എംജി വിസി നിയമനം ഹൈക്കോടതി റദ്ദാക്കി

Tuesday 20 February 2018 2:43 am IST

കൊച്ചി: മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവിയില്‍ തുടരാന്‍ ഡോ ബാബു സെബാസ്റ്റ്യന് മതിയായ യോഗ്യതയില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി നിയമനം റദ്ദാക്കി. വിസി നിയമനത്തില്‍ അപാകതയുണ്ടെന്നാരോപിച്ച് എറണാകുളം കുറുമശ്ശേരി സ്വദേശി ടി.ആര്‍ പ്രേംകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ഇതോടെ മൂന്നര വര്‍ഷമായി എംജി സര്‍വകലാശാല വിസിയായി തുടരുന്ന ഡോ. ബാബു സെബാസ്റ്റ്യന് സ്ഥാനം നഷ്ടമാകും.   സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ ചിന്തകളില്‍  സര്‍വകലാശാലകള്‍ക്ക് അഭിമാനാര്‍ഹമായ സ്ഥാനമുണ്ട്. രാഷ്ട്രീയ താല്പര്യങ്ങള്‍ക്കായി ഇതിനെ ബലി കൊടുക്കുന്നത് ആശാസ്യമല്ല- ഹൈക്കോടതി വ്യക്തമാക്കി 

വിസി നിയമനത്തിന് യുജിസി നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ 2010 സെപ്തംബര്‍ 18ന് കേരളത്തിലും ബാധകമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ച് വിവിധ സര്‍വകലാശാലകള്‍ ചട്ടത്തില്‍ ഭേദഗതിയും വരുത്തി. എന്നാല്‍ 2014 ആഗസ്റ്റില്‍ ബാബു സെബാസ്റ്റ്യനെ നിയമിച്ചപ്പോള്‍ ഇതു പാലിച്ചില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ ടെക്‌നോളജിയില്‍ (എസ്‌ഐഇടി) പത്ത് വര്‍ഷത്തിലേറെ ബാബു സെബാസ്റ്റ്യന്‍ ഡയറക്ടറായിരുന്നു. പത്തു വര്‍ഷത്തെ പ്രഫസര്‍ പദവിക്ക് ഇതു തുല്യമല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. വിസി നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയില്ലാതെ നിയമനം ലഭിച്ചശേഷം കൈവരിച്ച ഉന്നത നേട്ടങ്ങളും മികവുകളും നിയമനത്തെ ശരിവെക്കാനുതകില്ല. അടിസ്ഥാന യോഗ്യതയെ ഇത്തരം നേട്ടങ്ങളും മികവും കൊണ്ട് മറികടക്കാന്‍ കഴിയില്ല- ഹൈക്കോടതി വ്യക്തമാക്കി. 

സെലക്ഷന്‍ കമ്മിറ്റി രൂപീകരണത്തില്‍ അപാകതയുണ്ട്.  ചാന്‍സലറായ ഗവര്‍ണറുടെ പ്രതിനിധിയായി ചീഫ് സെക്രട്ടറിയും യുജിസിയുടെ പ്രതിനിധിയായി ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഡയറക്ടര്‍ ഡോ. ബല്‍റാമും സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ നോമിനിയായി എംഎല്‍എയായിരുന്ന ബെന്നി ബഹനാനും ഉള്‍പ്പെട്ട സമിതിക്കാണ് രൂപം നല്‍കിയത്. ബെന്നി ബഹനാന്‍ ഉന്നത വിദ്യാഭ്യാസ വിദഗ്ദ്ധനാണെന്നതിന് തെളിവില്ല. 

ബെന്നി ബഹനാനെ അംഗമാക്കിയതിലൂടെ സര്‍വകലാശാലയുമായി ബന്ധമുള്ള ആരും കമ്മിറ്റിയില്‍ പാടില്ലെന്ന യുജിസിയുടെ ചട്ടം ലംഘിക്കുകയും ചെയ്തു. വിസിയായി മൂന്നര വര്‍ഷം പിന്നിട്ടെങ്കിലു ഇക്കാരണങ്ങളാല്‍  ബാബു സെബാസ്റ്റ്യന് തുടരാനാവില്ല. അയോഗ്യനാക്കിയെങ്കിലും വിസി എന്ന നിലയില്‍ അദ്ദേഹമിറക്കിയ ഉത്തരവുകളും തീരുമാനങ്ങളും നിലനില്‍ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.