ആകാശ് തില്ലങ്കേരി സിപിഎമ്മിന്റെ ചാവേര്‍ പോരാളി

Monday 19 February 2018 7:45 pm IST

 

പാനൂര്‍: നവമാധ്യമത്തിലൂടെ ശ്രദ്ധേയനായ ആകാശ് തില്ലങ്കേരി, പാര്‍ട്ടിയുടെ ചാവേര്‍സേന അംഗം. മട്ടന്നൂര്‍ ഷുഹൈബ് വധത്തില്‍ നേരിട്ടു പങ്കെടുത്ത ആകാശ് സംസ്ഥാന വ്യാപകമായി സിപിഎം നടത്തിയ മിക്ക അക്രമങ്ങളിലും പങ്കാളിയെന്ന് സൂചന. പാര്‍ട്ടിക്കു വേണ്ടി കൊല്ലാനും ചാവാനും തയ്യാറാണെന്ന് ആകാശ് തില്ലങ്കേരി എഫ്ബിയില്‍ കുറിച്ചിട്ടുണ്ട്. ചുവന്ന പുലരിക്കായി പ്രതീക്ഷയോടെ ഓരോ സഖാവും ആയുധമെടുക്കേണ്ടി വന്നാല്‍ അതിനു തയ്യാറാവണമെന്നും ചില ഉപദേശങ്ങള്‍ അസഹനീയമാണെന്നും ആകാശ് പറയുന്നുണ്ട്. 

 കക്കോത്തി എന്ന നവമാധ്യമ കൂട്ടായ്മയുടെ പേരിലും ആകാശും സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടന്നാല്‍ പൊടുന്നനെ പ്രതിരോധസേന എന്ന കൂട്ടായ്മ സംഘടിച്ചെത്തി തിരിച്ചടിക്ക് നേതൃത്വം നല്‍കും. ആകാശ് തില്ലങ്കേരിക്കൊപ്പം പാനൂര്‍, പാത്തിപാലം, കപ്പകടവ്, മാഹി, കൂത്തുപറമ്പ് ഭാഗത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് അക്രമങ്ങള്‍ ഏകോപിപ്പിക്കുന്നത്. ആയുധനിര്‍മ്മാണ പരിശീലനത്തിനു പുറമെ ബൗദ്ധികമായ ആശയങ്ങളും ചാവേര്‍സേനയിലുളളവര്‍ക്ക് നല്‍കുന്നുണ്ട്. സേനയുടെ പ്രധാനിയാണ് ആകാശ് തില്ലങ്കേരി. പിണറായി വിജയന്‍, പി.ജയരാജന്‍ എന്നിവരുമായി നേരിട്ട് ബന്ധമുളള ആകാശ് തില്ലങ്കേരി 11 കേസുകളില്‍ പ്രതിയാണ്. ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനീഷ് വധത്തിലും ഇയാള്‍ നേരിട്ടു പങ്കാളിയും പ്രതിയുമാണ്.

പയ്യന്നൂര്‍ ധനരാജ് രക്തസാക്ഷിദിനത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പേരെടുത്തു പറഞ്ഞ് കൊല്ലുമെന്ന് ആകാശ് മുദ്രാവാക്യം മുഴക്കുന്നതും പുറത്തുവന്നിട്ടുണ്ട്. 24 വയസില്‍ തന്നെ പാര്‍ട്ടിക്കായി സ്വയംചാവേറാകാന്‍ തയ്യാറായ നിരവധി പ്രവര്‍ത്തകരെ കണ്ണൂരില്‍ സിപിഎം തയ്യാറാക്കിയിട്ടുണ്ടത്രേ. നക്‌സല്‍ മാതൃകയിലാണ് ഇവരുടെ പ്രവര്‍ത്തനം. ഇതുസംബന്ധിച്ചുളള വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. ഷുഹൈബ് വധം സിബിഐ പോലുളള ഏജന്‍സികള്‍ അന്വേഷിച്ചാല്‍ ഇതെല്ലാം പുറത്തു വരുമെന്നുറപ്പാണ്. ബന്ധുക്കള്‍ സിബിഐ അന്വേഷണത്തിനു കോടതിയെ സമീപിക്കാനൊരുങ്ങുമ്പോള്‍ത്തന്നെ രണ്ടു പ്രതികള്‍ പിടിക്കപ്പെട്ടതും സംശയം ജനിപ്പിക്കുന്നതായിരുന്നു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.