ആ കുടുംബത്തിന് ലജ്ജയില്ലേ? നരേന്ദ്ര മോദി ചോദിക്കുന്നു

Tuesday 20 February 2018 11:58 am IST

മൈസൂരു: രാജ്യത്തെ 25 കോടി വീടുകൾ ഉള്ളതിൽ നാലു കോടി കുടുംബങ്ങൾ ജീവിക്കുന്നത് പതിനെട്ടാം നൂറ്റാണ്ടിലെ സൗകര്യമുള്ള വീടുകളിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യം കിട്ടി 70 വർഷമായിട്ടും ഈ സ്ഥിതി തുടരുന്നതിന് ഉത്തരവാദി ഒരു കുടുംബത്തിനു വേണ്ടി മാത്രം ഭരണം നടത്തിയവരാണ്, അവർക്കീ കാര്യത്തിൽ ലജ്ജയില്ലേ- നരേന്ദ്ര മോദി ചോദിച്ചു. കർണാടകത്തിലെ  തെരഞ്ഞെടുപ്പ് പൂർവ്വ പ്രചാരണപരിപാടിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജന്മനാട്ടിലെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

2022ൽ ഇന്ത്യ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തി അഞ്ചാം വാർഷികം ആഘോഷിക്കാൻ പോകുകയാണ്. സ്വാതന്ത്ര്യത്തിന് സമരം ചെയ്തവർക്ക് ഒരു സ്വപ്നം ഉണ്ടായിരുന്നു. അത് സാക്ഷാത്കരിക്കാൻ നമുക്ക് ബാധ്യതയുണ്ട് അതിനാലാണ് 2022 ആകുമ്പോൾ സ്വന്തമായി എല്ലാവർക്കും വീടെന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്നത്. ഇത്ര കാലം ഭരിച്ചവർക്ക് എന്തുകൊണ്ട് ഈ ലക്ഷ്യം തോന്നിയില്ല, അവർ വിശദീകരിക്കണം-മോദി പറഞ്ഞു.

കർണാടക സർക്കാർ 10 ശതമാനം കമ്മീഷൻ സർക്കാരാണെന്ന് ഞാൻ മുൻപ് പ്രസംഗിച്ചു, ചിലർക്ക് ക്ഷോഭം വന്നു, അവരെന്നോട് പറഞ്ഞു പത്തു ശതമാനമല്ല അതിലും കൂടുതലാണെന്ന്-ജനാരവങ്ങൾക്കിടെ മോദി പറഞ്ഞു. കർണാടകത്തിലെ ജനങ്ങളുടെ വികാരം ഞാനറിയുന്നു. നിങ്ങൾക്ക് കമ്മീഷൻ സർക്കാർ വേണോ? ബിജെപി സർക്കാർ   സംസ്ഥാനത്ത് ഉണ്ടാകുമെന്നും മിഷൻ നടപ്പിലാക്കാൻ പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകാനാണ് ഞാൻ വന്നത്-മോദി തുടർന്നു.

കർണാടക സർക്കാർ ഇന്ത്യൻ വികസനത്തിന് തടസം നിൽക്കുകയാണെന്ന് മോദി പറഞ്ഞു. മുൻപ് ജോലി കിട്ടാൻ യുവാക്കൾ ശുപാർശയ്ക്ക് ഓടി നടക്കണമായിരുന്നു. മക്കൾക്ക് ജോലി ലഭിക്കാൻ അമ്മമാർക്ക് പണ്ടം വിൽക്കണമായിരുന്നു. അഭിമുഖങ്ങളിൽ ചിലചതിപ്പണികൾ ഉണ്ടെന്നറിഞ്ഞപ്പോൾ കേന്ദ്ര സർക്കാർ സി, ഡി വിഭാഗത്തിലുള്ള ജോലികൾക്ക് അഭിമുഖങ്ങൾ ഒഴിവാക്കി. കർണാടകയ്ക്ക് എന്ത്കൊണ്ട് ചെയ്ത് കൂടാ. എത്ര മികച്ച ട്രാഫിക് സംവിധാനമുണ്ടായാലും റോഡിൽ അനാവശ്യ തടസ്സങ്ങൾ ഉണ്ടായാൽ വേഗത കുറയും മോദി പറഞ്ഞു.

കർണാടകത്തിലെ കോൺഗ്രസ് പ്രചാരണ വിഭാഗം തലവനും സിദ്ധരാമയ്യയുടെ പാർലമെൻ്ററി സെക്രട്ടറിയുമായ ഗോവിന്ദ രാജൻ്റെ വീട്ടിൽ കഴിഞ്ഞ ദിവസം ആദായ നികുതി ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്തിരുന്നു. ഇതെക്കുറിച്ച് മോദി പറഞ്ഞു:- ' ഭരണം നടക്കുന്നതെങ്ങനെയാണെന്ന് നോക്കു , കെട്ടുകണക്കിന് രൂപയും ചില ഡയറികളുമാണത്രെ റെയ്ഡിൽ കിട്ടിയത്. ആർക്കും അറിയില്ല ഡയറികളിൽ എന്താണെഴുതിയിരിക്കുന്നതെന്ന്, ഇത്തരക്കാരെയാണോ കർണാടകക്കാർക്ക് വേണ്ടത്'? മോദി ചോദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.