ഷുഹൈബ് വധം; കൊല പാർട്ടി അറിഞ്ഞ്; സിപിഎം ഊരാക്കുടുക്കിൽ

Tuesday 20 February 2018 2:45 am IST

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മട്ടന്നൂരിലെ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം കുടുക്കില്‍. കൊലപാതകം പാര്‍ട്ടി അറിഞ്ഞെടുത്ത തീരുമാനമായിരുന്നുവെന്ന ചില പ്രതികളുടെ മൊഴിയും പിടിയിലായ ചിലര്‍ വെറും ഡമ്മി പ്രതികളാണെന്ന് ജനം തിരിച്ചറിഞ്ഞതുമാണ് പാര്‍ട്ടിയെ വെട്ടിലാക്കിയത്. പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജില്ലാ സെക്രട്ടറി പി. ജയരാജനും ആവര്‍ത്തിക്കുമ്പോഴാണ് പാര്‍ട്ടിക്കാര്‍ തന്നെയാണ് കൊല നടത്തിയതെന്ന് ഇന്നലെ ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്‍ വെളിപ്പെടുത്തിയത്. 

അറസ്റ്റിലായവര്‍ പ്രതികളല്ലെന്ന് കോടിയേരി പറഞ്ഞ് നിമിഷങ്ങള്‍ക്കകം മുഖ്യമന്ത്രി കേസില്‍ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തുവെന്ന് പ്രഖ്യാപിച്ചതും വി.എസ്.അച്യുതാനന്ദന്‍ കൊലപാതകത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചതും പാര്‍ട്ടിക്ക് തിരിച്ചടിയാണ്.

എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിഐടിയു എന്നിവയിലുള്ള അഞ്ചുപേരാണ് കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് പ്രതികളെ തിരിച്ചറിഞ്ഞതായും പ്രതികള്‍ പാര്‍ട്ടി കേന്ദ്രത്തില്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരായ ആകാശ് തില്ലങ്കേരി, റിജിന്‍രാജ് എന്നിവരില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചു.

എടയന്നൂരിലെ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് കൊലപാതകവും. അക്രമം നടത്താന്‍ കഴിയുന്ന പ്രവര്‍ത്തകര്‍ എടയന്നൂരില്‍ ഇല്ലാത്തതിനാല്‍ തില്ലങ്കേരിയിലെ പ്രവര്‍ത്തകര്‍ക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. കാല്‍ വെട്ടി, ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോള്‍ ആരും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ മുമ്പോട്ട് വരാതെ രക്തം വാര്‍ന്ന് ഷുഹൈബ് മരിക്കുകയായിരുന്നുവെന്നാണ് ഇവരുടെ മൊഴി.

ആസൂത്രണവും നടപ്പാക്കലുമടക്കം സംഭവവുമായി പത്തു പേര്‍ക്കു നേരിട്ട് ബന്ധമുണ്ട്. ഇവരില്‍ ഏഴുപേരെ തിരിച്ചറിഞ്ഞു. വെട്ടാനെത്തിയ സംഘത്തില്‍ ഡ്രൈവറടക്കം അഞ്ചു പേരാണുണ്ടായിരുന്നത്. ആകാശും റിജിന്‍രാജുമാണ് ഷുഹൈബിനെ വെട്ടിയതെന്ന് പോലീസ് പറഞ്ഞു.

കൊലയാളികളുടെ നീക്കം രണ്ടു ഡിവൈഎഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെ സിപിഎം പ്രാദേശിക നേതൃത്വത്തിന് അറിയാമായിരുന്നു. ഇവരാണ് പദ്ധതി തയ്യാറാക്കിയതെന്നും പ്രതികള്‍ മൊഴി നല്‍കി. സിപിഎമ്മിന്റെ വിവിധ സംഘടനകളിലുള്ള അഞ്ചു പേര്‍ക്ക് കൊലയില്‍ നേരിട്ടു പങ്കുണ്ട്. പിടിയിലാകാനുള്ളവര്‍ പാര്‍ട്ടിഗ്രാമങ്ങളിലും കേന്ദ്രങ്ങളിലും ഒളിവിലാണ്. ആകാശും റിജിന്‍രാജും കൊലയാളി സംഘത്തിലുണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസത്തെ ചില സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. കൊലപാതകം നടത്തിയശേഷം പ്രതികള്‍ കാര്‍ മാറിക്കയറുന്ന ദൃശ്യങ്ങളില്‍ ആകാശുമുണ്ട്.

ആകാശ് തില്ലങ്കേരിക്കും റിജിന്‍ രാജിനും സിപിഎം നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്. ആകാശ് സിപിഎമ്മിന്റെ സൈബര്‍ പോരാളിയാണ്. തിരുവനന്തപുരത്ത് സിപിഎം ഓഫീസിലായിരുന്നു ഇയാളുടെ പ്രവര്‍ത്തനം. ഇവരുടെ സുഹൃത്ത് കൂടിയായ ശ്രീജിത്തും പോലീസ് കസ്റ്റഡിയിലുണ്ട്. മൂവരും ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. 

അതിനിടെ ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തിലുള്ള  പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.