കേരളത്തില്‍ ഇനി സമരനാളുകള്‍: സി.കെ. ജാനു

Tuesday 20 February 2018 2:45 am IST

കല്‍പ്പറ്റ: കേരളത്തില്‍ വരുന്നത് സമരനാളുകളാണെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന അദ്ധ്യക്ഷ സി. കെ. ജാനു. 15-ാം മുത്തങ്ങ ദിനാചരണത്തില്‍  സംയുക്ത ഗോത്രസംഗമത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. 

ആദിവാസി പ്രശന്ങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് കേരളത്തില്‍നിന്ന് ഒരു സീറ്റ് സംവരണം നല്‍കുക, വനാവകാശ നിയമം പൂര്‍ണ്ണമായും നടപ്പാക്കുക, വേടര്‍ വിഭാഗത്തെ പട്ടികവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തുക, ആദിവാസി സ്വയംഭരണനിയമം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാവും സമരമെന്നും അവര്‍ പറഞ്ഞു.

 മണ്ണില്‍ ജീവിക്കാന്‍ മറ്റുള്ളവന്റെ ഔദാര്യം കാക്കേണ്ട അവസ്ഥയാണ് ഇന്ന് ആദിവാസിക്ക്. ഒരു തുണ്ട് ഭൂമിപോലും സ്വന്തമില്ലാത്തവരാണ് അധികവും. വീടുവെക്കാന്‍ രണ്ടുസെന്റ് ഭൂമിയെങ്കിലും മതി. മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് പറയുന്ന കേരളത്തിലാണ് ഈ ദുരവസ്ഥ. എല്ലാവര്‍ക്കും നല്‍കി മിച്ചംവരുന്ന ഭൂമിയല്ല ആദിവാസികള്‍ക്ക് നല്‍കേണ്ടത്. മണ്ണില്‍ ജീവിച്ച് മരിക്കാനുള്ള അവകാശം ആദിവാസിക്കുണ്ട്. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ച് നല്‍കണമെന്ന് സൂപ്രീംകോടതി പറഞ്ഞു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പകരം ഭൂമി നല്‍കാമെന്ന് പറഞ്ഞ് അത് അട്ടിമറിച്ചു. പിന്നീട് ഭൂമിയൊന്നും നല്‍കിയില്ല. 

ആദിവാസികളുടെ അവകാശങ്ങള്‍ക്കായി എല്ലാവരും ഒരുമിച്ച് നില്‍ന്ന് പോരാടും. ആദിവാസിക്കൂട്ടായ്മയില്‍ രാഷ്ട്രീയം കലര്‍ത്തില്ല.  15 വര്‍ഷമായി മുത്തങ്ങകേസ് നീളുന്നു. വെടിയേറ്റ് മരിച്ച ജോഗിയുടെ മരണം കൊലപാതകമായിപ്പോലും അംഗീകരിച്ചിട്ടില്ലെന്നും ജാനു പറഞ്ഞു. 

കുറുമ സമാജം സംസ്ഥാന സെക്രട്ടറി ബാലന്‍ പൂതാടി ഉദ്ഘാടനം ചെയ്ത ഗോത്രസംഗമത്തില്‍ വെച്ച് കേരളത്തിലെ 36 ആദിവാസി ഗോത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'ആദിവാസി ഗോത്ര സമുദായസമിതി' എന്ന സംഘടന രൂപീകരിച്ചു. വനവാസി വികാസകേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സി. പൈതല്‍, ജി. അശോകന്‍,ആദിവാസി വനിതാ പ്രസ്ഥാനം പ്രസിഡന്റ് അമ്മിണി, പ്രാക്തന ഗോത്രവര്‍ഗ്ഗ സംഘം സെക്രട്ടറി ബാബു, ഗോത്രമഹാസഭ സംസ്ഥാന സെക്രട്ടറി ബാബു കാര്യമ്പാടി, പണിയസമാജം വയനാട് ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണന്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.