ബസ് സമരം; പെർമിറ്റ് റദ്ദാക്കാൻ നിർദ്ദേശം

Tuesday 20 February 2018 2:45 am IST

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം തുടരുന്ന സാഹചര്യത്തില്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇതോടെ തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ബസ്സുകള്‍ വൈകുന്നേരത്തോടെ സര്‍വ്വീസ് നടത്തി. സ്വകാര്യ ബസ് സമരം തുടരുന്ന സാഹചര്യത്തില്‍ സര്‍വ്വീസ് നടത്താത്തതിന്റെ കാരണം വിശദീകരിച്ച് നോട്ടീസ് നല്‍കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

മിനിമം ചാര്‍ജ്ജ് എട്ട് രൂപയാക്കിയിട്ടും സമരവുമായി മുന്നോട്ട് പോകുന്നത് അംഗീകരിക്കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാനിരക്കു രണ്ടു രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. ഇന്ന് കൂടി സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തിയില്ലെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി അതത് സ്ഥലത്തെ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് ബസുടമകള്‍ക്ക് നോട്ടീസ് നല്കും. എന്നിട്ടും സര്‍വ്വീസ് നടത്തിയില്ലെങ്കില്‍ ബസ്സുകള്‍ പിടിച്ചെടുത്ത് സര്‍ക്കാര്‍ നേരിട്ട് സര്‍വ്വീസ് നടത്താനാണ് നീക്കം. 

അതിനിടെ സമരം നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ നോട്ടീസ് നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെയും  അറിയിച്ചു. ഇതിനായി ആര്‍ടിഒമാര്‍ ബസുടമകള്‍ക്ക് നോട്ടീസ് നല്‍കും. 

സര്‍വീസ് മുടക്കുന്നത് പെര്‍മിറ്റ് ചട്ടങ്ങളുടെ ലംഘനമാണെന്നും സര്‍ക്കാര്‍  അറിയിച്ചു. ബസുകള്‍ പിടിച്ചെടുക്കാന്‍ കെസ്മ നിയമം പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ തമ്പി സുബ്രഹ്മണ്യം അഡ്വ. ജോസഫ് റോണി ജോസ് മുഖേന നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.