ചോരക്കളമായി സിറിയ; വ്യോമാക്രമണത്തിൽ കുട്ടികളടക്കം 100 മരണം

Tuesday 20 February 2018 3:01 pm IST

മൊസൂൾ: സിറിയയിൽ ആഭ്യന്തര യുദ്ധം രൂക്ഷമാകുന്നു.  തിങ്കളാഴ്ച കിഴക്കൻ സിറിയയിലെ ഗൗട്ട പ്രവിശ്യയിൽ  സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 100ലധികം പേർ കൊല്ലപ്പെട്ടെന്ന ദുരന്തവാർത്തയാണ് എഎഫ്പി പുറത്ത് വിട്ടത്. 300ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വിമതർ കൈയ്യടിക്കിയിരുന്ന ഈ പ്രവിശ്യയിൽ അസദ് സൈന്യം കനത്ത രീതിയിൽ വ്യോമാക്രമണം നടത്തുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ 20ഓളം പേർ കുട്ടികളാണെന്ന് സിറിയയിലെ ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടന അറിയിച്ചു.

2012 മുതൽ സിറിയയിലെ വിമതരുടെ പ്രധാന താവളമാണ് ഡമാസ്കസിനു പുറത്ത് സ്ഥിതി ചെയ്യുന്ന ഗൗട്ട. പ്രസിഡൻ്റ് ബാഷർ അൽ അസദിനെ വിമർശിക്കുന്നവരുടെ ഈ സങ്കേതം പിടിച്ചെടുക്കുന്നതിനായി സൈന്യം ഏറെ പരിശ്രമിക്കുന്നുണ്ട്. ഇതിനിടയിലാണ് സൈന്യത്തിൻ്റെ ഭാഗത്തു നിന്നും രൂക്ഷമായ ആക്രമണം നടന്നിരിക്കുന്നത്. കിഴക്കൻ ഗൗട്ടയിലെ മിക്ക പ്രദേശങ്ങളിലും സിറിയൻ വ്യോമസേന റോക്കറ്റ് പോലുള്ള വെടിക്കോപ്പുകൾ കൊണ്ടാണ് ആക്രമണം നടത്തിയത്. ഈ ഗ്രാമങ്ങളിലെല്ലാം തന്നെ നിരവധി പേർക്ക് ജീവൻ വെടിയേണ്ടി വന്നുവെന്നും മനുഷ്യവകാശ സംഘടന അറിയിച്ചു.

ഗൗട്ടയിൽ തങ്ങിയിരിക്കുന്ന ഭീകരരെ പുറത്തെത്തിക്കാൻ യുദ്ധം രഹിതമായ നീക്കം നടത്തുന്നതിനിടയിലാണ് ഈ ആക്രമണമെന്ന് സിറിയൻ പത്രമായ അൽ വദാൻ അറിയിച്ചു. ഇപ്പോൾ സിറിയൻ ഭരണകൂടം സമാധാനത്തിൻ്റെ പാതയല്ല പിന്തുടരുന്നതെന്നും യുദ്ധത്തിൻ്റെ വഴിയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നും പത്രം ആക്രമണത്തെ അപലപിച്ചുകൊണ്ട് വ്യക്തമാക്കുന്നു.  

അതേ സമയം ഗൗട്ടയിൽ നടന്ന രൂക്ഷമായ ആക്രമണത്തോട് ലോകരാജ്യങ്ങൾ പ്രതികരിക്കണമെന്ന് സിറിയൻ പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ മാസമാദ്യം നടന്ന വ്യോമാക്രമണങ്ങളിൽ 250 പേരാണ് കൊല്ലപ്പെട്ടത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.