ഇന്നലെ പുലിയെ കണ്ടത് റോഡരികില്‍ പുലി ഭീതിയൊഴിയാതെ കോട്ടേക്കുളം ഗ്രാമം

Monday 19 February 2018 2:10 am IST

 ഇന്നലെ പുലിയെ കണ്ടത് റോഡരികില്‍. കഴിഞ്ഞ മൂന്നാഴ്ചയോളമായി നാട്ടുകാരെ ഭീതിയിലാഴ്ത്തിയാണ് പുലി വിളയാടുന്നത്. 

    തിങ്കളാഴ്ച രാവിലെ അഞ്ചരയോടു കൂടി ടാപ്പിംഗിന് പോയ ഒടുകിന്‍ചോട് മൊന്തയില്‍ ജോണിയാണ് പുലിയെ കണ്ടത്. കഴിഞ്ഞ രണ്ടാഴ്ചയോളമായി ഇയാള്‍ ദിവസവും പുലിയെ കാണാറുണ്ട്. പുലര്‍ച്ചെ റബ്ബര്‍ ടാപ്പിംഗിന് പോകുന്ന തൊഴിലാളികളും പുലിയെ നിരന്തരം കാണുന്നുണ്ട്. ഇത് കൊണ്ട് തന്നെ ഈ മേഖലയിലെ ടാപ്പിംഗ് നിലച്ചിരിക്കുന്ന അവസ്ഥയാണ്.

    അതിരാവിലെ തന്നെ ടാപ്പിംഗ് നടത്തിയില്ലെങ്കില്‍ പാല്‍ ലഭിക്കാതെ വരുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ കര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടാകുന്നത്. പുലി ശല്യം രൂക്ഷമായതോടെ കഴിഞ്ഞ ദിവസം കെ.ഡി. പ്രസേനന്‍ എംഎല്‍എ സ്ഥലത്ത് സന്ദര്‍ശനം നടത്തിയിരുന്നു. 

   ഡിഎഫ്ഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് പുലിയെ പിടികൂടുന്നതിനായി കൂട് വയ്ക്കുന്നതുള്‍പ്പെടെ നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയെങ്കിലും യാതൊരുവിധ നടപടിയും ആയിട്ടില്ല. പുലിയിറങ്ങുന്ന പ്രദേശം ഡിഎഫ് ഒ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് വരെയും സന്ദര്‍ശിക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. 

    വനപാലകര്‍ അനങ്ങാപ്പാറ നയമാണ് സ്വാകരിക്കുന്നതെന്നാണ് ജനങ്ങള്‍ പറയുന്നത്. കോട്ടേക്കുളം ,പൂതനക്കയം, കൊട്ടടി, ഒടുകിന്‍ ചോട്, പാത്തിപ്പാറ പ്രദേശങ്ങളില്‍ കഴിഞ്ഞ 2 ആഴ്ചയിലധികമായി പുലിയെ നിരന്തരം നാട്ടുകാര്‍ കാണുന്നുണ്ട്. കഴിഞ്ഞ ദിവസം റോഡരികില്‍ പുലിയെകണ്ടതിനെ തുടര്‍ന്ന് ഭീതിയിലായ നാട്ടുകാര്‍ ഫോറസ് റ്റോഫീസില്‍ വിവരം അറിയിച്ചപ്പോള്‍ ഓഫീസില്‍ ഇന്‍സ്‌പെക്ഷന്‍ നടക്കുന്നതിനാല്‍ ഇപ്പോള്‍ വരാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. 

    പല തവണ വിവരമറിയിച്ചിട്ടും വനപാലകര്‍ കൂട് സ്ഥാപിക്കാനൊ നടപടികള്‍ സ്വീകരിക്കാനൊ തയ്യാറാവാത്തതിനാല്‍ ജനങ്ങള്‍ സംഘടിതമായി ഫോറസ് റ്റോഫീസിലേക്ക് പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നാണ് പറയുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.