ബസ്സിനുള്ളില്‍ വീണ് സ്ത്രീക്ക് പരിക്കേറ്റ സംഭവം: വനിതാ കമ്മീഷന്‍ കേസെടുത്തു

Tuesday 20 February 2018 2:00 am IST

കൊച്ചി: സ്വകാര്യ ലിമിറ്റ്ഡ് സ്റ്റോപ്പ് ബസ്സിനുള്ളില്‍ വീണ് കൈയൊടിഞ്ഞ യാത്രക്കാരിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ വഴിമദ്ധ്യേ ഇറക്കിവിട്ട സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊച്ചി ഉദയംപേരൂര്‍ കുറുപ്പശ്ശേരില്‍ ജയശ്രീ സുരേന്ദ്രനാണ് പരിക്കേറ്റ് വീട്ടില്‍ ചികിത്സയില്‍ കഴിയുന്നത്. തൃപ്പൂണിത്തുറ സ്റ്റാച്യു കവലയില്‍വെച്ച് ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് വീണത്. 

പരിക്കിന്റെ വേദന സഹിക്കാനാവാതെ ആശുപത്രിയിലേക്ക് കൊണ്ട് പോകണമെന്ന് ആവശ്യപ്പെട്ടിട്ടും ബസ് ജീവനക്കാര്‍ യാത്രക്കാരിയെ ഇറക്കിവിടുകയായിരുന്നു. ഈരാറ്റുപേട്ടയ്ക്കും എറണാകുളത്തിനും മദ്ധ്യേ ഓടുന്ന ക്രിസ്റ്റിന ബസില്‍ ജനുവരി 20നാണ് സംഭവം. നിര്‍മാണത്തൊഴിലാളിയായ ഇവര്‍ ഒരുമാസമായിട്ടും ഇക്കാര്യത്തില്‍ പരാതി നല്‍കാന്‍ ഭയപ്പെടുന്നതായ പത്രവാര്‍ത്തയെ തുടര്‍ന്നാണ് വനിതാ കമ്മീഷന്‍ കേസെടുത്തത്. സംഭവത്തില്‍ കേസെടുത്ത് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെടാന്‍ കമ്മീഷന്‍ ചെയര്‍പെഴ്‌സണ്‍ എം.സി. ജോസഫൈന്‍ നിര്‍ദേശിച്ചു. 

ഇന്നലെ ലഭിച്ച 104 പരാതികളില്‍ 32 എണ്ണം തീര്‍പ്പാക്കി. 16 പരാതികളിന്‍മേല്‍ പോലീസില്‍ നിന്നും വിവിധ വകുപ്പുകളില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ആറു പരാതികള്‍ ആര്‍ഡിഒയ്ക്കും നാലു പരാതികള്‍ കൗണ്‍സലിങിനായും നല്‍കി. ഏതെങ്കിലും ഒരു കക്ഷി മാത്രം ഹാജരായവയായിരുന്നു 16 പരാതികള്‍. 30 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. വനിതാകമ്മീഷന്‍ അംഗങ്ങളായ ഇ.എം. രാധ, ഷിജി ശിവജി, ഷാഹിദ കമാല്‍ എന്നിവരും ഡയറക്ടര്‍ വി.യു. കുര്യാക്കോസും അദാലത്തില്‍ പങ്കെടുത്തു. ലീഗല്‍ പാനല്‍ അംഗങ്ങളായ അഡ്വ സ്മിതാ ഗോപി, അലിയാര്‍, ആന്‍സി പോള്‍, കദീജ റിഷബത്ത്, വനിതാ സെല്‍ സബ് ഇന്‍സ്പെക്ടര്‍ സോന്‍ മേരി പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.