പണിമൂലയില്‍ പതിനായിരങ്ങള്‍ പൊങ്കാല അര്‍പ്പിച്ചു

Wednesday 21 February 2018 2:00 am IST

 

പോത്തന്‍കോട്: പണിമൂല അമ്മയ്ക്ക് പതിനായിരങ്ങള്‍ പൊങ്കാല അര്‍പ്പിച്ചു. പ്രതിഷ്ഠാദിനമായ ഇന്നലെ രാവിലെ  ക്ഷേത്ര പരിസരത്തിന് ഇരുപത് ഏക്കറോളം ചുറ്റളവില്‍ പൊങ്കാല കലങ്ങള്‍ നിരന്നു. 9ന് പൊങ്കാല സമ്മേളനം സി. ദിവാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. 10.30ന് ശ്രീകോവിലില്‍ നിന്ന് തെളിച്ച ദീപത്തില്‍ നിന്ന് കതിന വെടികളുടെയും വായ്ക്കുരവകളുടെയും അകമ്പടിയോടെ ക്ഷേത്രനടയില്‍ പ്രത്യേകം തയ്യാറാക്കിയ പണ്ടാര അടുപ്പില്‍ മേല്‍ശാന്തി തെക്കേടംമന യോഗേഷ് നമ്പൂതിരി തീ പകര്‍ന്നു. തുടര്‍ന്ന് ക്ഷേത്രമൈതാനിയിലെ പതിനായിരക്കണക്കിന് അടുപ്പുകളിലും തീ തെളിഞ്ഞു. പണിമൂലഅമ്മയുടെ മന്ത്രോച്ചാരണങ്ങളാല്‍ മുഖരിതമായ ക്ഷേത്രപരിസരം യാഗശാലയായി മാറി. ഉച്ചയ്ക്ക് 1.30 ഓടെ പൊങ്കാല നിവേദ്യത്തിന് തുടക്കമായി.

  ജില്ലയിലെ എല്ലാ ഡിപ്പോകളില്‍ നിന്നും കെഎസ്ആര്‍ടിസി രാവിലെ മുതല്‍ പ്രത്യേക സര്‍വീസുകള്‍ നടത്തി. പോത്തന്‍കോട് സിഐ ഷാജിയുടെ നേതൃത്വത്തില്‍ സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ആരോഗ്യവകുപ്പ്, വാട്ടര്‍ അതോറിറ്റി, ഫയര്‍ഫോഴ്‌സ്, സേവാഭാരതി, പണിമൂല വിവേകാനന്ദ സേവാകേന്ദ്രം എന്നിവ ഭക്തര്‍ക്കായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരുന്നു. അന്നദാനത്തിനുള്ള സൗകര്യം ക്ഷേത്ര കമ്മിറ്റി ഒരുക്കിയിരുന്നു.

ക്ഷേത്രസെക്രട്ടറി ആര്‍. ശിവന്‍കുട്ടി നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ എം. രാജഗോപാലന്‍ നായര്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍, ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി കെ. വിജയകുമാര്‍, പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, ബ്ലോക്ക് പ്രസിഡന്റ് ഷാനിബ ബീഗം, കരമനജയന്‍, എം. ബാലമുരളി, പഞ്ചായത്ത് പ്രസിഡന്റ്  വേണുഗോപാലന്‍നായര്‍, രാധാദേവി, ആര്‍. ലതീഷ് കുമാര്‍, ഗിരിജകുമാരി, രാജീവ്, സി. ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.