ആരാണ് വനവാസി? ആരാണ് ഹിന്ദു?

Tuesday 20 February 2018 2:45 am IST
കാസ്റ്റ് ആന്‍ഡ് ക്ലാസ്സ് ഇന്‍ ഇന്ത്യ (1950) എന്ന ജി.എസ്. ഘുരേയുടെ പുസ്തകം ഉദ്ധരിച്ചുകൊണ്ട് ശ്രീനിവാസന്‍ പറയുന്നു : 'വര്‍ണ്ണ ധര്‍മ്മം അഥവാ വ്യത്യസ്ത വര്‍ണ്ണങ്ങളില്‍പ്പെട്ടവര്‍ പാലിക്കേണ്ട നിയമാവലിക്ക് വലിയ വിപുലീകരണം സംഭവിച്ചത് 600 ബി. സി തൊട്ട് 300 ബി.സി വരെയുള്ള കാലഘട്ടത്തിലാണ്.

മറ്റൊരു ധാരണപ്പിശകും നമുക്കു മാറ്റേണ്ടതുണ്ട്. ഹിന്ദു എന്ന പദം ആരെക്കുറിക്കുന്നു? എന്ന ചോദ്യത്തിന് വനവാസികള്‍, ബൗദ്ധര്‍, ജൈനര്‍, ശിഖര്‍ (സിക്കുകാര്‍) എന്നിവരൊഴിച്ചുള്ള, വൈദിക സനാതനധര്‍മ്മം അഥവാ ഹിന്ദുമതം അല്ലെങ്കില്‍ ഹിന്ദുയിസം അനുസരിക്കുന്നവര്‍ ഹിന്ദുക്കള്‍ എന്നാകും ഉത്തരം കിട്ടുക. ക്രിസ്തുമതം, ഇസ്ലാം മതം എന്നീ വൈദേശിക മതങ്ങളിലേക്കു ഏതാനും തലമുറകള്‍ക്കു മുമ്പ് മതപരിവര്‍ത്തനം ചെയ്യപ്പെട്ട ഇന്നാട്ടുകാരേയും അവരുടെ പിന്‍തലമുറക്കാരേയും ഈ നിര്‍വചനം ഹിന്ദുക്കളില്‍ നിന്നും ഒഴിവാക്കുന്നു. 

 സത്യമെന്താണ്? സിന്ധു നദിയുമായി ബന്ധപ്പെടുത്തി, മറ്റുള്ളവര്‍, ഈ ഉപഭൂഖണ്ഡത്തിലെ ജനതയെ മൊത്തത്തില്‍ വിളിച്ചിരുന്ന പേരാണ് ഹിന്ദു എന്നല്ലേ ചരിത്രപണ്ഡിതന്മാര്‍ അടിവരയിട്ടു പറയുന്നത്. ഹിന്ദു എന്നത് ഈ നാട്ടുകാര്‍ക്ക് പൊതുവായുള്ള ഒരു ജീവിത രീതിയുടെ പേരാണ് എന്നല്ലേ നമ്മുടെ പരമോന്നത നീതിപീഠവും വ്യക്തമായി നിര്‍വചിച്ചിരിക്കുന്നത്. അപ്പോള്‍ നമുക്കു കിട്ടിയ ആദ്യത്തെ ഉത്തരത്തില്‍ എന്തോ ഒരു പൊരുത്തക്കേടു തോന്നുന്നില്ലേ? എന്തോ ഒരു ഗൂഢോദ്ദേശ്യം തോന്നുന്നില്ലേ? ഇതിന്റെയും പിന്നില്‍ നമ്മെ അടിമകളാക്കിയ അന്നത്തെ ബ്രിട്ടീഷുകാരന്റെ സൃഗാലബുദ്ധി തന്നെ.

മഹാപണ്ഡിതനായിരുന്ന ഗംഗാനാഥ് ഝാ ഹിന്ദു ലാ ഇന്‍ ഇറ്റ്‌സ് സോഴ്‌സസ് (1930) എന്ന പുസ്തകത്തില്‍ ഹിന്ദുക്കളുടെ വ്യക്തിനിയമം സാധ്യമാകുന്നിടത്തോളം അവരുടെ പ്രാചീന നിയമാവലിക്കൊത്തുപോകണം എന്നത് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പ്രഖ്യാപിത നയമായിരുന്നു എന്നു പറയുന്നുണ്ട്. അതിലേക്കായി അദ്ദേഹം  വൈദിക മീമാംസയുടെ അടിത്തറയില്‍ എഴുതിയതാണ് പ്രസ്തുത പുസ്തകം. കല്‍ക്കട്ടയിലെ പുകഴ്‌പെറ്റ കമലാദേവീ പ്രഭാഷണപരമ്പരയില്‍ സര്‍ പി. എസ് ശിവസ്വാമി അയ്യര്‍ നടത്തിയ പ്രഭാഷണത്തിന്റെ പുസ്തകരൂപമാണ് എവല്യൂഷന്‍ ഓഫ് ഹിന്ദു മോറല്‍ ഐഡിയല്‍സ് (1935). അതിലും സനാതനികളും മറ്റുള്ളവരും തമ്മിലുള്ള വടംവലിയും ഭരണകൂടത്തിന്റെ, മുറിവില്‍ ഉപ്പു തേയ്ക്കുന്ന, കടുംപിടുത്തങ്ങളും എല്ലാം ചര്‍ച്ച ചെയ്യുന്നുണ്ട്. സുശീല്‍ കുമാര്‍ മൈത്ര തന്റെ എത്തിക്‌സ് ഓഫ് ദി ഹിന്ദൂസ് (1925) എന്ന പുസ്തകത്തിലും വര്‍ണ്ണാശ്രമ ഘടനയിലൂന്നിയ വൈദികധര്‍മ്മത്തെയാണ് ഹിന്ദുധര്‍മ്മമായി കരുതിയിരിക്കുന്നത്.

 പ്രസിദ്ധ സോഷ്യോളജിസ്റ്റ് എം. എന്‍. ശ്രീനിവാസന്‍ പറയുന്നതു ശ്രദ്ധേയമാണ് :- 'എന്റെ ഊഹം എന്തെന്നാല്‍ സമൂഹത്തിന്റെ വര്‍ണ്ണമാതൃക ബ്രിട്ടീഷ് കാലഘട്ടത്തിലാണ് കൂടുതല്‍ പ്രചരിച്ചത് എന്നാണ്. പലതരം ശക്തികളുടെ പ്രവര്‍ത്തന ഫലമാണിത്.… ബ്രാഹ്മണ പണ്ഡിതന്‍മാരെ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച കോടതികളില്‍ നിയമിച്ചു. പാശ്ചാത്യവിദ്യാഭ്യാസം നേടിയ വക്കീലന്മാരുടെ നിര ഏതാണ്ട് എല്ലാ പട്ടണങ്ങളിലും ഉണ്ടായിരുന്നു. അവര്‍ ബ്രാഹ്മണനിയമം എല്ലാ ഹിന്ദുക്കളിലും പ്രയോഗിക്കാന്‍ ശ്രമിച്ചു.' (സോഷ്യല്‍ ചെയ്ഞ്ച് ഇന്‍ മോഡേണ്‍ ഇന്ത്യ).

 സാന്ദര്‍ഭികമായി മറ്റൊന്നു കൂടി പറയട്ടെ. ഇന്ത്യ മുഴുവന്‍ ചാതുര്‍വര്‍ണ്ണ്യമാകുന്ന നുകത്തിന്‍ കീഴിലായിരുന്നു എന്ന കമ്മ്യൂണിസ്റ്റുപ്രചരണത്തേയും അദ്ദേഹം നിരാകരിക്കുന്നുണ്ട.് കാസ്റ്റ് ആന്‍ഡ് ക്ലാസ്സ്  ഇന്‍ ഇന്ത്യ (1950) എന്ന ജി.എസ്. ഘുരേ(ഏ. ട. ഏവൃൗ്യല)യുടെ പുസ്തകം ഉദ്ധരിച്ചുകൊണ്ട് ശ്രീനിവാസന്‍ പറയുന്നു : 'വര്‍ണ്ണ ധര്‍മ്മം അഥവാ വ്യത്യസ്ത വര്‍ണ്ണങ്ങളില്‍പ്പെട്ടവര്‍ പാലിക്കേണ്ട നിയമാവലിക്ക് വലിയ വിപുലീകരണം സംഭവിച്ചത് 600 ബി. സി തൊട്ട് 300 ബി.സി വരെയുള്ള കാലഘട്ടത്തിലാണ്. ബ്രാഹ്മണരായ ഗ്രന്ഥകര്‍ത്താക്കള്‍ അവര്‍ക്കു മേല്‍ക്കോയ്മ നല്‍കുന്നതും രാജാവിന്റേതുള്‍പ്പടെ മറ്റു വര്‍ണ്ണങ്ങളുടെയെല്ലാം കടമകള്‍ പ്രഖ്യാപിക്കാനുള്ള അവകാശം അവര്‍ക്ക് പ്രദാനം ചെയ്യുന്നതുമായ ഒരു വര്‍ണ്ണവ്യവസ്ഥിതി മാതൃക അവതരിപ്പിച്ചു. ബ്രാഹ്മണരുടെ അവകാശവാദവും വര്‍ണ്ണശ്രേണിയെക്കുറിച്ചുള്ള അവരുടെ വീക്ഷണവും നമുക്കു മനസ്സിലാക്കാം.

പക്ഷേ, വിദേശികളും സ്വദേശികളുമായ നിരവധി പണ്ഡിതന്മാര്‍ അതിനെ ചരിത്രസത്യമാണെന്നു കരുതി. ഗ്രാമീണ ഇന്ത്യയിലെ എത്ര പ്രമുഖ കര്‍ഷക ജാതികള്‍ ഈ വ്യത്യസ്ത വര്‍ണ്ണങ്ങളെ ഭരിക്കുന്ന നിയമങ്ങളെപ്പറ്റി കേട്ടിട്ടുണ്ടാകും! കേട്ടിരുന്നാല്‍ത്തന്നെ, എത്രപേര്‍ അതിനു വഴങ്ങിക്കൊടുത്തിട്ടുണ്ടാകും! ഇക്കാര്യത്തില്‍ ആശ്ചര്യം തോന്നുന്നു. ഗ്രാമങ്ങളില്‍ കഴിഞ്ഞിരുന്ന ജനങ്ങളെ ഈ നിയമങ്ങള്‍ അനുസരിപ്പിക്കാനോ, ലംഘിക്കുന്നവരെ ശിക്ഷിക്കാനോ, എന്തു മാര്‍ഗമാണ് സ്വീകരിച്ചിരുന്നത് എന്നു മനസ്സിലാക്കാനും കഴിയുന്നില്ല. ഇന്നും, എല്ലാവിധ സൗകര്യങ്ങളും സാമഗ്രികളും കൈവശമുള്ള ഇന്ത്യാ സര്‍ക്കാരിനുപോലും, ഇന്ത്യയിലെ 5,60,000 ഗ്രാമങ്ങളിലുള്ള ഹരിജനങ്ങളുടെ, ഇന്ത്യന്‍ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നു ഉറപ്പാക്കാന്‍, വളരെ പ്രയാസമനുഭവപ്പെടുന്നു. പ്രാചീന- മദ്ധ്യകാല ഇന്ത്യയിലെ സ്ഥിതി വായനക്കാര്‍ ഊഹിച്ചുകൊള്ളുക.'

ഇനി നമുക്ക് ബ്രിട്ടീഷുകാരന്റെ ദുരുദ്ദേശ്യം എന്തെന്നു നോക്കാം. ഹിന്ദുവെന്നതിന്  ബ്രിട്ടീഷുകാര്‍ നല്‍കിയ നിര്‍വചനമനുസരിച്ച് അപ്പോള്‍ വനവാസികള്‍ ഹിന്ദുക്കളല്ല. അവര്‍ക്കു പ്രത്യേകമതവുമില്ല; വ്യക്തിത്വവുമില്ല. ഹിന്ദുക്കള്‍ അവരെ ഹിന്ദുമതത്തിലേക്കു ചേര്‍ക്കാന്‍ ശ്രമിക്കുന്നതുപോലെ ഞങ്ങളും ശ്രമിക്കുന്നു എന്നതാണ് ആ വൈദേശിക മതപരിവര്‍ത്തന രസവാദം. മതപരിവര്‍ത്തന രസവാദം എന്ന പേരില്‍ കുമാരനാശാന്‍ ഒരു പുസ്തകം തന്നെ എഴുതുകയുണ്ടായി. അംബേദ്ക്കര്‍, ശ്രീ നാരായണ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍ (ക്രിസ്തുമതച്ഛേദനം), പണ്ഡിറ്റ് കറുപ്പന്‍, അയ്യങ്കാളി, കുമാരഗുരുദേവന്‍, ശുഭാനന്ദഗുരുദേവന്‍ തുടങ്ങിയ മഹാത്മാക്കളും ഇത്തരം മതപരിവര്‍ത്തനത്തിനെതിരായിരുന്നല്ലോ.

പ്രാചീന ശിലായുഗം തൊട്ട് ഇവിടെത്തന്നെ വനവാസികളായി കഴിഞ്ഞുവന്ന ഹിന്ദുക്കളുടെ അനന്തര പരമ്പരകളാണ് പില്‍ക്കാലങ്ങളില്‍ ക്രമേണ ഗ്രാമവാസികളും പട്ടണവാസികളുമായിത്തീര്‍ന്നത്, വൈദികരും, താന്ത്രികരും, യോഗികളും, വേദാന്തികളും, ബൗദ്ധരും, ജൈനരും ചാര്‍വാകരും ശിഖരും എല്ലാമായിത്തീര്‍ന്നത്, എന്ന യാഥാര്‍ത്ഥ്യം ആര്‍ക്കിയോളജിയും ആന്ത്രോപ്പോളജിയും അസന്ദിഗ്ധമായി തെളിയിച്ചതു നാം കണ്ടു. ചരിത്രവും നീതിപീഠവും ഹിന്ദുവിനു നല്‍കുന്ന നിര്‍വചനവും ഇതിനെ ശരിവെക്കുന്നു എന്നു കാണാം. കുറേ ഹിന്ദുഗോത്രങ്ങള്‍ വനവാസം തുടര്‍ന്നു എന്നു മാത്രം.

(തുടരും)

നാളെ: ആരണ്യകം- ഹിന്ദുപാരമ്പര്യത്തിന്റെ ആദ്യത്തെ ഘട്ടം 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.