ഷുഹൈബ് വധം: പോലീസിലെ സഖാക്കള്‍ ഒറ്റുകാരാകുന്നുവെന്ന് വിമര്‍ശനം

Monday 19 February 2018 8:43 pm IST

 

കണ്ണൂര്‍: മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ അന്വേഷണ സംഘാംഗങ്ങള്‍ക്കെതിരെ പോലീസില്‍ വിമര്‍ശനം. സഖാക്കളായി പെരുമാറുന്ന പോലീസുകാര്‍ റെയ്ഡ് അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നതായി കണ്ണൂര്‍ എസ്പി പോലീസ് ഉന്നതര്‍ക്കു മുന്നില്‍ പരാതി നല്‍കിയതായ വാര്‍ത്ത ഇന്നലെ ചില മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. 

ഡിജിപി, ഉത്തരമേഖല ഡിജിപി, ഐജി എന്നിവരെയാണ് കണ്ണൂര്‍ എസ്പി കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇത്തരം ഉദ്യോഗസ്ഥര്‍ അണ്‍പ്രഫഷനലാണെന്ന് അഭിപ്രായപ്പെട്ടു. ഇവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ അന്വേഷണത്തിന്റെ പുരോഗതി ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്‍ വിലയിരുത്തി. കേസന്വേഷണം ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു കൈമാറിയിരിക്കുകയാണ്. അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് പൊലീസിലുള്ളവര്‍ തന്നെ അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണവുമായി ശിവവിക്രം രംഗത്തെത്തിയത്. ഷുഹൈബ് വധക്കേസില്‍ യഥാര്‍ഥ പ്രതികളെ പിടികൂടുന്നതിനായി റെയ്ഡുള്‍പ്പെടെയുള്ള ചില നിര്‍ണായ ചുവടുവയ്പുകള്‍ പോലീസ് നടത്തിയിരുന്നു. 

എന്നാല്‍ എസ്പി റെയ്ഡിനെത്തിയപ്പോഴേക്കും പ്രതികള്‍ കടന്നുകളഞ്ഞതോടെയാണ്് ശിവവിക്രമിന് സുപ്രധാനമായ പോലിസ് രഹസ്യങ്ങള്‍ ചോരുന്നുണ്ടെന്ന് വ്യക്തമായത്. ഉന്നത പൊലീസ് നേതൃത്വത്തെ വിവരം അറിയിച്ചതിനുശേഷം കഴിഞ്ഞ ദിവസം സ്വകാര്യ ആവശ്യാര്‍ത്ഥം എസ്പി അവധിയെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നുള്ള ഡിജിപിയുടെ പ്രതികരണം. ഷുഹൈബ് വധക്കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപം ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ശക്തമാക്കിയിട്ടുണ്ട്. എസ്പിയോട് അന്വേഷണ സംഘം സഹകരിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഷുഹൈബ് വധത്തിലെ അന്വേഷണ രീതിയില്‍ പ്രതിഷേധിച്ചാണ് താന്‍ അവധിയില്‍ പോയതെന്ന വാര്‍ത്ത തെറ്റാണെന്ന് ഇന്നലെ തിരികെ ഡ്യൂട്ടിയില്‍ പ്രവേശിച്ച കണ്ണൂര്‍ എസ്.പി ശിവവിക്രം പറഞ്ഞു. അന്വേഷണം ശരിയായ രീതിയിലാണെന്നും ശിവ വിക്രം ഡിജിപി രാജേഷ് ദിവാനൊപ്പം പങ്കെടുത്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.