തുരുത്തുമ്മൂലയില്‍ കുടിവെള്ളമില്ല; നാട്ടുകാര്‍ സമരത്തിലേക്ക്

Wednesday 21 February 2018 2:00 am IST

 

പേരൂര്‍ക്കട: കഴിഞ്ഞ രണ്ടാഴ്ചയായി തുരുത്തുമ്മൂല വാര്‍ഡില്‍  കുടിവെള്ളമില്ല. റാന്നി ലെയിന്‍, എംജി ലൈന്‍, അടുപ്പുകൂട്ടാന്‍ പാറ, വിന്നേഴ്സ് നഗര്‍, രാധാകൃഷ്ണലെയിന്‍ ഭാഗങ്ങളിലാണ് രാത്രികാലങ്ങളില്‍പ്പോലും കുടിവെള്ളം ലഭിക്കാത്തത്. കൂടാതെ അടുപ്പുകൂട്ടാന്‍പാറ, നീതിനഗര്‍ ഭാഗങ്ങളും കടുത്ത കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണ്.

പേരൂര്‍ക്കട പമ്പ്ഹൗസിലെ ജലസംഭരണിയിലേക്ക് ആവശ്യത്തിന് ജലമെത്താത്തതാണ് കുടിവെള്ളപ്രശ്നത്തിനു കാരണമെന്ന് പേരൂര്‍ക്കട സെക്ഷന്‍ എഇ പറയുന്നു. വീടുകളുടെ എണ്ണവും ജലഉപഭോഗവും വര്‍ധിച്ചതും വേനല്‍ കടുത്തതുമാണ് കുടിവെള്ളപ്രശ്നം രൂക്ഷമാക്കിയത്. അരുവിക്കരയില്‍ നിന്ന് ജലം പേരൂര്‍ക്കട ടാങ്കില്‍ എത്തിയശേഷം മറ്റുസ്ഥലങ്ങളിലേക്ക് പോകുന്നില്ല. പര്യാപ്തമായ ജലം എത്തിക്കുന്ന കാര്യത്തില്‍ പേരൂര്‍ക്കട സെക്ഷന് പരിമിതികളുണ്ടെന്നും എഇ സൂചിപ്പിച്ചു.

അതേസമയം പിടിപി സെക്ഷന്‍ പരിധിയിലുള്ള നെട്ടയം ഭാഗത്തുനിന്ന് മണ്ണാമ്മൂല വഴി പുതിയ ലൈന്‍ വലിക്കുന്നതിന് പദ്ധതിയുണ്ടെന്നും അതു പേരൂര്‍ക്കടയിലേക്ക് നീട്ടുന്നതിന് തീരുമാനമെടുക്കാവുന്നതാണെന്നും സെക്ഷന്‍ അധികൃതര്‍ പറയുന്നു. സമയമെടുക്കുമെങ്കിലും കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ സാധിക്കുന്ന പദ്ധതിയാണിത്. നിലവില്‍ കടുത്തവേനലും ജലസംഭരണികള്‍ ചെളികൊണ്ട് അടയുന്നതുമൂലമുള്ള ഉള്ളളവിന്റെ കുറവുമാണ് കുടിവെള്ളപ്രശ്നം രൂക്ഷമാക്കുന്നത്. വരുന്ന രണ്ടുമാസം ഇതുതന്നെയായിരിക്കും അവസ്ഥ.

കുടിവെള്ളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തുരുത്തുമ്മൂല നിവാസികള്‍ സമരത്തിന് തയ്യാറെടുക്കുകയാണ്. കൗണ്‍സിലര്‍ വി. വിജയകുമാറിന്റെ നേതൃത്വത്തില്‍ വാട്ടര്‍അതോറിറ്റി സെക്ഷനുമുന്നില്‍ സമരം തുടങ്ങാനാണ് നീക്കം. പൊതുജനങ്ങളുടെ വിഷമഘട്ടങ്ങള്‍ മനസ്സിലാക്കുന്നുവെന്നും വാട്ടര്‍അതോറിറ്റിയുടെ പരിമിതിയില്‍ നിന്നുകൊണ്ട് പരമാവധി സഹകരണങ്ങള്‍ ഉണ്ടാകുമെന്നും എഇ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.