തിരിച്ചെത്തുമോ പ്രാദേശിക രാഷ്ട്രീയം

Tuesday 20 February 2018 2:45 am IST

തലസ്ഥാന നഗരത്തിലെ ഇടത്തരം വീടാണ് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി)യുടെ ആസ്ഥാനം. ആഡംബരമോ പ്രവര്‍ത്തകരുടെ തിരക്കോ ഇല്ലാതെ ഓഫീസ് ശാന്തം. രാഷ്ട്രീയം പറയാന്‍ നേതാക്കളുമില്ല. ''നാളെ ഉച്ചയ്ക്ക് വരൂ. ആരെങ്കിലുമുണ്ടാകും''. ഓഫീസ് ചുമതലയുള്ള സെംഗ് സെംഗ് പറഞ്ഞു. ഒടുവില്‍ നേതാക്കളുടെ ഫോണ്‍ നമ്പറുകള്‍ വാങ്ങി ഇറങ്ങി. പ്രചാരണ കോലാഹലങ്ങള്‍ പുറമേക്ക് ദൃശ്യമല്ലാത്ത മേഘാലയയില്‍ ഗ്രാമങ്ങളിലുടനീളം എന്‍പിപിയുടെ കൊടികള്‍ കാണാം. ഇത്തവണ തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന പ്രാദേശിക പാര്‍ട്ടിയും എന്‍പിപിയാണ്. സംസ്ഥാനത്ത് പ്രാദേശിക രാഷ്ട്രീയം മടങ്ങിയെത്തുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. 

 മേഘാലയ മുന്‍ മുഖ്യമന്ത്രി പി.എ. സാംഗ്മയാണ് എന്‍പിപിയുടെ സ്ഥാപകന്‍. കോണ്‍ഗ്രസ് നേതാവായിരുന്ന സാംഗ്മ സോണിയയുടെ വിദേശ പൗരത്വത്തിലുടക്കി ശരത് പവാറിനൊപ്പം 1999ല്‍ പാര്‍ട്ടിയില്‍നിന്നും പുറത്തായി. പിന്നീട് ഇവര്‍ എന്‍സിപി രൂപീകരിച്ചെങ്കിലും പവാര്‍ സോണിയയുമായി അടുത്തപ്പോള്‍ സാംഗ്മ പാര്‍ട്ടി പിളര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസ്സിലെത്തി. 2013ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എന്‍പിപി രൂപീകരിച്ചു. 8.8 ശതമാനം വോട്ടും രണ്ട് സീറ്റും പാര്‍ട്ടിക്ക് ലഭിച്ചു. തെരഞ്ഞടുപ്പിന് ഒരുങ്ങാന്‍ എന്‍പിപിക്ക് മതിയായ സമയം ലഭിച്ചിരുന്നില്ല. ഇപ്പോള്‍ സ്ഥിതി മാറി. അഞ്ച് വര്‍ഷത്തെ അധ്വാനത്തിലൂടെ സാംഗ്മയുടെ മകനും എംപിയുമായ കൊണ്‍റാഡ് സാംഗ്മ പാര്‍ട്ടിയെ ബഹുദൂരം മുന്നിലെത്തിച്ചു. അടുത്തിടെ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉള്‍പ്പെടെ എട്ട് എംഎല്‍എമാരും നിരവധി നേതാക്കളും എന്‍പിപിയില്‍ ചേര്‍ന്നു. 

 ഗാരോ ഹില്‍സാണ് എന്‍പിപിയുടെ ഹോം ഗ്രൗണ്ട്. പി.എ. സാംഗ്മയുടെ മരണ ശേഷം പശ്ചിമ ഗാരോ ഹില്‍സിലെ തുറ പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കൊണ്‍റാഡ് വിജയിച്ചു. രണ്ടാം യുപിഎ സര്‍ക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്ന സഹോദരി അഗത സാംഗ്മ ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരിനോടുള്ള ജനരോഷം മറ്റ് പ്രാദേശിക പാര്‍ട്ടികളെയും ഉണര്‍ത്തി. യുണൈറ്റഡ് ഡമോക്രാറ്റിക് പാര്‍ട്ടി (യുഡിപി), ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി (എച്ച്എസ്പിഡിപി), ഗാരോ നാഷണല്‍ കൗണ്‍സില്‍ (ജിഎന്‍സി) എന്നിവര്‍ സഖ്യത്തിലാണ്. യുഡിപിക്ക് കഴിഞ്ഞ തവണ 17.1 ശതമാനം വോട്ടും എട്ട് എംഎല്‍എമാരെയും ലഭിച്ചിരുന്നു. ഖാസി, ജയന്തിയ മേഖലകളിലാണ് സ്വാധീനം. എച്ച്എസ്പിഡിക്ക് നാലും ജിഎന്‍സിക്ക് ഒരു സീറ്റും ലഭിച്ചു. 

എന്‍പിപി-ബിജെപി സഖ്യം?

 തെരഞ്ഞെടുപ്പിന് മുന്‍പേ കോണ്‍ഗ്രസ് തോറ്റതായി ചിറാപുഞ്ചിയിലെ രാമകൃഷ്ണ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പലായിരുന്ന മൃണാള്‍ കെ. ചക്രബര്‍ത്തി പറയുന്നു. അഴിമതിയും തൊഴിലില്ലായ്മയും ജനങ്ങളെ എതിരാക്കി. പകരം ആര് ഭരിക്കുമെന്ന കാര്യത്തില്‍ മൃണാളിന് ഉറപ്പില്ല. തെരഞ്ഞെടുപ്പിന് ശേഷം എന്‍പിപിയും ബിജെപിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനാണ് സാധ്യത കൂടുതലെന്ന് അദ്ദേഹം പറയുന്നു. മറ്റ് പ്രാദേശിക പാര്‍ട്ടികളുടെ നിലപാടും നിര്‍ണായകമാകും. കോണ്‍ഗ്രസ്സിനെയും ബിജെപിയെയും അവര്‍ പിന്തുണക്കും. എങ്കിലും കേന്ദ്ര ഭരണമുള്ളതിനാല്‍ ബിജെപിക്കാകും പ്രഥമ പരിഗണന, മൃണാള്‍ വിശദീകരിച്ചു. 

 നോര്‍ത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയന്‍സി(എന്‍ഇഡിഎ)ന്റെ ഭാഗമായ എന്‍പിപി മണിപ്പൂരില്‍ ബിജെപിക്കൊപ്പം ഭരണ മുന്നണിയിലാണ്. മേഘാലയയില്‍ ഇരുപാര്‍ട്ടികളും ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കുമെന്ന പ്രചാരണങ്ങള്‍ രണ്ട് പാര്‍ട്ടികളും നിഷേധിക്കുന്നു. എന്‍പിപി, യുഡിപി പാര്‍ട്ടികള്‍ ബിജെപിയുടെ അനൗദ്യോഗിക സഖ്യകക്ഷികളെന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം. പ്രാദേശിക പാര്‍ട്ടികളും ബിജെപിയും ഭരിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തലും. ഫലം വരട്ടെ, എന്നിട്ട് തീരുമാനിക്കാമെന്നാണ് യുഡിപി പറയുന്നത്. 

 രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഏറെയുണ്ടായ മേഘാലയ രണ്ട് തവണ രാഷ്ട്രപതി ഭരണത്തിലായിരുന്നു. 1970കളില്‍ ശക്തമായ പ്രാദേശിക പാര്‍ട്ടിയായിരുന്നു സംസ്ഥാനം ഭരിച്ച ഓള്‍ പാര്‍ട്ടി ഹില്‍ ലീഡേഴ്‌സ് കോണ്‍ഫറന്‍സ്. 1976ല്‍ ഇവര്‍ കോണ്‍ഗ്രസ്സില്‍ ലയിച്ചു. യുഡിപി, ഹില്‍ പീപ്പിള്‍സ് യൂണിയന്‍ തുടങ്ങിയ പാര്‍ട്ടികള്‍ പിന്നീട് ഭരണത്തിലെത്തിയെങ്കിലും അല്‍പ്പായുസ്സായിരുന്നു. പ്രാദേശിക പാര്‍ട്ടികള്‍ നിരവധിയുണ്ടായെങ്കിലും ശക്തിതെളിയിക്കാനായില്ല. കോണ്‍ഗ്രസ് വിതമ എംഎല്‍എ പി.എന്‍. സീയെം സ്ഥാപിച്ച പീപ്പിള്‍സ് ഡമോക്രാറ്റിക് ഫ്രണ്ടാണ് ഏറ്റവും ഒടുവിലത്തേത്. 

  പ്രാദേശിക പാര്‍ട്ടികള്‍ ശക്തിപ്പെടുന്നത് സംസ്ഥാനത്തിന് ഗുണം ചെയ്യില്ലെന്ന് വാദിക്കുന്നവരുമുണ്ട്. വ്യവസായങ്ങളോ കൃഷിയോ കാര്യമായില്ലാത്ത സംസ്ഥാനത്തിന്റെ പ്രധാന ആശ്രയം കേന്ദ്ര ഫണ്ടാണ്. മൂന്ന് പാര്‍ലമെന്റ് സീറ്റുകള്‍ മാത്രമാണ് സംസ്ഥാനത്തുള്ളത്. അതിനാല്‍ ദേശീയതലത്തില്‍ സമ്മര്‍ദ്ദശക്തിയുമല്ല. ദേശീയ പാര്‍ട്ടി സംസ്ഥാനത്ത് ഭരണത്തിലെത്തുന്നതാണ് വികസനത്തിന് നല്ലതെന്ന് ഇവര്‍ പറയുന്നു. കേന്ദ്ര ഭരണത്തിലുള്ള പാര്‍ട്ടിയോട് ജനങ്ങള്‍ക്ക് പ്രത്യേക താല്‍പര്യം വരുന്നത് ഇക്കാരണത്താലുമാണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും നിര്‍ണായകമാണ്. കഴിഞ്ഞ തവണ 13 സ്വതന്ത്രരാണ് വിജയിച്ചത്. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ 'കക്ഷി' സ്വതന്ത്രരാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.