മായാവാരത്തെ മയൂരനാഥസ്വാമി ക്ഷേത്രം

Tuesday 20 February 2018 2:45 am IST

തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍നിന്ന് ചിദംബരത്തേക്ക് പോകുന്നവഴിയിലുള്ള ഒരു വാണിജ്യനഗരമാണ് മായാവാരം. മുന്‍പ് മയിലാടുതുറൈ എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം മായൂരം എന്നും അറിയപ്പെടുന്നു. താന്‍ നടത്തുന്ന വിപുലമായ യാഗത്തിന് ദക്ഷന്‍ സ്വന്തം മകള്‍ പാര്‍വ്വതിയേയും പുത്രീഭര്‍ത്താവായ ശിവനേയും ക്ഷണിച്ചില്ല. ഭാര്യാപിതാവിനാല്‍ അവഹേളിക്കപ്പെട്ടതായി മനസ്സിലാക്കിയ ശിവന്‍ യജ്ഞസ്ഥലം പങ്കിലമാക്കാന്‍ വീരഭദ്രനെ അയച്ചു.

കൂടാതെ യാഗത്തില്‍ പങ്കെടുക്കരുതെന്ന് പാര്‍വ്വതീദേവിയോട് പറഞ്ഞ് അവരെ വിലക്കുകയും ചെയ്തു. എത്രയൊക്കെയായാലും സ്വന്തം അച്ഛന്‍ നടത്തുന്ന മഹായാഗമല്ലേ, ദേവിക്ക് ഇരിപ്പ് ഉറച്ചില്ല. ഭര്‍ത്താവിന്റെ ശാസന വകവയ്ക്കാതെ ദേവി യാഗത്തില്‍ പങ്കെടുക്കുകതന്നെ  ചെയ്തു. വീരഭദ്രന്‍ യജ്ഞസ്ഥലം പങ്കിലമാക്കവെ ഒരു പെണ്‍മയിലിന് മുറിവേറ്റു. ഉടന്‍ അത് സ്ഥലത്തുണ്ടായിരുന്ന ദേവിയുടെ അടുത്ത് അഭയംപ്രാപിച്ചു. യാഗശേഷം ദേവിക്ക് വീണ്ടുവിചാരമുണ്ടായി-ഭര്‍ത്താവിന്റെ നിര്‍ദ്ദേശം നിരാകരിച്ച് യാഗത്തില്‍ പങ്കെടുത്തതില്‍ സങ്കടവും പശ്ചാത്താപവും തോന്നി. അഗ്നിയില്‍ ചാടി ജീവത്യാഗം ചെയ്യാന്‍ ദേവി തീരുമാനിച്ചു. ആ സമയത്ത് അഭയംതേടി തന്റെ അരികിലെത്തിയ മയില്‍പേടയെയാണ് ദേവി ഓര്‍ത്തത്. അടുത്ത ജന്മത്തില്‍ മയില്‍പേടയായി-മയൂരമായി- ഈ സ്ഥലത്തുതന്നെ വന്നു പിറന്നു.

ദീര്‍ഘകാലത്തെ കഠിനതപസ്സിനുശേഷം ദേവി ഭഗവാനുമായി കൂടിച്ചേര്‍ന്നു. അങ്ങനെയാണ് സ്ഥലത്തിന് മയൂരം എന്നും മായാവാരം എന്നും പേര് ലഭിച്ചത്. ക്ഷേത്രത്തിലെ മുഖ്യദേവന്‍  മയൂരനാഥനുമായി. ദേവി മയൂരത്തിന് അഭയം നല്‍കിയതുകൊണ്ട് അഭയപ്രദാംബിക, അഭയാംബിക, അഞ്ജല നായകി എന്ന പേരുകളിലും അറിപ്പെടുന്നു. ദക്ഷയാഗം നടന്ന തിരുപ്പരിയലൂര്‍ വീരാട്ടം ഇവിടെനിന്ന് എട്ടുകിലോമീറ്റര്‍ അകലെയാണ്.

മൂന്ന് വിനായക സന്നിധികളുണ്ട് ഇവിടെ-ഓരോ വിനായകനും വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്നു. കൊടിമരത്തിന്റെ തെക്കുഭാഗത്തായുള്ള വലിയ വിനായകന്‍ സ്ഥലവിനായകന്‍ എന്നാണ് അറിയപ്പെടുന്നത്. അഗസ്ത്യമഹര്‍ഷി പ്രതിഷ്ഠ നടത്തി പൂജാവിധികള്‍ കല്‍പ്പിച്ച വിനായകന്‍ അഗസ്ത്യവിനായകന്‍ എന്ന് അറിയപ്പെടുന്നു. മൂന്നാമത്തെ വിനായകന്‍ കലഞ്ഞിയ പിള്ളൈയാര്‍ അഥവാ പത്തായ ഗണപതി എന്നറിയപ്പെടുന്നു. പത്തായം എപ്പോഴും നിറഞ്ഞിരിക്കാനും സംരക്ഷിക്കാനും സഹായിക്കുന്ന ഗണപതിയായതുകൊണ്ടാവും ഈ പേര്‍ കിട്ടിയത്. ക്ഷേത്ര കലവറയ്ക്കു സമീപത്തുതന്നെയാണ് ഈ ഗണപതിയുടെ സ്ഥാനവും.

പണ്ട് നാഥശര്‍മ്മ എന്നുപേരായ ഒരു ബ്രാഹ്മണന്‍ ഉണ്ടായിരുന്നു. അദ്ദേഹവും പത്‌നി അനവിടൈയും ശ്രീപരമശിവനില്‍ ലയിക്കണമെന്നാഗ്രഹിച്ചു. ഈ ആഗ്രഹവുമായി തീര്‍ത്ഥാടനത്തിനിറങ്ങിയ അവരിരുവരും നിരവധി ശിവക്ഷേത്രങ്ങളില്‍ തൊഴുത് മായാവാരത്ത് എത്തി. സ്വപ്നദര്‍ശനത്തില്‍ ഭഗവാന്‍ മയൂരനാഥന്‍ തന്നെ നിര്‍ദ്ദേശിച്ചതുപ്രകാരം നാഥശര്‍മ്മ ഭഗവാന്റെ ഇടതുവശത്തായി ഒരു ശിവലിംഗം പ്രതിഷ്ഠിച്ചു. ദേവിയുടെ വലതുവശത്ത് അനവിടൈയും ശിവലിംഗം പ്രതിഷ്ഠിച്ചു. വളരെക്കാലം നീണ്ട തപസ്സിനൊടുവില്‍ അവരുടെ ആഗ്രഹം സഫലമായി. അതിനുശേഷം, ക്ഷേത്രദര്‍ശനത്തിനെത്തുന്നവര്‍ ആദ്യം നാഥശര്‍മ്മ പ്രതിഷ്ഠിച്ച ശിവലിംഗവും അനവിടൈ പ്രതിഷ്ഠിച്ച ശിവലിംഗവും തൊഴുതശേഷം മാത്രം മുഖ്യദേവനെ തൊഴുക എന്ന പതിവ് നിലവില്‍ വന്നു. അനവിടൈയുടെ ഓര്‍മ്മയ്ക്കായി അവര്‍ പ്രതിഷ്ഠിച്ച ശിവലിംഗം ദേവിയെ അണിയിച്ചൊരുക്കുന്ന മട്ടില്‍ സാരി ഉടുപ്പിച്ചാണ് അലങ്കരിക്കുക.

വാരാണസിയിലെ ആറ് പ്രമുഖ ക്ഷേത്രങ്ങള്‍ക്ക് തുല്യമായി കരുതുന്ന ദക്ഷിണേന്ത്യയിലെ ആറുക്ഷേത്രങ്ങളില്‍ ഒന്നാണ് മായാവാരം. (തിരുവെങ്കാട്, ഛായാവനം, തിരുവൈയാര്‍, തിരുവാഞ്ചിയം, തിരുവിടൈ മരുതൂര്‍ എന്നിവയാണ് മറ്റ് അഞ്ച് ക്ഷേത്രങ്ങള്‍) വാസ്തുവിദ്യയുടെയും ശില്‍പകലയുടെയും വൈദഗ്ദ്ധ്യം വിളിച്ചോതുന്നു ക്ഷേത്രച്ചുമരുകളും ഗോപുരങ്ങളും മണ്ഡപങ്ങളും. ചോള രാജവംശകാലത്തെ ശിലാലിഖിതങ്ങളുമുണ്ട്.

ഗണപതി, നടരാജന്‍, ദക്ഷിണാമൂര്‍ത്തി, ശിവന്‍-ഉമ-ആലിംഗനമൂര്‍ത്തി, ലിംഗോദ്ഭവര്‍, ബ്രഹ്മാവ്, ഗംഗാ വിസര്‍ജ്ജനമൂര്‍ത്തി, ദുര്‍ഗാദേവി, ഭിക്ഷാടനര്‍ എന്നിവരുടെ രൂപങ്ങള്‍ ഭിത്തികളില്‍ കാണാം. കാവേരി നദിയില്‍ ഇവിടെയുള്ള വൃഷഭ തീര്‍ത്ഥം എന്ന സ്‌നാനഘട്ടം പ്രധാനപ്പെട്ട പുണ്യതീര്‍ത്ഥമത്രെ. തന്റെ മുഖ്യസഹായിയായ നന്ദിയുടെ ഗര്‍വും അഹംബോധവും പരിധി ലംഘിക്കുന്നതുകണ്ട് കോപാകുലനായ ശിവന്‍ ഇവിടെ കാവേരിയുടെ കരയില്‍വച്ച് പാതാളലോകത്തേക്ക് ചവുട്ടിത്താഴ്ത്തിയത്രെ.

അതുകൊണ്ടാണ് തീര്‍ത്ഥത്തിന്  വൃഷഭതീര്‍ത്ഥം എന്ന പേരുവന്നത്. തുലാമാസത്തിലെ കറുത്തവാവു ദിവസം ഇവിടെ പിതൃകര്‍മ്മങ്ങള്‍ ചെയ്യുന്നതിന് പ്രാധാന്യമുള്ളതുകൊണ്ട് തുലാഘട്ട് എന്നുംപറയുന്നു. തമിഴ്മാസമായ ഐപ്പശിയിലെ കറുത്തവാവു കൂടിയായ ഈ ദിവസം പുണ്യനദികളായ ഗംഗയും യമുനയും ഇവിടെ കാവേരിയില്‍ സംഗമിച്ച് വൃഷഭതീര്‍ത്ഥത്തില്‍ ചേരുന്നുവെന്നാണ് വിശ്വാസം. ഈ ദിവസം ഇവിടെനിന്ന് ശേഖരിക്കുന്ന ജലം കേടുവരാതെ എത്രകാലവും നില്‍ക്കും. തുലാസ്‌നാനത്തിന് ആയിരക്കണക്കിന് ഭക്തര്‍ ഇവിടെ എത്തുന്നു.

അഞ്ച് പ്രാകാരങ്ങളിലായുള്ള ക്ഷേത്രത്തിന്റെ കിഴക്കുവശത്തെ രാജഗോപുരത്തിന് 165 അടി ഉയരമുണ്ട്. തമിഴ്മാസമായ വൈകാശിയിലെ (മെയ്-ജൂണ്‍) ബ്രഹ്മോത്സവം വളരെ പ്രധാനമാണ്. തുലാം മാസത്തില്‍ എല്ലാ ദിവസവും ഭഗവാനെ കാവേരീ തീരത്തേയ്ക്ക് എഴുന്നള്ളിക്കാറുണ്ട്. ഉത്സവത്തിന്റെ ഏഴാം ദിവസം ആദിസഭയില്‍ ശിവനടനം നടത്തുന്നതും പതിവാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.