ആപ്പ് എംഎൽഎമാർക്ക് ഗുണ്ടാപ്പണിയും; കെജ്‌രിവാളിനെ സന്ദർശിക്കാനെത്തിയ ചീഫ് സെക്രട്ടറിക്ക് മർദ്ദനം

Tuesday 20 February 2018 1:09 pm IST

ന്യൂദൽഹി: വിവാദങ്ങളിൽ എന്നും നിറഞ്ഞ് നിൽക്കുന്ന നേതാവാണ് അരവിന്ദ് കെജ്‌രിവാൾ, അദ്ദേഹത്തിൻ്റെ പാർട്ടിയും അതു പോലെ തന്നെ. പാർട്ടിയിലെ അഴിമതിയും, സ്ത്രീ പീഡനങ്ങൾക്കും പുറമെ പടല പിണക്കങ്ങളും നാടാകെ പാട്ടാണ്. ഇപ്പോൾ ഗുണ്ടായിസവും പാർട്ടി എംഎൽഎമാർ സ്വീകരിച്ച് കഴിഞ്ഞു എന്നതിൻ്റെ വാർത്തകളാണ് ദൽഹിയിലെ ആപ്പ് കേന്ദ്രത്തിൽ നിന്നും പുറത്ത് വരുന്നത്.  മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വീട്ടിൽ സന്ദർശിക്കാനെത്തിയ  ദൽഹി ചീഫ്സെക്രട്ടറി അൻഷു പ്രകാശിനെ രണ്ട് ആപ്പ് എംഎൽഎമാർ ചേർന്ന് ക്രൂരമായി മർദ്ദിച്ചുവെന്നാണ് പുതിയ റിപ്പോർട്ട്. ദൽഹിയിലെ ഉന്നത സർക്കാർ ഉദ്യോഗസ്ഥർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തിങ്കളാഴ്ചയാണ് ചീഫ് സെക്രട്ടറിക്ക് മർദ്ദനമേറ്റത്. തിങ്കളാഴ്ച വീട്ടിൽ നടക്കുന്ന മീറ്റിങിൽ പങ്കെടുക്കണമെന്ന്  കെജ്‌രിവാൾ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഇതനുസരിച്ച് കെജ്‌രിവാളിൻ്റെ വീട്ടിലെത്തി മീറ്റിങിൽ പങ്കെടുത്തതിനുശേഷം മടങ്ങവെ ചീഫ് സെക്രട്ടറിയെ രണ്ട് ആപ്പ് എംഎൽഎമാർ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തിൻ്റെ  പശ്ചാത്തലത്തിൽ സർക്കാർ ഉദ്യോഗസ്ഥർ ദൽഹി ലെഫ്റ്റനറ്റ് ഗവർണർക്ക് പരാതി സമർപ്പിക്കാനൊരുങ്ങുകയാണ്. 

സംഭവത്തിനെതിരെ ദൽഹി ഗവണ്മെൻ്റ് എംപ്ലോയിസ് വെൽഫെയർ അസോസിയേഷൻ രൂക്ഷമായി പ്രതിഷേധിച്ചു. ഭരണഘടനയിലെ അപകടസ്ഥിതിയാണിതെന്ന് സംഘടനയിലെ അംഗമായ ഡിഎൻ സിംഗ് പറഞ്ഞു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതുവരെ സമരം നടത്തുമെന്നും സിംഗ് അറിയിച്ചു. ചീഫ് സെക്രട്ടറി ആക്രമിക്കപ്പെട്ടെങ്കിൽ തങ്ങളും സുരക്ഷിതരല്ല അതിനാൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം ചെയ്യും-സിങ് കൂട്ടിച്ചേർത്തു. അതേ സമയം ആപ്പ് സംഭവത്തെ എതിർക്കുകയാണുണ്ടായത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.