ബഹുമതികള്‍ അംഗീകാരം തന്നെ

Tuesday 20 February 2018 2:45 am IST

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവാര്‍ഡുകളും അംഗീകാരവും ബഹുമതികളും പലരെയും തേടി എത്താറുണ്ടെങ്കിലും അര്‍ഹരായ പല കലാകാരന്മാരും പ്രതിഭകളും ഇപ്പോഴും വേലിക്ക് പുറത്താണ്. സിനിമാ സാഹിത്യരംഗങ്ങളില്‍ മാത്രം ഈ അംഗീകാരം ഇപ്പോഴും വട്ടംചുറ്റിക്കിടക്കുന്നു. ബഹുമതികള്‍ അട്ടിപ്പേറായി നല്‍കി ആദരിച്ചവരുടെമേല്‍ വീണ്ടും വീണ്ടും അംഗീകാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിന്റെ ഔചിത്യബോധം എന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

ഭരണഘടനാനുസൃതമായി എല്ലാ കലകളെയും സ്പര്‍ശിക്കണമെന്നും പ്രാമുഖ്യം നല്‍കണമെന്നും അനുശാസിക്കുന്നു. അതുകൊണ്ടാണ് ആയോധന കലയ്ക്കും നെയ്ത്തുമേഖലയ്ക്കും നാട്ടറിവുകളുടെ മുത്തശ്ശി ലക്ഷ്മികുട്ടി അമ്മയ്ക്കും പത്മപുരസ്‌കാരങ്ങള്‍ ലഭിച്ചപ്പോള്‍ ജനങ്ങള്‍ ആഹ്ലാദിച്ചത്. എന്നാല്‍ ഒരു യാഥാര്‍ത്ഥ്യം ഇപ്പോഴും ഒളിഞ്ഞുകിടക്കുന്നു. ബഹുഭൂരിപക്ഷവും വരേണ്യവര്‍ഗക്കാരുടെ ഇടയിലുള്ളവരെ മാത്രമേ അംഗീകാരദേവന്‍ കടാക്ഷിക്കുന്നുള്ളൂ. 

അവാര്‍ഡുകള്‍ വെറും ജലരേഖകളായി കലാശിക്കാതിരിക്കാന്‍ സങ്കുചിതത്വങ്ങളുടെ മാറാലകള്‍ വകഞ്ഞുമാറ്റേണ്ടിയിരിക്കുന്നു. പുരസ്‌കാരങ്ങള്‍ ഒരു പ്രത്യേക വിഭാഗത്തിന്റെയോ വ്യക്തികളുടെയോ കുത്തകയല്ല എന്ന കാഴ്ചപ്പാടിന് ഇനിയും ആധികാരികത കൈവന്നിട്ടില്ല. അത്തരമൊരു സ്ഥിതി സംജാതമായാല്‍ മാത്രമേ ബഹുമതികള്‍ക്ക് കൂടുതല്‍ തിളക്കവും അര്‍ത്ഥപുഷ്ടിയും കൈവരികയുള്ളൂ. അംഗീകാരങ്ങളുടെ വിശ്വാസ്യതയ്ക്കും നിഷ്പക്ഷതയ്ക്കും ആ വഴിക്കുള്ള സമീപനം കൂടിയേതീരൂ. 

ബഹുമതികളെ അവമതിയോടെയും വ്യക്തികളെ ആക്ഷേപിക്കുന്ന തരത്തിലും അവര്‍ കൈവയ്ക്കുന്ന മേഖലകളെ തരംതാഴ്ത്തുന്ന തരത്തിലുമുള്ള വായ്ത്താരികളും കേട്ടുവരുന്നു. ജ്യോതിഷത്തിനും കൈനോട്ടത്തിനുംവരെ അവാര്‍ഡു നല്‍കാതിരുന്നുവെന്ന ചിലരുടെ അവഹേളനകള്‍ ആശാസ്യമല്ല.

അനാജി വരന്‍

വട്ടിയൂര്‍ക്കാവ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.