കോടികള്‍ പോയ വഴിയറിയില്ല ശുദ്ധജലം ഇന്നും കിട്ടാക്കനി

Wednesday 21 February 2018 1:21 am IST

 

ചേര്‍ത്തല: ജപ്പാന്‍ പദ്ധതിയുടെ പിന്നിലെ ദുരൂഹതകള്‍ ബാക്കി. കുടിവെള്ള പദ്ധതിയുടെ പേരില്‍ കോടികള്‍ പോയ വഴിയറിയാതെ ചേര്‍ത്തലക്കാര്‍.

  താലൂക്കിലെ പതിനെട്ട് പഞ്ചായത്തുകളിലെയും നഗരസഭയിലെയും ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുവാനായി ലക്ഷ്യമിട്ട് ആവിഷ്‌ക്കരിച്ച പദ്ധതിയാണിത്. താലൂക്കിലെ വിവിധ സ്രോതസുകളില്‍ നിന്ന്  ലഭിക്കുന്ന വെള്ളം ഫ്‌ളൂറൈഡ് ഉള്‍പ്പെടെയുള്ള ലവണങ്ങളുടെ സാന്നിദ്ധ്യം നിമിത്തം ഉപയോഗപ്രദമല്ലെന്നും അസ്ഥിരോഗങ്ങള്‍ക്ക്  കാരണമാകുമെന്നും പഠനങ്ങളിലൂടെ കണ്ടെത്തിയിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ അതിജീവിക്കുന്നതിനാണ് ജപ്പാന്‍ ധനസഹായത്തോടെ കുടിവെള്ള പദ്ധതി തയാറാക്കിയത്.  

  50000 ഗാര്‍ഹിക കണക്ഷന്‍ നല്‍കുവാനായിരുന്നു ലക്ഷ്യം. ഇരുപത്തി അയ്യായിരത്തില്‍ താഴെ കണക്ഷനുകളാണ് ഇതു വരെ നല്‍കിയിട്ടുള്ളത്. മുടക്കമില്ലാതെ വെള്ളം ലഭ്യമാക്കാന്‍ പദ്ധതിക്ക് കഴിയാതിരുന്നതും വിതരണ ശൃംഖല ഇല്ലാത്തയിടങ്ങളിലേക്ക് പൈപ്പ്‌ലൈന്‍ നീട്ടാന്‍ സാധിക്കാതെ വന്നതും പദ്ധതി താറുമാറാക്കി. 

  മൂവാറ്റുപുഴ ആറില്‍ നിന്ന് ശേഖരിക്കുന്ന ജലം തൈക്കാട്ടുശേരി മാക്കേകടവിലെ പ്ലാന്‍ില്‍ ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരുത്. ഗുണനിലവാരം കുറഞ്ഞ പൈപ്പുകളാണ് പദ്ധതിയുടെ നിര്‍മാണത്തിന് ഉപയോഗിച്ചതെന്ന് ആദ്യം മുതലേ വിമര്‍ശനം ഉയര്‍ന്നിരുന്നുവെങ്കിലും ഉദ്യോഗസ്ഥ, രാഷ്ട്രീയ നേതാക്കള്‍ കരാറുകാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു.  

 മാക്കേകടവിലെ ശുദ്ധീകരണ ശാലയില്‍ മൂന്ന്് മോട്ടോറുകളാണ് പ്രവര്‍ത്തിപ്പിക്കേണ്ടത്. പ്രതിദിനം 107 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്രകാരം ശുദ്ധീകരിച്ച് വിതരണം ചെയ്യേണ്ടത്. മറവന്‍തുരുത്തിലെ പൈപ്പുകള്‍ മാറ്റി ലോഹ നിര്‍മിതമായവ സ്ഥാപിക്കുമെന്ന് ഭരണാധികാരികള്‍ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ല. കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതി ഉദ്ഘാടനം കഴിഞ്ഞ് ഏഴ് വര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല.

  384.28 കോടി രൂപയായിരുന്നു പദ്ധതിയുടെ ചേര്‍ത്തലയിലെ കരാര്‍ തുക. കണ്‍സള്‍ട്ടന്‍സി ഫീസിനത്തില്‍ മാത്രം 142.67 കോടി രൂപ ചെലവായതായി കണക്കുകള്‍ കാണിക്കുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.