫീസില്‍ ഉപരോധിച്ചതോടെയാണ് പ്രശ്‌നപരിഹാരത്തിന് വഴി തെളിഞ്ഞത്. 

പട്ടികവര്‍ഗ ആനുകൂല്യങ്ങള്‍ നിഷേധിച്ച് മുതുവാന്‍ സമുദായത്തിന് സര്‍ക്കാര്‍ ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കാത്തതിനെക്കുറിച്ച് 'ജന്മഭൂമി' വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാതാപിതാക്കള്‍ക്ക് പട്ടികവര്‍ഗ ആനുകൂല്യം നല്‍കുമ്പോഴും മക്കള്‍ക്ക് പട്ടികവര്‍ഗ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് വിവാദമായിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മുതുവാന്‍ സമുദായത്തിന് പട്ടികവര്‍ഗ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പറ്റില്ലെന്നായിരുന്നു റവന്യൂ അധികൃതരുടെ നിലപാട്. കിര്‍ത്താട്‌സിന്റെ പഠനവും സര്‍ക്കാര്‍ ഉത്തരവും കാണിച്ചിട്ടും നിലപാട് മാറ്റാന്‍ അധികൃതര്‍ തയാറായില്ല.

നീതി നിഷേധത്തിനെതിരെ മുക്കം കേന്ദ്രമായി രൂപീകരിച്ച ഹിന്ദു മുതുവാന്‍ അവകാശ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ ഇന്നലെ രണ്ടു മണിക്കൂറോളം കോഴിക്കോട് താലൂക്ക് ഓഫീസ് ഉപരോധിച്ചു.  ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ പിന്തുണയുമായി സ്ഥലത്തെത്തി. കളക്ടറോ എഡിഎമ്മോ സ്ഥലത്തെത്തി പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് എഡിഎം ടി. ജനില്‍കുമാര്‍ താലൂക്ക് ഓഫീസിലെത്തി സമരക്കാരുമായും ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി.

ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവോ രേഖകളോ ഉണ്ടെങ്കില്‍ അത് വ്യക്തമാക്കണമെന്ന് സമരക്കാര്‍ എഡിഎമ്മിനോട് ആവശ്യപ്പെട്ടു. മുതുവാന്‍ സമുദായത്തിന് സംവരണ ആനുകൂല്യം നല്‍കണമെന്ന് നിലവിലുള്ള ഉത്തരവ് കാണിച്ചുകൊണ്ട് അപേക്ഷകര്‍ക്കെല്ലാം ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പൂര്‍ണ്ണമായ രേഖകളോടെയുള്ള ആറ് അപേക്ഷകര്‍ക്ക് എഡിഎം ഇടപെട്ട് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനമായി. മറ്റ് അപേക്ഷകളില്‍ രേഖകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍, പി.പി. രഘുപ്രസാദ്, മാങ്കുനി ശിവാനന്ദന്‍, ഹിന്ദു മുതുവാന്‍ അവകാശ സംരക്ഷണസമിതി ഭാരവാഹികളായ സി. ഉണ്ണികൃഷ്ണന്‍, സാമി മാങ്കുന്നുമ്മല്‍, ടി. ശൈലേഷ്, ബാലകൃഷ്ണന്‍ ചേരിയില്‍, സതീശന്‍ മാങ്കുന്നുമ്മല്‍, വാസു ചേരിയില്‍, ബിന്ദു, മിനി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.