സിപിഎം സമ്മേളനം വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നു

Tuesday 20 February 2018 2:45 am IST

തൃശൂര്‍: സംസ്ഥാന സമ്മേളനത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ ദുരുപയോഗം ചെയ്ത് സിപിഎം. നഗരത്തിലെ റോഡുകളും പൊതുസ്ഥലങ്ങളും പാര്‍ട്ടി കൈയേറി. പ്രതിനിധി സമ്മേളനം നടക്കുന്ന സംഗീത നാടക അക്കാദമി റീജണല്‍ തിയെറ്റര്‍ ആഴ്ചകളായി പാര്‍ട്ടി കൈയേറിയിരിക്കുന്നു. 

സമ്മേളനം കഴിയുന്നതുവരെ ഇവിടെ മറ്റ് പരിപാടികളൊന്നും അനുവദിക്കരുതെന്നാണ് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ പാര്‍ട്ടി നേതൃത്വം അക്കാദമി ഭാരവാഹികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ നേരിട്ടാണ് നിര്‍ദ്ദേശം നല്‍കിയത്. വാടകയിനത്തില്‍ മാത്രം ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുവഴി അക്കാദമിക്കുണ്ടായത്. 

റീജണല്‍ തിയെറ്റിന്റെ ഭിത്തികളിലും തൂണുകളിലും ചുവന്ന ചായം തേച്ചിട്ടുണ്ട്. ഇത് വാടക നിയമത്തിന്റെ ലംഘനമാണ്. രാമനിലയം മുതല്‍ ലളിതകലാ അക്കാദമി വരെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളെ മുഴുവന്‍ മറച്ച് ചൈനീസ് വന്‍മതിലിന്റെ മാതൃക തീര്‍ത്തിരിക്കുന്നു. രാമനിലയം, യാത്രി നിവാസ്, പുരാവസ്തു മ്യൂസിയം, സംഗീതനാടക അക്കാദമി, ലളിതകലാ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളാണ് മറയ്ക്കപ്പെട്ടത്. 

 കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള വടക്കുന്നാഥക്ഷേത്ര മൈതാനവും ആഴ്ചകളായി പാര്‍ട്ടിയുടെ കൈയിലാണ്. ഇവിടെയും മറ്റാര്‍ക്കും സമ്മേളനം കഴിയുന്നതുവരെ പരിപാടികള്‍ നടത്താനാകില്ല. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മൈതാനിയില്‍ ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത് മണ്ണ് നീക്കിയത് വിവാദമായിട്ടുണ്ട്. തൃശൂര്‍പൂരം പ്രദര്‍ശനത്തിന് വാടക കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ട ദേവസ്വം ബോര്‍ഡാണ് ആഴ്ചകളായി മൈതാനം സൗജന്യമായി വിട്ടുകൊടുത്തത്.  

ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടെയും വാഹനങ്ങളാണ് സമ്മേളനത്തിനായി പരക്കംപായുന്നത്. മുന്നോടിയായി നടക്കുന്ന സ്ത്രീ സമ്മേളനം, മുതിര്‍ന്നവരുടെ സമ്മേളനം തുടങ്ങിയവക്കൊക്കെ ആളെയെത്തിക്കുന്നതും ഈ വാഹനങ്ങളില്‍ത്തന്നെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.