വിസ തട്ടിപ്പുകേസില്‍ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പിടികിട്ടാപ്പുള്ളി പിടിയില്‍

Tuesday 20 February 2018 8:07 pm IST

 

ഇരിട്ടി: ഇരിട്ടി മേഖലയിലെ നിരവധി പേരില്‍ നിന്നും വിസ വാഗ്ദാനം ചെയ്തു ഒരു കോടിയിലേറെ തുക തട്ടിയെടുത്ത കേസില്‍ പിടികിട്ടാപ്പുള്ളിയായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതി ഉളിക്കല്‍ പോലീസ് പിടിയിലായി. അയ്യന്‍കുന്നിലെ ആനപ്പന്തി സെന്റ്ജൂഡ് നഗര്‍ സ്വദേശി കുന്നശ്ശേരി സെബാസ്റ്റ്യന്‍ എന്ന ഏലിയാസ് ബേബി (58) ആണ് പിടിയിലായത്. നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കവേ ദില്ലി വിമാനത്താവളത്തില്‍ വെച്ചാണ് ഉളിക്കല്‍ എസ്‌ഐ ശിവന്‍ ചോടോത്ത്, എഎഎസ്‌ഐമാരായ സുരേഷ്, മോഹന്‍ എന്നിവര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടിയത്. 

ഇരിട്ടി, പയ്യാവൂര്‍, കുടിയാന്മല, കരിക്കോട്ടക്കരി എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ നിരവധി കേസ്സുകള്‍ വര്ഷങ്ങളായി നിലനില്‍ക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കൂട്ട് പ്രതികളായ ഇദ്ദേഹത്തിന്റെ തന്നെ മകന്‍ ലിയോ സെബാസ്റ്റ്യന്‍, ചെറിയ അരീക്കാമല സ്വദേശി ആഞ്ചലോ എന്നിവരെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉളിക്കല്‍, പയ്യാവൂര്‍, ഇരിട്ടി, കുടിയാന്മല, ചെമ്പേരി, പൈസക്കരി, അരീക്കാമല തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് പരാതിക്കാര്‍. ഓസ്രേലിയ, ന്യൂസിലാന്റ്, കാനഡ എന്നിവിടങ്ങളില്‍ വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞാണ് പ്രതികള്‍ ഓരോ വ്യക്തികളില്‍ നിന്നും ലക്ഷക്കണക്കിന് തുക കൈക്കലാക്കിയത്. എന്നാല്‍ വിയറ്റ്‌നാമിലും മലേഷ്യയിലും മറ്റും ഇവരെ എത്തിച്ച് പ്രതികള്‍ മുങ്ങുകയായിരുന്നുവെന്നും ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വന്‍ വിസാ തട്ടിപ്പ് സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് സംശയിക്കുന്നതായും എസ്‌ഐ ശിവന്‍ ചോടോത്ത് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.