പിണറായിയുടെ ഔദാര്യം കോടിയേരിക്ക് തുണയാകും

Tuesday 20 February 2018 2:45 am IST

ആലപ്പുഴ: കുടുംബം പാര്‍ട്ടിക്കും ഭരണത്തിനും വിനയായെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ പിണറായി വിജയന്റെ ഔദാര്യത്തില്‍ തുടരാന്‍ സാധ്യതയേറുന്നു. പകരം ഉയര്‍ത്തിക്കാട്ടിയിരുന്ന നേതാക്കളെല്ലാം വിവാദത്തില്‍പ്പെട്ടതോടെ പിണറായിയുടെ ഇപ്പോഴത്തെ വിശ്വസ്തന്‍ തൃശ്ശൂര്‍ സമ്മേളനത്തില്‍ കസേര നിലനിര്‍ത്തും. 

ജില്ലാ സമ്മേളനങ്ങളില്‍ ഒറ്റപ്പെട്ട വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും പാര്‍ട്ടിഭരണത്തിനൊപ്പം പാര്‍ട്ടിയുടേയും കടിഞ്ഞാണ്‍ പിണറായി വിജയന്റെ കൈപ്പിടിയിലായിക്കഴിഞ്ഞു. പിണറായി തീരുമാനിക്കും പാര്‍ട്ടി നടപ്പാക്കും ഇതാണ് കഴിഞ്ഞ ആലപ്പുഴ സമ്മേളനം മുതലുള്ള കാഴ്ച. 'എന്റെ പാര്‍ട്ടി ഫാസിസ്റ്റുകളായി മാറി'യെന്ന് നേരത്തെ വിലപിച്ച വി.എസ്. അച്യുതാനന്ദനും പിണറായിക്ക് മുന്നില്‍ അടിയറവ് പറഞ്ഞു കഴിഞ്ഞു. 

ചാവേറാകാനും ബലിയാടാകാനും ഇനി പാര്‍ട്ടിയില്‍ നേതാക്കളില്ല. ഒത്തു തീര്‍പ്പും, വീതം വയ്പ്പും മാത്രം. ആലപ്പുഴ സമ്മേളനത്തില്‍ തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ ഇ.പി. ജയരാജനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാക്കാന്‍ പിണറായി താല്‍പ്പര്യപ്പെട്ടെങ്കിലും എല്ലാവര്‍ക്കും സ്വീകാര്യനെന്ന പരിവേഷം കോടിയേരിക്ക് തുണയാകുകയായിരുന്നു. ഇത്തവണ തൃശ്ശൂരിലെത്തുമ്പോള്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രതീക്ഷിച്ച സ്വാധീനം നേടാനായില്ല.

 മകനുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ അദ്ദേഹത്തെ ക്ഷീണിപ്പിച്ചു. പരമാവധി ജില്ലാസമ്മേളനങ്ങളില്‍ പങ്കെടുത്താണ് പിണറായി തനിക്കെതിരെ ഉയരാവുന്ന ശബ്ദങ്ങളെ ഇല്ലായ്മ ചെയ്തത്. വയനാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് പുതിയ സെക്രട്ടറിമാര്‍ വന്നത്. വയനാട് മത്സരം നടന്നതും ഔദ്യോഗിക പക്ഷത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചായിരുന്നു.

പിബി അംഗം എം.എ. ബേബി, വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ കേരളത്തിലെ പാര്‍ട്ടിയിലെങ്കിലും അപ്രസക്തരായി കഴിഞ്ഞു. കോടിയേരിക്ക് പകരം ഉയരാവുന്ന പേരായിരുന്നു ബേബിയുടേത്. ദല്‍ഹി കേന്ദ്രമാക്കിയുള്ള പിബി അംഗം എന്ന പട്ടം നല്‍കി ബേബിയെ മൂലയ്ക്കിരുത്തുന്നതില്‍ പിണറായി പക്ഷം വിജയിച്ചു. 

സാന്‍ഡിയാഗോ മാര്‍ട്ടിന്‍ വിവാദം, കുടുംബക്ഷേത്രത്തിന് തടി അനുവദിക്കാന്‍ കത്ത് നല്‍കിയത്, ബന്ധുനിയമനം തുടങ്ങി ഒട്ടേറെ വിവാദങ്ങളാണ് ഇ.പി. ജയരാജന് വിനയാകുന്നത്. കണ്ണൂരില്‍ പോലും അദ്ദേഹം പി. ജയരാജന്റെ നിഴലിലായിക്കഴിഞ്ഞു. കൊലപാതക രാഷ്ട്രീയവും വ്യക്തിപൂജയും പി. ജയരാജന് തിരിച്ചടിയാണ്, പാര്‍ട്ടി പ്രവര്‍ത്തകരിലെ സ്വാധീനം മാത്രം മതിയാകില്ല പാര്‍ട്ടിയെ നയിക്കാനെന്ന് നേതൃത്വത്തിന് അറിയാം. 

പി. ജയരാജന് പകരം ജില്ലാ സെക്രട്ടറിയാകുമെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ച എം.വി. ജയരാജന് കണ്ണൂര്‍ ലോബിയുടെ പിന്തുണ പോലുമില്ല. സൗമ്യനും വിഭാഗീയതയ്ക്കതീതനും എന്ന് അണികള്‍ അംഗീകരിക്കുന്ന എം.വി. ഗോവിന്ദനാണ് കൂട്ടത്തില്‍ അല്‍പ്പമെങ്കിലും മുന്‍തൂക്കമുള്ളത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തിന് ഭൈമികാമുകന്മാര്‍ ഏറെയുണ്ടെങ്കിലും പിണറായി വിജയന് മുന്നില്‍ തലഉയര്‍ത്തി നിന്ന് സംസാരിക്കാന്‍ ഒരു നേതാവുമില്ല എന്നതാണ് അവസ്ഥ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.