ഗൗരി നേഘയുടെ മരണം; സ്‌കൂളിന്റെ എന്‍ഒസി റദ്ദാക്കണമെന്ന് ഡിഡിഇയുടെ റിപ്പോര്‍ട്ട്

Tuesday 20 February 2018 2:45 am IST

കൊല്ലം: അധ്യാപികമാരുടെ മാനസീകപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഗൗരി നേഘ പഠിച്ചിരുന്ന ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ എന്‍ഒസി അടുത്ത അധ്യായന വര്‍ഷംമുതല്‍ റദ്ദ് ചെയ്യണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്. സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത ഒരു കൂട്ടം അധ്യാപകര്‍ നയിക്കുന്ന സ്‌കൂളിലെ ക്ലാസുകളില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കാത്തത് സമൂഹത്തിന് ആപത്താണെന്ന് കൊല്ലം വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വിദ്യാഭ്യാസവകുപ്പിന്  റിപ്പോര്‍ട്ട് നല്‍കി.

ഗൗരിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ സിന്ധു, ക്രസന്‍സ് എന്നീ അധ്യാപികമാരെ സസ്പന്‍ഡ് ചെയ്ത കാലയളവ് ശമ്പളത്തോടുള്ള ലീവാക്കിയും കേക്ക് മുറിച്ചും പൂക്കള്‍ നല്‍കിയും സ്വീകരിക്കാന്‍ പ്രിന്‍സിപ്പാള്‍ ജോണ്‍ തന്നെ മുന്‍കൈയെടുത്തിരുന്നു. ഇത് ചോദ്യം ചെയ്ത് അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മൂന്ന് നോട്ടീസ് നല്‍കിയിട്ടും നടപടി സ്വീകരിക്കാതെ, സ്‌കൂളിന് എന്‍ഒസി നല്‍കിയ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ സ്‌കൂള്‍ മാനേജ്‌മെന്റ് വെല്ലുവിളിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗൗരിയുടെ മരണത്തിനു ശേഷം ആഘോഷങ്ങള്‍ വേണ്ടെന്ന തീരുമാനം അട്ടിമറിച്ചതിനെ ന്യായീകരിച്ച പ്രിന്‍സിപ്പാളിന്റെ നിലപാടിനെതിരെ വിദ്യാര്‍ത്ഥിയുവജന പ്രതിഷേധം ഉയരാനും ഡിഡി ഓഫീസിന്റെ പ്രവര്‍ത്തനം തടസപെടാനും ഇടയാക്കി. എന്നാല്‍ വിദ്യാഭ്യാസവകുപ്പ് നിരന്തരം പീഡിപ്പിച്ചതിനാലും താന്‍ ചികിത്സയിലായതിനാലും തന്നെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാണ് ഷെവലിയാര്‍ ജോണിന്റെ ആവശ്യം. വിവാദമായ നടപടികള്‍ക്ക് നേതൃത്വം നല്‍കിയ പ്രിന്‍സിപ്പാളിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസവകുപ്പ് സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ക്ക് നോട്ടീസ് അയച്ചിരുന്നു.

അറുപത് വയസു കഴിഞ്ഞും പ്രിന്‍സിപ്പാള്‍ ചുമതലയില്‍ തുടരുന്നത് ശരിയല്ലെന്നും ഡിഡി സ്‌കൂള്‍ മാനെജ്‌മെന്റിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ തന്നെ മാറ്റാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും സ്‌കൂള്‍ മാനെജര്‍ക്കാണ് അതിനുള്ള അധികാരമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോണ്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കര്‍ശന നടപടികളുമായി മുന്നോട്ടുപോകുവാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.