വിപ്ലവ വഞ്ചി ഇപ്പോഴും 64ൽ തന്നെ

Tuesday 20 February 2018 2:45 am IST
അരനൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും രണ്ട് പാര്‍ട്ടികളെയും കോണ്‍ഗ്രസ്സ് ബന്ധം വേട്ടയാടുന്നു. ഓരോ തെരഞ്ഞെടുപ്പിലും ബിജെപിയുടെ മുന്നേറ്റവും ഇടത് പക്ഷത്തിന്റെ അപചയവും ഉത്തരേന്ത്യന്‍ സഖാക്കളെ കോണ്‍ഗ്രസ്സ് ബാന്ധവത്തിന് പ്രേരിപ്പിച്ച് കൊണ്ടേയിരിക്കുന്നു. ഭാരതീയ ജനതാപാര്‍ട്ടിയോടുള്ള അതികഠിനമായ ഭമായിരുന്നു ഒന്നാം യുപിഎ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ സഖാക്കളെ പ്രേരിപ്പിച്ചത്. അതോടെ ഇടത് പാര്‍ട്ടികളുടെ അസ്തമയത്തിന് സ്വയം കുഴി തോണ്ടി.

സിപിഎമ്മിന്റെ ഇരുപത്തിരണ്ടാം  പാര്‍ട്ടികോണ്‍ഗ്രസിന്റെ മുന്നോടിയായി സംസ്ഥാന സമ്മേളനം തൃശൂരില്‍ നടക്കാനിരിക്കെ, പാര്‍ട്ടിയുടെ നയസമീപനം മാറ്റമൊന്നുമില്ലാതെ കോണ്‍ഗ്രസ്സിനെ ചുറ്റിപ്പറ്റുകയും, നേതൃത്വത്തിലെ വിഭാഗീയത തുടര്‍ക്കഥയാവുകയും ചെയ്യുന്നതിനെക്കുറിച്ച് ജന്മഭൂമി ലേഖകന്‍ അനീഷ് അയിലം എഴുതുന്ന പരമ്പര ഇന്നുമുതല്‍.

'സിപിഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസ്സ്' എന്ന് കേള്‍ക്കുമ്പോള്‍ സിപിഎമ്മിനും കോണ്‍ഗ്രസ്സിനും എന്ത് ബന്ധമെന്ന് തോന്നും. പാര്‍ട്ടി കോണ്‍ഗ്രസ്സ് എന്ന പേരില്‍ മാത്രല്ല, സിപിഎമ്മിന്റെ പിതൃത്വത്തില്‍തന്നെ കോണ്‍ഗ്രസ്സിന് പങ്കുണ്ട്. 1964-ല്‍ കോണ്‍ഗ്രസ്സ് സഹകരണത്തെച്ചൊല്ലി അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ അഭിപ്രായ ഭിന്നതയിലൂടെയാണല്ലോ സിപിഎമ്മിന്റെ രൂപപ്പെടല്‍. 54 വര്‍ഷങ്ങള്‍ പിന്നിട്ട സിപിഎം, 22-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിരക്കിലാണ്. തൃശൂരില്‍ ഈമാസം 22ന് സംസ്ഥാന സമ്മേളനം കൊടിയേറുന്നു. പക്ഷേ പഴയ കോണ്‍ഗ്രസ്സ് ബാന്ധവത്തില്‍ തട്ടിത്തിരിഞ്ഞ് ചക്രശ്വാസം വലിക്കുകയാണ് വിപ്ലവപാര്‍ട്ടി.

1964 ഏപ്രില്‍ 11-ന് നടന്ന അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍നിന്ന് ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.എം.എസ്സ് നമ്പൂതിരിപ്പാടും  വി.എസ്. അച്യുതാനന്ദനുമുള്‍പ്പെടെ 32 അംഗങ്ങള്‍  ഇറങ്ങിവന്നാണ് സിപിഎം രൂപീകരിക്കുന്നത്. കോണ്‍ഗ്രസ്സ് ബന്ധത്തിനെച്ചൊല്ലിയുള്ള തര്‍ക്കമായിരുന്നു കാരണം. അവിഭക്തകമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാചെയര്‍മാന്‍ ആയിരുന്ന എസ്.എ.ഡാങ്കേയാണ് കോണ്‍ഗ്രസ്സ് സഹകരണ പ്രമേയവുമായി എത്തിയത്. രാജ്യം ഭരിക്കുന്നത് ദേശീയ ബൂര്‍ഷ്വാസികളാണെന്നും, ശത്രുക്കള്‍ വിദേശബൂര്‍ഷ്വാസികളായതിനാല്‍ മുതലാളിമാര്‍ക്കെതിരെയുള്ള സമരത്തില്‍ കോണ്‍ഗ്രസ്സിനോടോപ്പംനിന്ന് സംയുക്ത ജനാധിപത്യ വിപ്ലവ സമരം നയിക്കണമെന്നുമായിരുന്നു ഡാങ്കേയുടെ ആവശ്യം.  കുത്തക മുതലാളിമാര്‍ ഭരണത്തെ നയിക്കുന്നവരാണെന്നും, ബിര്‍ള ഉള്‍പ്പെടെയുള്ള കുത്തക മുതലാളിമാരുടെ ആസ്തി 100 ഇരട്ടി വര്‍ദ്ധിച്ചെന്നും മറുഭാഗം വാദിച്ചു. ഈ തര്‍ക്കമാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സിപിഎമ്മും സിപിഐയും ആക്കി മാറ്റിയതെന്നാണ് ചരിത്രം.

അരനൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും രണ്ട് പാര്‍ട്ടികളെയും കോണ്‍ഗ്രസ്സ് ബന്ധം വേട്ടയാടുന്നു. ഓരോ തെരെഞ്ഞെടുപ്പിലും ബിജെപിയുടെ മുന്നേറ്റവും ഇടത് പക്ഷത്തിന്റെ അപചയവും ഉത്തരേന്ത്യന്‍ സഖാക്കളെ കോണ്‍ഗ്രസ്സ് ബാന്ധവത്തിന് പ്രേരിപ്പിച്ച് കൊണ്ടേയിരിക്കുന്നു. ഭാരതീയ ജനതാപാര്‍ട്ടിയോടുള്ള  അതികഠിനമായ ഭമായിരുന്നു ഒന്നാം യുപിഎ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ സഖാക്കളെ പ്രേരിപ്പിച്ചത്. അതോടെ ഇടത് പാര്‍ട്ടികളുടെ അസ്തമയത്തിന് സ്വയം കുഴിതോണ്ടി. ബംഗാളിലും ത്രിപുരയിലും  കോണ്‍ഗ്രസ്സ് ശക്തി കാട്ടില്ലെന്ന ധാരണയുടെ പുറത്തായിരുന്നു യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കിയത്. ബംഗാളിലെ സിപിഎം ഭരണത്തിന്റെ അരാജകത്വവും പട്ടിണിയും തൊഴിലില്ലായ്മയും നിഷ്ഠുര കൊലപാതകങ്ങളും കോണ്‍ഗ്രസ്സും കണ്ടില്ലെന്ന് നടിച്ചു. അതോടെ തൃണമുല്‍ കോണ്‍ഗ്രസ്സിലൂടെ മമതാബാനര്‍ജി അധികാരത്തിലെത്തി. ചെങ്കൊടി മാത്രം പാറിയ പശ്ചിമ ബംഗാളില്‍ 2016 ലെ തെരെഞ്ഞെടുപ്പില്‍ ബിജെപി മൂന്ന് സീറ്റില്‍ വിജയിച്ചു. വോട്ട് 16 ശതമാനത്തിലധികം വര്‍ദ്ധിച്ചു. ഇതോടെ ബംഗാളില്‍ പിടിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസ്സ് വേണമെന്ന ഗതികേടിലായി സഖാക്കള്‍. മറ്റ് സംസ്ഥാനങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല.

തെരെഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍പോകുന്ന ത്രിപുരയിലെ ബിജെപി മുന്നേറ്റം സിപിഎമ്മിനെ വീണ്ടും ഭയപ്പാടിലാഴ്ത്തി. എന്നും ഭാരതീയ ജനതപാര്‍ട്ടിയെ കരിവാരിതേച്ചവര്‍പോലും ബിജെപിയുടെ പ്രചാരണ മുന്നേറ്റത്തെ അംഗീകരിച്ചത് സിപിഎമ്മിനെ അടിമുടി തകര്‍ത്തു. ത്രിപുരയുംകൂടി നഷ്ടമായാല്‍ ദേശീയ പാര്‍ട്ടി എന്നുപറയുന്നതില്‍ ലജ്ജിക്കേണ്ടിവരുമെന്ന ചിന്തയാണ് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയേയും കോണ്‍ഗ്രസ്സ് കൂട്ടുകെട്ടിന് പ്രേരിപ്പിച്ചത്. കേരളത്തില്‍ മാത്രം ഒതുങ്ങുന്ന പ്രാദേശികപാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരിക്കാന്‍ യെച്ചൂരിക്ക് താത്പര്യവുമില്ല. ഇന്നത്തെ സ്ഥിതിയില്‍ ഒരാളെ രാജ്യസഭയിലേക്ക് എത്തിക്കണമെങ്കില്‍ മറ്റുപാര്‍ട്ടിക്കാരുടെ കാലുപിടിക്കണം. അതുകൊണ്ടാണ് ബിജെപി എന്ന വലിയ ശത്രുവിനെ തോല്‍പിക്കാന്‍ ചെറിയ ശത്രുവായ കോണ്‍ഗ്രസ്സിനെ കൂട്ടുപിടിക്കാമെന്ന പ്രമേയവുമായി യെച്ചൂരി കേന്ദ്രകമ്മറ്റിയില്‍ എത്തിയത്. 

പണ്ടത്തെ അതേ പ്രമേയം. ചെറിയ വ്യത്യാസം.  ബൂര്‍ഷ്വാസി എന്നതിനു പകരം ബിജെപിയെ നേരിടുക എന്നുമാത്രമാക്കി. ഫാസിസം, അസഹിഷ്ണുത, സംഘപരിപാവര്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ കേരളം പിന്താങ്ങുമെന്ന് യെച്ചൂരിയും കരുതി. പക്ഷേ ഇവിടെക്കൂടി ഇല്ലാതായാല്‍ തങ്ങളെന്തുചെയ്യുമെന്ന കേരളഘടകത്തിന്റെ ചിന്ത ജനറല്‍ സെക്രട്ടറിയുടെ പ്രമേയത്തെ വന്‍ ഭൂരിപക്ഷത്തില്‍ തോല്‍പിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ 1964 ന് സമാനമായ അന്തരീക്ഷംതന്നെ. കോണ്‍ഗ്രസ്സ് ബന്ധത്തിന്റെ പേരില്‍ യെച്ചൂരി പക്ഷവും പ്രകാശ് കാരട്ട് പക്ഷവും തമ്മിലടിച്ചു.  ജനറല്‍ സെക്രട്ടറിയുടെ പ്രമേയത്തെ  കേരള ഘടകത്തിന്റെ സഹായത്തോടെ കാരാട്ട് തോല്‍പ്പിച്ചു.

 അന്നും കേരളഘടകമായിരുന്നല്ലോ ഇറങ്ങിപ്പോക്കിന് ശക്തമായ പിന്തുണ നല്‍കിയത്. ഇപ്പോള്‍ ചെറിയ വ്യത്യാസങ്ങള്‍ മാത്രം. അന്ന് ഒപ്പം ഉണ്ടായിരുന്ന ബംഗാള്‍ ഘടകം ജീവന്മരണ പോരാട്ടത്തിലായതിനാല്‍ മറുകണ്ടം ചാടി. 32 പേര്‍ പുറത്തേക്ക് വന്നപ്പോള്‍ ഇന്ന് 55 പേര്‍ ഔദ്യോഗിക പക്ഷത്തിന് എതിരെനിന്നു. അത്രമാത്രം.

ആ ഇറങ്ങിപ്പോക്കില്‍നിന്ന് അരനൂറ്റാണ്ട് പിന്നിട്ടിട്ടും മുഖ്യശത്രു കോണ്‍ഗ്രസ്സ് ആണോ ബിജെപിയാണോ എന്ന് തരിച്ചറിയാനാകാതെ ഉഴലുകയാണ് വിപ്ലവപാര്‍ട്ടി. ഇരട്ടച്ചങ്കനും വിപ്ലവസൂര്യനും ഉണ്ടായിട്ടും ആഭ്യന്തര കലഹത്തിന് പരിഹാരം കാണാനാകുന്നില്ല. താത്വിക അവലോകനങ്ങളും വിപ്ലവാചാര്യന്മാരുടെ വചനങ്ങളും അപ്രസക്തമാകുന്നു. തങ്ങളാണ് രാജ്യത്ത് കൂടുതലെന്ന് അവകാശപ്പെടുന്ന സിപിഐ ഒരുവശത്ത്. അവര്‍ക്കൊപ്പം സിപിഎമ്മിന്റെ ഏറ്റവും വലിയ ഘടകമെന്ന് കടലാസ്സ് രേഖയിലുള്ള ബംഗാളും എട്ട് സംസ്ഥാനങ്ങളും. മറുപക്ഷത്ത് പ്രകാശ് കാരാട്ടും സഹധര്‍മ്മിണിയും. കൂട്ടിന് ഭരണത്തിലിരിക്കുന്ന ഏക സംസ്ഥാനമായ കേരളവും. ഈ ഘട്ടത്തിലാണ് സിപിഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് കടക്കുന്നത്. 

സംസ്ഥാന സമ്മേളനത്തില്‍ യെച്ചൂരി മുഴുവന്‍ സമയവും പങ്കെടുക്കുന്നുണ്ട്; തനിക്കെതിരെ ഉയരുന്ന കൂരമ്പുകളെ നേരിട്ടറിയാന്‍. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കൂരമ്പുകളാകും തനിക്കെതിരെ ഉയരുകയെന്ന് യെച്ചൂരിക്കറിയാം. അതായത് ഡെമോക്ലസിന്റെ വാളുപോലെ കോണ്‍ഗ്രസ്സ് ബന്ധം സിപിഎമ്മിന് മുകളില്‍ തൂങ്ങിയാടുന്നു. ആ ചിന്തയും ബിജെപി ഭയവുമാണ് സിപിഎമ്മിനെ വട്ടപ്പൂജ്യമാക്കുന്നതും.

നാളെ: വെള്ളത്തില്‍ വരച്ച തെറ്റുതിരുത്തല്‍ പ്ലീനം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.