പണിമുടക്കി എസ്‌കലേറ്റര്‍; പടികള്‍ കയറി വലഞ്ഞ് യാത്രക്കാര്‍

Tuesday 20 February 2018 2:00 am IST
എസ്‌കലേറ്ററുണ്ട്, പ്രായഭേദമന്യേ യാത്രക്കാര്‍ക്ക് അനായാസം കയറിയിറങ്ങാം. പക്ഷേ കയറുന്നവര്‍ സ്വയം നടക്കണം. യന്ത്രപ്പടി ഇടയ്ക്ക് പണിമുടക്കും.

 

കോട്ടയം: എസ്‌കലേറ്ററുണ്ട്, പ്രായഭേദമന്യേ യാത്രക്കാര്‍ക്ക് അനായാസം കയറിയിറങ്ങാം. പക്ഷേ കയറുന്നവര്‍ സ്വയം നടക്കണം. യന്ത്രപ്പടി ഇടയ്ക്ക് പണിമുടക്കും. 

സാങ്കേതിക കാരണങ്ങളാല്‍ ഇടയ്ക്കിടയ്ക്ക് പ്രവര്‍ത്തനരഹിതമാവുകയാണ് റെയില്‍വേ സ്‌റ്റേഷനിലെ എസ്‌കലേറ്റര്‍. റെയില്‍വേ വികസനത്തെക്കുറിച്ച് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്ന അധികാരികള്‍ക്ക് യന്ത്രപ്പടിയുടെ അറ്റകുറ്റപ്പണി കൃത്യമായി  നടത്താന്‍ കഴിഞ്ഞിട്ടില്ല.

അടിക്കടി 

പണിമുടക്ക് 

2015ലാണ് ആദ്യ എസ്‌കലേറ്റര്‍ റെയില്‍വേ സ്‌റ്റേഷനില്‍ സ്ഥാപിച്ചത്. ആദ്യ മാസത്തില്‍ത്തന്നെ സാങ്കേതിക തകരാറുകള്‍ മൂലം പ്രവര്‍ത്തനം മുടങ്ങി. രണ്ട് പ്ലാറ്റ്‌ഫോമുകളിലാണ് നിലവില്‍ ഈ സംവിധാനമുള്ളത്. കഴിഞ്ഞ വര്‍ഷം ദിവസങ്ങളോളം പ്രവര്‍ത്തനം നിലച്ചത് വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഞായറാഴ്ച ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലെ എസ്‌കലേറ്റര്‍ പ്രവര്‍ത്തിച്ചില്ല.

 

യാത്രക്കാരുടെ പരാതി അവഗണിക്കുന്നു  

സ്വകാര്യ ബസ് സമരം കൂടി എത്തിയതോടെ ഭൂരിഭാഗം ആളുകളും ട്രെയിന്‍ യാത്രയെയാണ് ആശ്രയിക്കുന്നത്. എസ്‌കലേറ്റര്‍ തകരാറിലാകുമ്പോള്‍ ബുദ്ധിമുട്ടിലാകുന്നത് അംഗപരിമിതരും പ്രായമായവരുമാണ്. ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലെത്തുന്നവര്‍ നൂറിലധികം പടികള്‍ കയറിയാണ് പുറത്തെത്തുന്നത്. മധ്യവേനല്‍ അവധികൂടിയെത്തുന്ന സാഹചര്യത്തില്‍ യന്ത്രപ്പടിയുടെ തകരാര്‍ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. എസ്‌കലേറ്ററിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാര്‍ അധികൃതരെ പരാതി അറിയിച്ചെങ്കിലും പ്രതികരണമില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.